ആർത്തവ വേദന അകറ്റാൻ പൈനാപ്പിള്‍ നല്ലത്, ഈ രീതികൾ പരീക്ഷിച്ചു നോക്കൂ

Mail This Article
ആര്‍ത്തവ കാലത്തെ വേദനയും അസ്വസ്ഥതയും മൂലം വിഷമിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. ഡിസ്മെനോറിയ എന്നാണ് ആർത്തവ വേദനയുടെ മറ്റൊരു പേര്. ആർത്തവത്തിന് തൊട്ടു മുൻപോ ആർത്തവ സമയത്തോ വേദന വരാം. അടിവയർ, പുറം, തുടകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം വേദന വരാം. ആർത്തവ വേദനയോടൊപ്പം മൂഡ്സ്വിങ്ങ്സ്, തലവേദന, ബ്ലോട്ടിങ്ങ് എന്നിവയും വരാം. സ്വാഭാവിക മാർഗങ്ങളിലൂടെ ആർത്തവ വേദന നിയന്ത്രിക്കാൻ സാധിക്കും. വേദന കുറയ്ക്കാൻ ഹോട്ട് വാട്ടർ ബാഗ് വേദനയുള്ള സ്ഥലത്ത് അമർത്തിവയ്ക്കുന്നത് നല്ലതാണ്. ആർത്തവത്തിന് ഒരാഴ്ച മുൻപേ ധാരാളം പൈനാപ്പിൾ കഴിക്കുന്നത് ആർത്തവവേദന കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോ. കുനാൽ സൂദ് പറയുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയിലൂടെയാണ് ഡോക്ടർ ഇത് വ്യക്തമാക്കുന്നത്.
പൈനാപ്പിൾ ആർത്തവവേദന കുറയ്ക്കുന്നത് എങ്ങനയെന്നല്ലേ?
പൈനാപ്പിളിൽ ബ്രോമെലെയ്ൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ഇൻഫ്ലമേഷനും വീക്കവും കുറയ്ക്കാൻ സഹായിക്കും. പേശികൾക്കുണ്ടാകുന്ന പരുക്കുകൾ ഭേദമാക്കാനും ബ്രോമെലെയ്ൻ സഹായിക്കും. പൈനാപ്പിളിൽ വൈറ്റമിൻ സി, മാംഗനീസ് തുടങ്ങിയവ ധാരാളമുണ്ട്. ഇവ രണ്ടും ആർത്തവകാലത്തെ ഓക്സീകരണ സമ്മർദം കുറയ്ക്കാൻ സഹായിക്കും. പൈനാപ്പിൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പല മാർഗങ്ങളുണ്ട്.

∙ പൈനാപ്പിൾ ജ്യൂസ്
ആർത്തവ വേദന അകറ്റാൻ പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നതിലൂടെ സാധിക്കും. പഞ്ചസാരയോ മറ്റ് പ്രിസർവേറ്റീവുകളോ ചേർക്കാതെ ഫ്രഷ് ആയ പൈനാപ്പിൾ ജ്യൂസ് തന്നെ കുടിക്കാൻ ശ്രദ്ധിക്കണം. വൈറ്റമിൻ സി അധികം ലഭിക്കാൻ ഇതിൽ കുറച്ച് നാരങ്ങാ നീരും ചേർക്കാം.
∙ പൈനാപ്പിൾ കഷണങ്ങൾ
ദിവസവും ഫ്രഷ് ആയ പൈനാപ്പിൾ മുറിച്ച് ചെറിയ കഷണങ്ങളാക്കി കഴിക്കാം. വൈറ്റമിനുകൾ, ആന്റി ഓക്സിഡന്റുകള്‍, ബ്രോമെലെയ്ൻ ഇവ അടങ്ങിയതിനാൽ ഇൻഫ്ലമേഷനും ആർത്തവവേദനയും കുറയ്ക്കാൻ സഹായിക്കും.
∙ പൈനാപ്പിള്‍ സ്മൂത്തി
പൈനാപ്പിൾ സ്മൂത്തി ആക്കി കഴിക്കുന്നത് ആരോഗ്യകരമാണ്. പൈനാപ്പിളിനൊപ്പം വാഴപ്പഴം, ബെറിപ്പഴങ്ങൾ, മാമ്പഴം ഇവയും ഒപ്പം ചീരപോലുള്ള ഇലവർഗങ്ങളും ചേർക്കാവുന്നതാണ്. ആർത്തവ വേദന അകറ്റുന്നതോടൊപ്പം ഊർജമേകാനും ഇത് സഹായിക്കും.

∙ പൈനാപ്പിള്‍ ടീ
ആർത്തവ സമയത്ത് കുടിക്കാൻ പറ്റിയ ഒരു പാനീയമാണിത്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതോടൊപ്പം വേദനയും അസ്വസ്ഥതയും അകറ്റാനും സഹായിക്കുന്നു. ഒന്നോ രണ്ടോ ഗ്ലാസ് വെള്ളത്തിലേക്ക് കുറച്ച് പൈനാപ്പിൾ കഷണങ്ങൾ ചേർക്കുക. പത്തു മുതൽ പതിനഞ്ചു മിനിറ്റു വരെ ഇത് ചെറു തീയിൽ ചൂടാക്കുക. അരിച്ചശേഷം തേനോ കറുവാപ്പട്ടയോ ചേർത്ത് ഈ പൈനാപ്പിൾ ടീ കുടിക്കാം.