ആദ്യ ബസ് റെഡി; എസി ആകുന്നു കെഎസ്ആർടിസി സൂപ്പർഫാസ്റ്റ്, ഇനി ചൂട് സഹിക്കേണ്ട

Mail This Article
ചാലക്കുടി ∙ ചൂടും സഹിച്ചു ബസിൽ യാത്ര ചെയ്യുന്നവർക്ക് ഇതാ ആശ്വാസ വാർത്ത! കെഎസ്ആർടിസിയുടെ നിലവിലുള്ള സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകൾ എസി ആക്കുന്ന പദ്ധതിയിൽ ആദ്യ ബസ് അടുത്തയാഴ്ച പുറത്തിറങ്ങും. ഇതു വിജയകരമായാൽ ശേഷിച്ച ബസുകളും എസി സംവിധാനത്തിലേക്കു മാറ്റും.
നേരിട്ട് എൻജിനുമായി ബന്ധമില്ലാതെ, ഓൾട്ടർനേറ്ററുമായി ഘടിപ്പിച്ച 4 ബാറ്ററി ഉപയോഗിച്ചുപ്രവർത്തിക്കുന്ന ഹൈബ്രിഡ് എസി സംവിധാനമാണ് ചാലക്കുടി വെള്ളാഞ്ചിറയിലെ ഹെവി കൂൾ എന്ന കമ്പനിയിൽ ഒരുക്കുന്നത്. വാഹനം സ്റ്റാർട്ട് ചെയ്യാതെയും എസി പ്രവർത്തിപ്പിക്കാം. എസി പ്രവർത്തിപ്പിച്ചാലും ഇന്ധനച്ചെലവു കാര്യമായി കൂടില്ല.

ഒരു ബസിൽ എസി ഒരുക്കാൻ 6 ലക്ഷം രൂപയ്ക്കടുത്താണു ചെലവ്. ബസിന്റെ ഉൾഭാഗം പൂർണമായും പുതുതായി പ്ലൈവുഡ്, മാറ്റ് എന്നിവ ഉപയോഗിച്ച് ഇൻസുലേഷൻ ഒരുക്കും. എയർ ഡക്ട് എല്ലാ സീറ്റുകളിലെയും യാത്രക്കാർക്കു തണുപ്പു ലഭിക്കാവുന്ന രീതിയിലാണു ക്രമീകരിക്കുന്നത്. നിന്നു യാത്ര ചെയ്യുന്നവർക്കായി സീലിങ്ങിൽ എസി വെന്റുണ്ടാകും.

നേരത്തെ ട്രക്കുകളിൽ നടപ്പാക്കി വിജയിച്ചതിന്റെ അനുഭവവുമായാണു ഹെവി കൂൾ കമ്പനി കെഎസ്ആർടിസി ബസിൽ പരിഷ്കാരം വരുത്തുന്നത്. വാഹനം ഓഫ് ചെയ്തു 10 മണിക്കൂറിലേറെ എസി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞതു ദീർഘദൂര യാത്രകളിൽ ട്രക്ക് ഡ്രൈവർമാർക്ക് ഉറങ്ങാനും വിശ്രമത്തിനും വലിയ സഹായമായിട്ടുണ്ടെന്നു കമ്പനി പറയുന്നു.
ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business