പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലേ? ഇനി ഈ സംസ്ഥാനത്തെ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ല

Mail This Article
വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പൊലൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് (പിയുസി) ഇല്ലാത്ത വാഹനങ്ങൾക്ക് ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ നിന്ന് ഏപ്രിൽ ഒന്നുമുതൽ ഇന്ധനം ലഭിക്കില്ല. കൂടാതെ പത്തു വർഷത്തിൽ അധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിൽ അധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ഇന്ധനം നൽകുന്നതിൽ നിന്നും പമ്പുകളെ ഡൽഹി സർക്കാർ വിലക്കിയിട്ടുണ്ട്.
നേരത്തെ തന്നെ 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും ഡൽഹി എൻസിആർ പ്രദേശത്ത് ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. ഇതു കൂടുതൽ കർശമാക്കുന്നതിന്റെ ഭാഗമായാണ് ഏപ്രിൽ 1 മുതൽ പുതിയ നയം നിലവിൽ വരുന്നത്. പഴയ വാഹനങ്ങളും പിയുസി ഇല്ലാത്ത വാഹനങ്ങളും തിരിച്ചറിയുന്നതിനുള്ള ഓട്ടമാറ്റിക്ക് നമ്പർ പ്ലേറ്റ് റെക്കഗ്നീഷൻ ഉപകരണങ്ങൾ പമ്പുകളിൽ സ്ഥാപിച്ചെന്നാണ് ഡൽഹി പെട്രോൾ ഡീലേഴ്‌സ് അസോസിയേഷൻ പറയുന്നത്.
ഗതാഗത വകുപ്പിന്‍റെ ഡാറ്റാബേസുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ സാങ്കേതിക വിദ്യ പെട്രോൾ പമ്പിലെ വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് വായിക്കുകയും അതിന്‍റെ കാലപ്പഴക്കം തിരിച്ചറിയുകയും ചെയ്യും. വാഹനം കാലഹരണപ്പെട്ടതാണെങ്കിൽ പെട്രോൾ പമ്പില്‍ അലര്‍ട്ട് ലഭിക്കും. ഇതോടൊപ്പം ഡൽഹി ഗതാഗത വകുപ്പിനും അറിയിപ്പ് അയയ്ക്കും. ഇതിന്‍റെ അടിസ്ഥാനത്തിൽ വാഹന ഉടമയ്‌ക്കെതിരെ വകുപ്പ് നടപടിയുമുണ്ടാകുമെന്നാണ് സർക്കാർ അറിയിക്കുന്നത്.