മാനസിക സമ്മർദ്ദം അനുഭവപ്പെടാറുണ്ടോ? പല്ലിന്റെ ആരോഗ്യം ശ്രദ്ധിക്കണം, രോഗങ്ങളുണ്ടാകും!

Mail This Article
പ്രായമാകുമ്പോൾ പല്ലിന്റെ പ്രശ്നങ്ങൾ പലർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. പല്ലുകൾ നേരത്തെ നഷ്ടപ്പെടുന്നത് ശരിയായ ദഹനപ്രക്രിയയ്ക്ക് തടസ്സമാകും. ഇത് പോഷകക്കുറവിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം.
മാനസികസമ്മർദവും ദന്താരോഗ്യവും
ദന്താരോഗ്യവും മാനസികാരോഗ്യവും എന്നതാണ് ഈ വർഷത്തെ ദന്താരോഗ്യ ദിനത്തിന്റെ സന്ദേശം. പുതിയ കാലത്ത് മാനസിക സമ്മർദം പല്ലിന്റെ പ്രശ്നങ്ങൾക്ക് ഒരു പ്രധാന കാരണമാണ്. പലപ്പോഴും ദന്തശുചീകരണത്തിൽ അലംഭാവം സംഭവിക്കാമെന്നു മാത്രമല്ല, അമിതമായ മാനസിക പിരിമുറുക്കം മറ്റു പല ശാരീരിക പ്രശ്നങ്ങളിലേക്കും നയിക്കുന്നതു പോലെ ദന്താരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.
മാനസിക സമ്മർദം കാരണമുണ്ടാവുന്ന പ്രധാന ദന്താരോഗ്യപ്രശ്നങ്ങൾ:
∙ പല്ലിറുമ്മൽ: ഉറക്കവൈകല്യങ്ങളുള്ളവരിലും മാനസിക സമ്മർദം ഏറെയുള്ളവരിലും ഈ ശീലം കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പല്ലിന്റെ അറ്റത്ത് കാണുന്ന തേയ്‌മാനം പിന്നീട് അമിതമായ പല്ല് പുളിപ്പിലേക്കും നയിക്കാം.
∙ വായ്പ്പുണ്ണ്: മാനസിക സമ്മർദം കാരണം ഉണ്ടാകാവുന്ന മറ്റൊരു പ്രശ്നമാണ് വായ്പ്പുണ്ണ്. വായിൽ നാവ്, കവിളിന്റെ ഉൾഭാഗം, മോണ തുടങ്ങിയവയിലെ ശ്ലേഷ്മസ്തരത്തെ ബാധിക്കുന്ന ഈ അവസ്ഥ വളരെ വേദനയുണ്ടാക്കുന്നതാണ്. ഒറ്റയ്ക്കോ കൂട്ടമായോ പ്രത്യക്ഷപ്പെടുന്ന ഇവ 10-14 ദിവസം വരെ നീണ്ടു നിൽക്കാറുണ്ട്.
∙ താടിയെല്ല് സന്ധി വേദന: മാനസിക പിരിമുറുക്കം കാരണമുണ്ടാവുന്ന മറ്റൊരു പ്രശ്നമാണ് താടിയെല്ല് സന്ധിയിലെ വേദന. പല്ലിറുമ്മലും ഇതിന് ആക്കം കൂട്ടുന്നു. ചികിത്സിച്ചില്ലെങ്കിൽ തലവേദന, കഴുത്തു വേദന, തോൾവേദന തുടങ്ങിയ പ്രശ്നങ്ങളിലേക്കും നയിക്കാം.
∙ മോണരോഗം: മാനസിക സമ്മർദം രോഗപ്രതിരോധശേഷി കുറയ്ക്കുന്നത് കാരണം അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. മാനസിക സമ്മർദമുള്ളവരിൽ മോണരോഗം വർധിക്കുന്നു എന്ന് മിഷിഗൻ സർവകലാശാല, നോർത്ത് കരോലിന സർവകലാശാല എന്നിവിടങ്ങളിൽ നടത്തിയ പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
∙ വരണ്ടുണങ്ങിയ വായ: ഉത്കണ്ഠ കാരണം വായിലെ ഉമിനീർ കുറയുന്നതു കാരണമാണ് ഇതു സംഭവിക്കുന്നത്. ഇത് കാരണം വായിൽ എരിച്ചിലും പുകച്ചിലും ഉണ്ടാകാം. ആർത്തവ വിരാമം കഴിഞ്ഞ സ്ത്രീകളിലും പ്രമേഹ രോഗികളിലും ഈ അവസ്ഥക്ക് തീവ്രതയേറുന്നു. ഉമിനീർ കുറയുന്നത് ദന്തക്ഷയത്തിന്റെ തോത് കൂടാനും കാരണമാവുന്നു. വായ്നാറ്റത്തിനും ഇതു കാരണമാകാം.
∙ വായിലെ കാൻസർ: മാനസിക സമ്മർദം ചിലപ്പോൾ വായിലെ അർബുദത്തിനോ അതിന് മുന്നോടിയായി പ്രത്യക്ഷപ്പെടുന്ന പൂർവാർബുദ അവസ്ഥകളിലേയ്ക്കോ നയിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഏകാന്തത, വിഷാദം തുടങ്ങിയവ ഇതിനെ ത്വരിതപ്പെടുത്താം.
പരിഹാരമാർഗങ്ങൾ
∙ മാനസിക സമ്മർദം കുറയ്ക്കാനായി പാട്ട് കേൾക്കുക, പുസ്തകം വായിക്കുക, സൗഹൃദ സംഭാഷണങ്ങളിലേർപ്പെടുക തുടങ്ങി ഉല്ലാസദായകമായ പ്രവൃത്തികൾ ചെയ്യുക. ആവശ്യമെങ്കിൽ മനഃശാസ്ത്രവിദഗ്ധന്റെ ഉപദേശം തേടാം.
∙ രോഗപ്രതിരോധ ശേഷി കൂട്ടാനായി വ്യായാമം, സമീകൃത ആഹാരം എന്നിവ ശീലമാക്കുക.
∙ ദിവസം ആറു മുതൽ എട്ടു മണിക്കൂർ വരെ നന്നായി ഉറങ്ങുക.
∙ ദിവസം രണ്ടുനേരം മൂന്നു മിനിറ്റ് വീതം ബ്രഷ് ചെയ്ത് ദന്തശുചിത്വം പാലിക്കുക.
∙ ധാരാളം വെള്ളം കുടിക്കുന്നത് നിർജലീകരണവും അതു കാരണമുണ്ടാകുന്ന വായ്നാറ്റവും ഒഴിവാക്കാൻ സഹായിക്കും.
∙ പുകവലി ഒഴിവാക്കുക.
∙ പല്ലിന്റെ ഇടയിലുള്ള ഭക്ഷണാവശിഷ്ടങ്ങൾ യഥാസമയം പല്ലിട ശുചീകരണ ഉപാധികൾ ഉപയോഗിച്ച് നീക്കം ചെയ്യുക.
∙ പല്ലിറുമ്മൽ ഒഴിവാക്കാനായി സുതാര്യമായ ഡെന്റൽ സോഫ്റ്റ് അല്ലെങ്കിൽ ഹാർഡ് സ്പിൻ്റ് എന്ന ഉപകരണം ഉപയോഗിക്കാം.
∙ ദന്താരോഗ്യ പ്രശ്നങ്ങൾ, മോണരോഗം തുടങ്ങിയവ യഥാസമയം ചികിത്സിക്കുക.
(വിവരങ്ങൾക്ക് കടപ്പാട്: ഡോ. ജി.ആർ.മണികണ്ഠൻ കൺസൽറ്റന്റ് പെരിയോഡോന്റിസ്റ്റ്, ഗവ. അർബൻ ഡെന്റൽ ക്ലിനിക്, തിരുവനന്തപുരം.)