ചെറുപ്പം നിലനിർത്തും, ശരീരഭാരം കുറയും; ദിവസവും പഴങ്ങൾ കഴിച്ചാൽ ഗുണങ്ങൾ ഇത്രയധികമോ?

Mail This Article
പഴങ്ങൾ ആരോഗ്യഗുണങ്ങളുടെ കലവറയാണ്. വൈറ്റമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയും ആരോഗ്യവും സൗഖ്യവുമേകുന്ന നിരവധി സംയുക്തങ്ങളും പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഒന്നര മുതൽ രണ്ടു കപ്പ് വരെ പഴങ്ങൾ കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. ദിവസവും പഴങ്ങൾ കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍ എന്തൊക്കെ എന്നറിയാം.
ശരീരഭാരം കുറയ്ക്കും
കാലറി വളരെ കുറവും നാരുകൾ (fiber) ധാരാളവും അടങ്ങിയിട്ടുള്ളതിനാൽ ദിവസവും പഴങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കും. ഏറെ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ചെയ്യും. നാരുകൾ ധാരാളമടങ്ങിയ, എന്നാൽ പഞ്ചസാര കുറച്ചു മാത്രമടങ്ങിയ പാഷൻ ഫ്രൂട്ട്, റാസ്പ്ബെറി, ബ്ലാക്ക്ബെറി, മാതളം തുടങ്ങിയ പഴങ്ങൾ പതിവായി കഴിക്കുന്നത് പൊണ്ണത്തടി കുറയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. 26000 പേരിൽ നടത്തിയ ഒരു പഠനത്തിൽ, പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും എന്ന് കണ്ടു. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ ആണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

ചെറുപ്പം നിലനിർത്തും
വ്യത്യസ്ത നിറങ്ങളിലുള്ള പലതരം പഴങ്ങൾ കഴിക്കുന്നത് ചെറുപ്പം നിലനിർത്താൻ സഹായിക്കും. പഴങ്ങളിലടങ്ങിയ ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും. പഴങ്ങളുടെ നിറങ്ങൾക്കും അവയുടെ ആരോഗ്യഗുണങ്ങൾക്കും പിന്നിൽ ഈ ആന്റിഓക്സിഡന്റുകളാണ്. ആന്റിഓക്സിഡന്റുകൾ ധാരാളമടങ്ങിയ ബെറിപ്പഴങ്ങൾ, ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കും. നാരകഫലത്തിൽപ്പെട്ട ഓറഞ്ചും ഇത്തരത്തില്‍ ആരോഗ്യഗുണങ്ങളേകും.
രോഗപ്രതിരോധശക്തി വർധിപ്പിക്കും
പോഷകങ്ങൾ ധാരാളം അടങ്ങിയതിനാൽ ഒരു ബൗൾ നിറയെ പഴങ്ങൾ പതിവായി കഴിക്കുന്നത് നിരവധി ഗുരുതര രോഗങ്ങളിൽ നിന്ന് സംരക്ഷണമേകും. പഴങ്ങളിൽ വൈറ്റമിനുകൾ, ധാതുക്കൾ, ആന്റിഓകിസിഡന്റുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ ഇവ ധാരാളമുണ്ട്. ഇവ രോഗപ്രതിരോധശക്തി വർധിപ്പിക്കും. ദിവസവും പഴങ്ങൾ കഴിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കും. കൂടാതെ രക്തസമ്മർദം കുറയ്ക്കുകയും ചിലയിനം കാൻസറുകൾ വരാതെ തടയുകയും ചെയ്യാൻ പഴങ്ങൾക്കു കഴിയും.
ഉദരാരോഗ്യം മെച്ചപ്പെടുത്തും
പഴങ്ങളിൽ അടങ്ങിയ നാരുകൾ ഉദരാരോഗ്യം മെച്ചപ്പെടുത്തും. ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാനും പ്രയോജനകാരികളായ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടാനും പഴങ്ങൾ സഹായിക്കും. ഭക്ഷ്യനാരുകൾ അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് മലബന്ധം അകറ്റുകയും ദഹനപ്രശ്നങ്ങൾ വരാതെ തടയുകയും ചെയ്യും. പഴങ്ങളിലടങ്ങിയ നാരുകൾ ഏറെ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കും.

തിളക്കമുള്ള ചർമം
ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ പതിവായി പഴങ്ങൾ കഴിക്കുന്നത് ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ശക്തിയേറിയ ആന്റിഓക്സിഡന്റുകൾ പഴങ്ങളിൽ അടങ്ങിയതിനാൽ ഇത് ചർമത്തിലെ കോശങ്ങൾക്ക് ക്ഷതം വരാതെ സംരക്ഷിക്കുന്നു. ഇൻഫ്ലമേഷൻ കുറയ്ക്കുകയും ഫ്രീറാഡിക്കലുകളിൽ നിന്ന് സംരക്ഷണമേകുകയും ചെയ്യുന്നു.
ശരീരത്തില്‍ ജലാംശം നിലനിർത്തുന്നു
മിക്ക പഴങ്ങളിലും ജലാംശം ധാരാളമുണ്ട്. ഇത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ചില പഴങ്ങളിൽ ധാരാളം ജലം അടങ്ങിയിട്ടുമുണ്ട്. ഇത്തരത്തിലൊന്നാണ് തണ്ണിമത്തൻ. ഒരു കപ്പ് തണ്ണിമത്തനിൽ അര കപ്പ് വെള്ളം അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ നാരുകൾ, വൈറ്റമിനുകൾ, ധാതുക്കൾ തുടങ്ങിയവയും തണ്ണിമത്തനിലുണ്ട്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതു വഴി ആരോഗ്യഗുണങ്ങൾ ധാരാളം ലഭിക്കും. ദഹനത്തിനു സഹായിക്കുക മാത്രമല്ല പോഷകങ്ങളെ കോശങ്ങളിലെത്തിക്കുന്നതോടൊപ്പം രക്തസമ്മർദവും ഹൃദയമിടിപ്പിന്റെ നിരക്കും സാവധാനത്തിലാക്കാനും ഇത് സഹായിക്കും.