കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും പാനീയങ്ങൾ; എളുപ്പമാണ്, വീട്ടിലുള്ള ചേരുവകൾ മാത്രം മതി!

Mail This Article
ശരീരത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുക, കൊഴുപ്പിനെ വിഘടിപ്പിക്കുക, ദഹനം സുഗമമാക്കുക തുടങ്ങി നിരവധി ജോലികൾ കരളിനുണ്ട്. വറുത്ത ലഘുഭക്ഷണങ്ങൾ, വീക്കെൻഡ് പാർട്ടികൾ, സമ്മർദം തുടങ്ങി ഇന്നത്തെ ജീവിതശൈലി പലപ്പോഴും കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണ്. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില പാനീയങ്ങൾ ഉണ്ട്. ഇവ ദിവസവും രാവിലെ കുടിക്കുന്നത് ഏറെ ഗുണകരമാണ്.
∙ ചൂട് നാരങ്ങാവെള്ളം
ഇളംചൂട് നാരങ്ങാവെള്ളം രാവിലെ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തും, പിത്തരസത്തിന്റെ ഉൽപാദനത്തിന് സഹായിക്കും. കരളിലെ വിഷാംശങ്ങളെ നീക്കാനും സഹായിക്കും. നാരങ്ങയിലടങ്ങിയ വൈറ്റമിൻ സി യും ആന്റിഓക്സിഡന്റുകളും കരളിനെ ക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കും. അരമുറി നാരങ്ങ ഇളംചൂടുവെള്ളത്തിൽ പിഴിഞ്ഞ് അൽപാൽപമായി കുടിക്കാം.
∙ നെല്ലിക്ക ജ്യൂസ്
കരളിന്റെ ആരോഗ്യത്തിന് നെല്ലിക്ക സഹായിക്കും. നെല്ലിക്കയിൽ വൈറ്റമിൻ സി ധാരാളമുണ്ട്. ഇത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും. ഉപദ്രവകാരികളായ വിഷപദാർഥങ്ങളെ നീക്കാനും ഇത് സഹായിക്കും. രാവിലെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കരളിനെ ആരോഗ്യമുള്ളതാക്കും. ദഹനം മെച്ചപ്പെടുത്തും. നെല്ലിക്കയ്ക്കൊപ്പം കുറച്ച് വെള്ളവും തേനും ചേര്‍ത്തരച്ച് ജ്യൂസ് തയാറാക്കാം.

∙ മഞ്ഞൾച്ചായ
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഒന്നാണ് മഞ്ഞൾ, ചൂടുവെള്ളത്തിലോ ചായയിലോ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുന്നത് കരളിലെ കോശങ്ങളുടെ കേടുപാടുകൾ തീർക്കാനും പിത്തരസത്തിന്റെ ഉൽപാദനത്തിനും സഹായിക്കും. കുറച്ച് കുരുമുളക് കൂടി ചേർത്താൽ ഗുണങ്ങളേറും.
∙ ബീറ്റ്റൂട്ട് ജ്യൂസ്
ആന്റിഓക്സിഡന്റുകളും നൈട്രേറ്റുകളും അടങ്ങിയ ബീറ്റ്റൂട്ട് കരളിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. രക്തചംക്രമണം മെച്ചപ്പെടുത്താനും ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാനും ഇത് സഹായിക്കും. രാവിലെ ഒരു ഗ്ലാസ്സ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് വിഷാംശങ്ങളെ നീക്കി കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും. ബീറ്റ്റൂട്ടിനൊപ്പം ഇഞ്ചിയും ചേർത്ത് ജ്യൂസ് ആക്കാം.

∙ കാരറ്റ് ജ്യൂസ്
ബീറ്റാ കരോട്ടിനും ഫ്ലേവനോയ്ഡുകളും അടങ്ങിയ ഒരു കാരറ്റ് കരളിനെ വിഷാംശങ്ങളിൽ നിന്നും ഓക്സീകരണ സമ്മര്‍ദത്തിൽ നിന്നും സംരക്ഷിക്കുന്നു. കരളിലെ എൻസൈമുകളുടെ പ്രവര്‍ത്തനവും ആരോഗ്യവും മെച്ചപ്പെടുത്താൻ രാവിലെ കാരറ്റ് ജ്യൂസ് കുടിക്കുന്നതിലൂടെ സാധിക്കും. രുചി കൂട്ടാൻ കാരറ്റിനൊപ്പം അൽപം ഇഞ്ചിയും നാരങ്ങയും ചേർക്കാം.
∙ ഗ്രീൻടീ
രാവിലെ ഗ്രീൻടീ കുടിക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഗ്രീൻടീയിൽ ശക്തിയേറിയ ആന്റിഓക്സിഡന്റുകളായ കറ്റേച്ചിനുകൾ ഉണ്ട്. ഇവ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാതെയും ഇൻഫ്ലമേഷൻ ഉണ്ടാകാതെയും സംരക്ഷിക്കുന്നു. പഞ്ചസാര ചേർക്കാതെ ഗ്രീൻ ടീ കുടിക്കുമ്പോഴാണ് മികച്ച ഫലം ലഭിക്കുന്നത്.
∙ കറ്റാർവാഴ ജ്യൂസ്
ചർമത്തിനു മാത്രമല്ല, കരളിനും കറ്റാർവാഴ നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാൻ സഹായിക്കുകയും ചെയ്യും. കറ്റാർവാഴയുടെ പൾപ്പിനൊപ്പം അൽപം വെളളവും തേനും ചേർത്ത് പാനീയം തയാറാക്കാം.

∙ മല്ലിവെള്ളം
മല്ലിവെള്ളം, കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അമിതമായ പിത്തരസത്തിന്റെ ഉൽപാദനത്തെ കുറയ്ക്കാൻ മല്ലി സഹായിക്കും ഒപ്പം ഭക്ഷണം മെച്ചപ്പെടുത്താനും വിഷാംശങ്ങളെ നീക്കാനും സഹായിക്കുന്നു. തലേന്ന് രാത്രി വെള്ളത്തിൽ കുതിർത്ത മല്ലി, പിറ്റേന്നു രാവിലെ വെള്ളമൊഴിച്ച് തിളപ്പിച്ച് ചൂടോടെ കുടിക്കാവുന്നതാണ്.
∙ പപ്പായ ഇല ജ്യൂസ്
കരളിന്റെ പ്രവർത്തനത്തിനും വിഷാംശങ്ങളെ നീക്കാനും സഹായിക്കുന്ന എൻസൈമുകൾ പപ്പായ ഇലയിലുണ്ട് പപ്പായ ഇലച്ചാറ് ചെറിയ അളവിലെടുത്ത് വെള്ളമൊഴിച്ച് നേർപ്പിച്ച് രാവിലെ കുടിക്കുന്നത് കരളിന്റെ ആരോഗ്യം വർധിപ്പിക്കാനും ഇൻഫ്ലമേഷൻ കുറയ്ക്കാനും സഹായിക്കും.
∙ വീറ്റ് ഗ്രാസ് ജ്യൂസ്
മുളപ്പിച്ച് ഗോതമ്പ് പുല്ല് ജ്യൂസ് പോഷകങ്ങളുടെ കലവറയാണ്. ഇത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും. ഇതിൽ ക്ലോറോഫിൽ ധാരാളമുണ്ട്. ഇത് വിഷാംശങ്ങളെ നീക്കാൻ സഹായിക്കും. രാവിലെ വീറ്റ്ഗ്രാസ് ജ്യൂസ് കുടിക്കുന്നത് കരളിന്റെ ആരോഗ്യം വർധിപ്പിക്കും.