വെള്ളം ചൂടോടെ കുടിക്കുന്നതാണോ നല്ലത്? ഏത് സമയത്ത് കുടിച്ചാലാണ് കൂടുതൽ ഗുണം? അറിയാം

Mail This Article
ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഗുണഫലങ്ങൾ ലഭിക്കാൻ വെള്ളം ഏതു സമയത്ത് കുടിക്കണം എന്നതും പ്രധാനം തന്നെ. ഉണർന്നെണീറ്റയുടൻ വെള്ളം കുടിക്കുന്നതിന് ആരോഗ്യഗുണങ്ങൾ ഏറെയാണ്. അതുപോലെ തന്നെയാണ് തണുത്ത വെള്ളത്തിനു പകരം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. ചൂടുവെള്ളം ഏതു സമയത്തും കുടിക്കാം എന്നാൽ ഉണർന്നയുടൻ ചൂടുവെള്ളം കുടിക്കുന്നതാണ് കൂടുതൽ ഗുണകരം. ദഹനം മെച്ചപ്പെടുത്തുന്നതോടൊപ്പം ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാനും ജലാംശം നിലനിർത്താനും ഉന്മേഷം നൽകാനും ചൂടുവെള്ളം സഹായിക്കും. 54 മുതൽ 71 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുള്ള വെള്ളമേ കുടിക്കാവൂ എന്ന് വിദഗ്ധർ. താപനില ഇതിലും കൂടിയാൽ പൊള്ളൽ ഉണ്ടാകും.
ഗുണങ്ങൾ
. കൺജഷൻ കുറയ്ക്കുന്നു
ചൂടുവെള്ളത്തിന്റെ ആവി ശ്വസിക്കുന്നത് അടഞ്ഞ സൈനസിനെ തുറപ്പിക്കുന്നു ഒപ്പം സൈനസ് തലവേദനയില്‍ നിന്ന് ആശ്വാസം നൽകുന്നു. ചൂടുവെള്ളം കുടിക്കുന്നത് മ്യൂക്കസ് സ്തരങ്ങളെയും സൈനസിനെയും തൊണ്ടയെയും ചൂടാക്കാനും തൊണ്ടവേദന അകറ്റാനും സഹായിക്കുന്നു. ചായ പോലുള്ള ചൂട് പാനീയങ്ങൾ മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, ക്ഷീണം ഇവയിൽ നിന്നെല്ലാം പെട്ടെന്ന് ആശ്വാസം നൽകാൻ സഹായിക്കും.
. അചലാസിയയിൽ നിന്ന് ആശ്വാസം
അന്നനാളത്തിലെ പേശികളെ ബാധിക്കുന്ന ഒരു അപൂർവ രോഗമാണ് അചലാസിയ (Achalasia) വിഴുങ്ങാൻ പ്രയാസം ഉണ്ടാക്കുന്ന അവസ്ഥയാണിത്. ഭക്ഷണം തൊണ്ടയിൽ നിന്ന് ഇറങ്ങാന്‍ പ്രയാസം അനുഭവപ്പെട്ടാൽ ഒരു കപ്പ് ചൂടുവെള്ളം കുടിച്ചാൽ ആശ്വാസം ലഭിക്കും.

. ദഹനത്തിന് സഹായകം
ദഹനം എളുപ്പമാക്കാൻ ചൂടുവെള്ളം സഹായിക്കും. വയറിലൂടെയും കുടലിലൂടെയും ചൂടുവെള്ളം നീങ്ങുമ്പോള്‍ മലിനവസ്തുക്കളെ നീക്കം ചെയ്യാനും ശരീരത്തിനു സഹായകമാണ്. ഭക്ഷണം ദഹിപ്പിക്കാൻ ശരീരത്തെ ആക്റ്റിവേറ്റ് ചെയ്യാൻ ചൂടുവെളളത്തിനു കഴിയും. കുടലിന്റെ ചലനങ്ങൾക്കും സർജറിക്കു ശേഷം വായുവിനെ പുറത്തു കളയാനും ചൂടുവെള്ളം സഹായിക്കും എന്ന് പഠനങ്ങൾ പറയുന്നു.
. മലബന്ധം അകറ്റുന്നു
നിർജലീകരണമാണ് മലബന്ധത്തിന് ഒരു കാരണം. ധാരാളം വെളളം കുടിക്കുന്നതു വഴി മലബന്ധം അകറ്റാൻ കഴിയും. ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് വിസർജ്യങ്ങള്‍ എളുപ്പത്തിൽ പുറത്തു പോകാൻ സഹായിക്കുന്നു. പതിവായി ചൂടുവെള്ളം കുടിക്കുന്നത് ബവൽമൂവ്മെന്റ് സുഗമമാക്കും.
. രക്തചംക്രമണം മെച്ചപ്പെടുത്തും
ആരോഗ്യകരമായ രക്തചംക്രമണം രക്തസമ്മർദത്തെ മുതൽ ഹൃദ്രോഗത്തെ വരെ ബാധിക്കും. ചൂടുവെള്ളം കുടിക്കുന്നത് രക്തചംക്രമണം സുഗമമാക്കും. ചൂടുവെള്ളം കുടിക്കുന്നത് സുരക്ഷിതവും ശരീരത്തിൽ ദിവസം മുഴുവൻ ജലാംശം നിലനിർത്താൻ സഹായകവുമാണ്. രാവിലെ ചൂടുവെള്ളം കുടിച്ച് ദിവസം തുടങ്ങാം. ചായയോ കാപ്പിയോ കുടിക്കാത്തവരാണെങ്കിൽ ചൂടുവെള്ളത്തിൽ നാരങ്ങയോ ഓറഞ്ചല്ലിയോ േചർത്തും കുടിക്കാം.