അനിയനെ ഇല്ലാതാക്കാൻ കുടിവെള്ളത്തിൽ മരുന്ന് കലക്കിയ ചേച്ചി; സഹോദരങ്ങൾ തമ്മിലുള്ള വിദ്വേഷത്തിന്റെ കാരണം?

Mail This Article
12 വയസ്സുള്ള വിദ്യ നിസംഗതയോടെയാണ് എന്റെ മുൻപിൽ ഇരുന്നത്. അവിശ്വസനീയമായ ഒരു കഥയാണ് മാതാപിതാക്കൾക്ക് പറയാനുണ്ടായിരുന്നത്. തന്റെ അനിയനെ അപായപ്പെടുത്താനായി അവൾ 10 ക്യാപ്സ്യൂളുകൾ തുറന്ന് മരുന്ന് അവന്റെ വാട്ടർ ബോട്ടിലിൽ കലക്കിയത്രെ. വെള്ളത്തിന്റെ നിറവ്യത്യാസവും കൈപ്പും കാരണം അവൻ അധികം വെള്ളം കുടിക്കാതിരുന്നതിനാൽ ഒരുഅപകടത്തിൽ നിന്നും ഒഴിവായി. അനുജൻ ജനിക്കുന്നത് വരെ വിദ്യ നല്ല പ്രസരിപ്പുള്ള കുട്ടിയായിരുന്നു. തന്റെ ക്ലാസിലെ നല്ലൊരു കുട്ടിയെന്ന് അവളുടെ അധ്യാപകരും മുൻകാലത്ത് സാക്ഷ്യപ്പെടുത്തിയിരുന്നു. അതിനുശേഷം അവളിൽ പ്രകടമായ മാറ്റം വന്നു തുടങ്ങി. ഉൾവലിഞ്ഞു ഒരു പ്രസരിപ്പ് ഇല്ലാത്ത, അമിതമായി പൊട്ടിത്തെറിക്കുന്ന, ഒന്നിനോടും താല്പര്യമില്ലാത്ത മട്ടും പ്രകൃതവും. ചെറുപ്രായം മുതൽ തന്നെ അവൾ തന്റെ അനുജനെ ഉപദ്രവിക്കുകയായിരുന്നു. അവളെ അറിയാവുന്ന അധ്യാപകർ പലതവണ ഒരു മനോരോഗ വിദഗ്ധനെ കാണിക്കണമെന്ന് നിർദ്ദേശിച്ചെങ്കിലും മാതാപിതാക്കൾ അത് കാര്യമായി എടുത്തില്ല. എന്നാൽ അനിയന്റെ ക്ലാസ് ടീച്ചർ ഫോൺ വിളിച്ചു എത്രയും വേഗം സ്കൂളിൽ എത്തണമെന്ന് അറിയിച്ചപ്പോഴാണ് മകളുടെ കടുംകൈ മാതാപിതാക്കൾ മനസ്സിലാക്കിയത്. വീട്ടിലെത്തി ഡെസ്ബിൻ പരിശോധിച്ചപ്പോളാണ് ഒഴിഞ്ഞ ക്യാപ്സൂളുകൾ കണ്ടെത്താനായത് .
സഹോദരങ്ങൾ തമ്മിലുള്ള വിദ്വേഷം ചരിത്രാതീതകാലം മുതൽക്കേ നിലനിൽക്കുന്ന ഒന്നാണ്. എന്താണ് ഇതിന്റെ കാരണം എന്ന് നമുക്ക് മനസ്സിലാക്കേണ്ടതുണ്ട്. പുതുതായി ഒരു കുട്ടി ഒരു കുടുംബത്തിൽ ജനിക്കുമ്പോൾ മാതാപിതാക്കൾ നൽകുന്ന അമിതമായ പരിഗണന മാത്രമാണോ അതിനു കാരണം? മറ്റു മൃഗങ്ങളെ അപേക്ഷിച്ച് തീർത്തും നിസ്സഹായരായാണ് മനുഷ്യർ പിറന്നുവീഴുന്നത്. വളരെയേറെ ശ്രദ്ധയും കരുതലും പിന്തുണയും ആവശ്യമുള്ള കാലഘട്ടമാണ് മനുഷ്യന്റെ കുട്ടിക്കാലം. സ്വാഭാവികമായും ഇത് മൂത്ത കുട്ടികളെ ബാധിക്കുക തന്നെ ചെയ്യും. ഇത് മുൻകൂട്ടി കണ്ടുകൊണ്ട് പ്രവർത്തിക്കാത്ത മാതാപിതാക്കളാണ് പലരും. കുഞ്ഞുങ്ങളെ ശ്രദ്ധിക്കേണ്ട ചുമതല ആധുനിക യുഗത്തിൽ മാതാപിതാക്കളിൽ മാത്രം നിക്ഷിപ്തമായ ഒന്നായി തീർന്നിരിക്കുന്നു. പ്രത്യേകിച്ച് അവർ ഇരുവരും തൊഴിൽ ചെയ്യുന്നവരാകുമ്പോൾ മൂത്ത കുട്ടികൾക്ക് കിട്ടേണ്ട പരിഗണന പലപ്പോഴും ലഭിച്ചെന്ന് വരികയില്ല.
എന്താണ് പരിഹാരം ?
1 പ്ലാനിങ് വേണം
ഒരു കുട്ടി കൂടി വേണമെന്ന് തീരുമാനിക്കുമ്പോൾ മുതൽ മൂത്ത കുട്ടികളെ പുതിയൊരു അതിഥി കൂടി വരുന്നതിനെ കുറിച്ച് അവരുടെ അഭിപ്രായം തേടണം. തങ്ങൾക്ക് എക്കാലത്തേക്കുമുള്ള ഒരു സമ്മാനമായിട്ടാകണം കുഞ്ഞുങ്ങളെ അവർക്ക് ബോധ്യപ്പെടുത്തി കൊടുക്കുവാൻ. നിങ്ങൾക്ക് കളിക്കുവാനും കൂട്ടുകൂടുവാനും സ്നേഹിക്കുവാനും പങ്കുവയ്ക്കുവാനുമുള്ള ഒരു കൂട്ടാളിയാണ് വരുന്നത് എന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം. മിക്കപ്പോഴും കുട്ടികൾ ഒരു കൂടപ്പിറപ്പിനെ വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു എന്നു വരാം. ആദ്യമൊക്കെ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ട്, അതുകൊണ്ട് അവരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കാത്തിരിപ്പിനായി നമുക്ക് ഒരുങ്ങാം.

2 പക്ഷഭേദമരുത്
കുട്ടികൾ വളർന്നു വരുമ്പോൾ അവർ തമ്മിൽ തർക്കങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. അതിനെ പക്ഷം പിടിച്ചു മാതാപിതാക്കൾ പെരുമാറുകയല്ല വേണ്ടത് പിന്നെയോ ഇരുവരുടെയും ഭാഗം കേട്ട് നീതിപൂർവ്വം പ്രവർത്തിക്കുകയാണ് വേണ്ടത്. പല സഹോദരങ്ങൾ തമ്മിലുള്ള കലഹങ്ങൾ മൂത്ത് വലിയ വഴക്കുകളായി പിൽക്കാലത്ത് തീരാറുള്ളതിന് ചെറിയ പ്രായത്തിലെ പക്ഷഭേദം ഒരു കാരണം തന്നെയാണ്. സ്നേഹം പങ്കുവെക്കുമ്പോൾ അത് ഇരട്ടിക്കുകയാണ് വേണ്ടത് അല്ലാതെ ഒരുവനിൽ വിദ്വേഷമുണ്ടാകുന്ന വിധമാകരുത് എന്ന് സാരം. പല വീടുകളിലും മാതാപിതാക്കൾക്ക് ചില മക്കളോട് സ്നേഹം കൂടുതൽ ഉണ്ടാകാറുണ്ട്. അത്തരം സ്നേഹം പലപ്പോഴും നീതി നിഷേധമായി തീരാറുമുണ്ട്. ഒരാൾക്ക് താൻ അർഹിക്കുന്ന നീതി ലഭിച്ചില്ല എന്ന തോന്നലാണ് പലപ്പോഴും അവരിൽ വൈരാഗ്യ ബുദ്ധി ഉണ്ടാക്കുന്നത് എന്ന് മറന്നുകൂടാ. ചെറുപ്പം മുതലേ കുട്ടികളെ സ്നേഹിക്കുവാനും പങ്കുവയ്ക്കുവാനും സഹകരിക്കുവാനും പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ് എന്ന് മറക്കരുത്.
3 ജനാധിപത്യബോധം
മക്കൾക്ക് എല്ലാവർക്കും ആ വീട്ടിൽ ഒരേ സ്ഥാനമാണ് ഉള്ളതെന്ന് മാതാപിതാക്കൾ കുട്ടികളെ ബോധ്യപ്പെടുത്തേണ്ടത് തന്നെയാണ്. പ്രായലിംഗ വ്യത്യാസം കൂടാതെ എല്ലാവർക്കും തുല്യ അവകാശം. ഒരു പലഹാരം പങ്കു വയ്ക്കുന്നതിൽ പോലും ഇത്തരത്തിൽ ആകണം എന്ന നിഷ്കർഷ മാതാപിതാക്കൾ വയ്ക്കുന്നത് കുട്ടികളെ ജനാധിപത്യബോധം ഉണ്ടാകുവാൻ സഹായകരമാകും. ചില കുട്ടികൾ കൂടുതൽ സൗന്ദര്യം ഉള്ളവരാകാം, ചിലർ പഠിപ്പിൽ കേമന്മാരാകും. ചിലർക്ക് പ്രായോഗിക ബുദ്ധി അധികമാകും. മറ്റുചിലരാവട്ടെ ബാക്കിയുള്ളവരെ അപേക്ഷിച്ചു പ്രത്യേക കഴിവുകൾ ഒന്നുമില്ലാത്തവരാകാം. ചില മാതാപിതാക്കൾ കഴിവും സൗന്ദര്യവും കൂടുതലുള്ളവരോട് അമിത വാത്സല്യം കാണിക്കുന്നു , എന്നാൽ ചിലരാകട്ടെ കൂട്ടത്തിൽ ദുർബലരോട് , അവരുടെ കഴിവില്ലായ്മ കാരണം തങ്ങളുടെ വരുതിയിൽ എന്നും നിന്നോളും എന്ന തെറ്റായ ധാരണ മൂലം, അമിത താല്പര്യവും പന്തിയിൽ പക്ഷവും കാണിക്കുന്നു. ജനാധിപത്യ ബോധമുള്ള കുടുംബത്തിൽ എല്ലാവർക്കും ഒരേ സ്ഥാനം, ഒരേ പരിഗണന, ഒരേ നീതി എന്നതാണ് നാം ചെയ്യേണ്ടത്. എന്നാൽ വിരലിൽ എണ്ണാവുന്ന കുടുംബങ്ങളിൽ മാത്രമാണ് ഇതുള്ളത് എന്നത് ഖേദകരമാണ്. പല സിബ്ലിംഗ് റൈവൽറിയുടെയും മൂലകാരണം ഇതുതന്നെയാണ് എന്ന് പറയാതെ വയ്യ.
അപ്പോൾ പിന്നെ പരിഗണന വേണ്ടെന്നാണോ? ഒരിക്കലുമല്ല. ദുർബലരെ പരിഗണിക്കുക തന്നെ വേണം. ആ പ്രക്രിയയുടെ പേരാണ് സഹകരണം എന്നത്. ചുരുക്കത്തിൽ ഉത്തരവാദിത്തബോധമില്ലാതെ വളർത്തിക്കൊണ്ടുവരുന്ന മാതാപിതാക്കളാണ് സഹോദരസ്പർദ്ധയുടെ പ്രധാന കാരണം.

4. നിയമങ്ങൾ പാലിക്കപ്പെടണം
പ്രത്യേകിച്ച് കൊച്ചു കുട്ടികൾക്ക്, അവർ ചെയ്യേണ്ടത് എന്തൊക്കെയാണ് , ചെയ്യാൻ പാടില്ലാത്തത് എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് തിരിച്ചറിവ് ഉണ്ടായിക്കൊള്ളണമെന്നില്ല. ഒരു എട്ടുവയസ്സുകാരൻ പരാതിപ്പെട്ടത് ഓർക്കുന്നു. " രണ്ടു വയസ്സുള്ള അനിയൻകുട്ടൻ ബെഡിൽ മൂത്രമൊഴിച്ചാലും അമ്മയ്ക്ക് ഒരു പ്രശ്നവുമില്ല. എന്നാൽ ഞാനെങ്ങാനും അറിയാതെ കട്ടിലിൽ ഇത്തിരി വെള്ളം ഒഴിച്ചാൽ അമ്മ വഴക്ക് പറയും ". അവനെ സംബന്ധിച്ചിടത്തോളം ഈ അമ്മ അവനോട് കാണിക്കുന്ന അനീതിയായിട്ടാണ് അവന് തോന്നുന്നത്. എന്നാൽ ആ കുട്ടിയെ അനിയൻകുട്ടന്റെ ബലഹീനതകൾ എന്തൊക്കെയാണെന്ന് ബോധ്യപ്പെടുത്തി താനും ആ പ്രായത്തിൽ ഇപ്രകാരമായിരുന്നു എന്ന് മനസ്സിലാക്കി കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. കുട്ടികളെ ശാസിക്കുമ്പോൾ അത് എന്തിനുവേണ്ടിയാണ് എന്ന് കുട്ടികളുടെ ഭാഷയിൽ അവരെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്.
5. ഏകപക്ഷീയമായ ശിക്ഷാവിധികൾ ഒഴിവാക്കുക
കുട്ടികൾ പലപ്പോഴും തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാനറിയാത്തവരാണ് എന്ന് മാതാപിതാക്കൾ മറന്നു പോകാറുണ്ട്. അതുകൊണ്ടുതന്നെ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നതിന് പകരം അവരെ കൂടി കേൾക്കാൻ നാം തയ്യാറാകണം. പലപ്പോഴും കുട്ടികൾക്ക് അവരുടെ പ്രായത്തിന് തങ്ങളുടെ പ്രവർത്തികളുടെ പരിണത ഫലത്തെക്കുറിച്ച് അറിവുണ്ടായിക്കൊള്ളണമെന്നില്ല. ചിലപ്പോൾ നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന കാര്യങ്ങളാവും മാതാപിതാക്കൾ തെറ്റായി കണ്ട് ശകാരിക്കുന്നത്. മൂന്നു വയസ്സായവൻ ദേഷ്യം വന്നപ്പോൾ അവന്റെ ചേട്ടനെ കളിപ്പാട്ടം കൊണ്ട് തല്ലി. അതിന്റെ ദേഷ്യത്തിന് ജേഷ്ഠൻ അനിയനെ തിരിച്ചു തല്ലി വലിയ മുറിവ് ഉണ്ടാക്കിയ സംഭവം ഒരിക്കൽ എന്റെ അടുത്ത് വരികയുണ്ടായി. "അവൻ ചെയ്തത് തന്നെ തിരികെ ചെയ്തതല്ലേ? എന്നിട്ടും എനിക്കാണ് കുറ്റം " ഇതായിരുന്നു മൂത്ത കുട്ടിയുടെ ന്യായം. മൂന്നു വയസ്സുകാരന്റെ തല്ലും 10 വയസ്സുകാരന്റെ തല്ലും തമ്മിലുള്ള വ്യത്യാസം എന്തെന്ന് പറഞ്ഞു കൊടുക്കാൻ മാതാപിതാക്കൾക്ക് ആയില്ല. തന്നെയുമല്ല ഒരാൾ ഉപദ്രവിക്കപ്പെട്ടാൽ തിരിച്ചു ഉപദ്രവിക്കുകയല്ല വേണ്ടത്, പരാതിപ്പെടുകയാണ് വേണ്ടത് എന്ന് അവരെ കൊണ്ട് തന്നെ പറയിപ്പിച്ചു ബോധ്യപ്പെടുത്താനായപ്പോഴാണ് അവനു തൻ്റെ തെറ്റ് മനസ്സിലായത്.
6. ഉത്തരവാദിത്വം പങ്കുവയ്ക്കണം
കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ എന്തെല്ലാം ഉത്തരവാദിത്തങ്ങളാണ് താങ്കൾ ഏറ്റെടുക്കേണ്ടി വരുന്നത് എന്ന് മുതിർന്ന കുട്ടികളെ ബോധ്യപ്പെടുത്തി അതിനായി ഒരുക്കുക. അവരും ഈ പ്രക്രിയയുടെ അഭിവാജ്യ ഘടകമാണ് എന്ന ബോധം കുട്ടികൾ സ്വാഗതം ചെയ്യുക തന്നെ ചെയ്യും.

7. സഹകരണം ശീലിപ്പിക്കണം
ആധുനിക യുഗത്തിൽ മനുഷ്യന് ഏറ്റവും ആവശ്യമായത് സഹകരണമാണ്. മുഷ്ടി ബലം കൊണ്ടല്ല സഹകരണം കൊണ്ടാണ് മനുഷ്യ പുരോഗതി ഉണ്ടാകുന്നത് എന്ന് കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തുക തന്നെ വേണം. കുറവുകളുള്ളവരെ ചേർത്ത് നിർത്തി അവരുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തുന്നതാണ് ആധുനിക യുക്തി. മേൽപ്പറഞ്ഞതുപോലെ ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കുവാൻ മാതാപിതാക്കൾ സജ്ജരാകണം. വൈവാഹിക ജീവിതത്തിലേക്ക് കടക്കുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ തങ്ങളുടെ കുടുംബ ജീവിതത്തിൽ അടിസ്ഥാന പ്രമാണങ്ങളായി കരുതണം എന്ന് ഓർമിപ്പിക്കട്ടെ. വിദ്യാഭ്യാസ ജീവിതത്തിൽ ഇത്തരം മൂല്യങ്ങൾ അധ്യാപകരും മാതാപിതാക്കളും കുട്ടികളിൽ വളർത്തുവാൻ ശ്രമിച്ചാലേ നാളെ ഉത്തമരായ മാതാപിതാക്കന്മാരായി നമ്മുടെ കുട്ടികളെ പരുവപ്പെടുത്താനാകൂ. അറിവ് പകർന്നു കൊടുക്കൽ അല്ല വിദ്യാഭ്യാസം മൂല്യബോധത്തിൽ വളർത്തി അവരെ ഉത്തരവാദിത്തമുള്ള ഒരു പുതിയ തലമുറയാക്കി തീർക്കുക എന്നതാണ് വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം. ആധുനിക യുഗത്തിൽ പ്രധാനപ്പെട്ട ഒരു മൂല്യബോധമാണ് ജനാധിപത്യപരമായ പരസ്പര സഹകരണം. തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകളെ തിരിച്ചറിയുന്ന സഹവർത്തിത്വത്തോടും സഹകരണത്തോടും പെരുമാറുന്ന ഒരു ജനതയ്ക്ക് മാത്രമേ ഇനിയുള്ള കാലം മുന്നേറാനാകൂ എന്ന തിരിച്ചറിവ് നമുക്കെല്ലാവർക്കും ഉണ്ടാകട്ടെ.
(ലേഖിക കൺസൾട്ടൻറ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം)