ഓപ്പണിങ് വിക്കറ്റിൽ 51 പന്തിൽ 95 റൺസടിച്ച് കോലി–സോൾട്ട് സഖ്യം; ‘ചാലഞ്ചി’ല്ലാതെ 7 വിക്കറ്റ് ജയവുമായി ‘റോയൽ’ ബെംഗളൂരു– വിഡിയോ

Mail This Article
കൊൽക്കത്ത ∙ ചേസിങ്ങിൽ താൻ തന്നെയാണ് ‘മാസ്റ്റർ’ എന്ന് തെളിയിച്ച പ്രകടനവുമായി ഒരിക്കൽക്കൂടി വിരാട് കോലി തകർത്തടിച്ചതോടെ, ഐപിഎൽ 18–ാം സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് വിജയത്തുടക്കം. ബാറ്റിങ്ങിലും ബോളിങ്ങിലും എന്നുവേണ്ട കളിയുടെ എല്ലാ മേഖലകളിലും കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡൻസിൽ സമ്പൂർണ ആധിപത്യം പുലർത്തിയാണ് ആർസിബി അനായാസം ജയിച്ചുകയറിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 174 റൺസ്. മറുപടി ബാറ്റിങ്ങിൽ 22 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി ആർസിബി ലക്ഷ്യത്തിലെത്തി.
ഓപ്പണറായി ഇറങ്ങിയ വിരാട് കോലി 36 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 59 റൺസുമായി പുറത്താകാതെ നിന്നു. സഹ ഓപ്പണറും കഴിഞ്ഞ സീസണിൽ കൊൽക്കത്തയുടെ താരവുമായിരുന്ന ഫിൽ സോൾട്ട് 31 പന്തിൽ ഒൻപതു ഫോറും രണ്ടു സിക്സും സഹിതം 56 റൺസെടുത്ത് പുറത്തായി. ഓപ്പണിങ് വിക്കറ്റിൽ തകർത്തടിച്ച ഇരുവരും 51 പന്തിൽ 95 റൺസ് കൂട്ടിച്ചേർത്തപ്പോൾത്തന്നെ മത്സരത്തിന്റെ ഗതി വ്യക്തമായിരുന്നു.
ഇംപാക്ട് പ്ലെയറായി എത്തിയ ദേവ്ദത്ത് പടിക്കൽ (10 പന്തിൽ ഒരു ഫോർ സഹിതം 10) കാര്യമായ ഇംപാക്ട് സൃഷ്ടിക്കാതെ മടങ്ങിയെങ്കിലും, 16 പന്തിൽ തകർത്തടിച്ച് അഞ്ച് ഫോറും ഒരു സിക്സും സഹിതം 34 റൺസെടുത്ത ക്യാപ്റ്റൻ രജത് പാട്ടിദാർ ആർസിബിയെ വീണ്ടും ട്രാക്കിലാക്കി. വിജയത്തിനു തൊട്ടരികെ ക്യാപ്റ്റൻ മടങ്ങിയെങ്കിലും, അഞ്ച് പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 15 റൺസുമായി പുറത്താകാതെ നിന്ന ലിയാം ലിവിങ്സ്റ്റൻ ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചു.
കൊൽക്കത്ത നിരയിൽ നാല് ഓവറിൽ 27 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ സുനിൽ നരെയ്ന്റെ പ്രകടനം ശ്രദ്ധേയമായി. വരുൺ ചക്രവർത്തിക്കും ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ 43 റൺസും, ഒരു വിക്കറ്റ് വീഴ്ത്തിയ വൈഭവ് അറോറ മൂന്ന് ഓവറിൽ 42 റൺസും വഴങ്ങി.
∙ തുടക്കം തകർത്തു, പക്ഷേ...
നേരത്തെ, ഓപ്പണർ സുനിൽ നരെയ്ന്റെയും ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെയും കരുത്തിൽ കുതിച്ചുപാഞ്ഞ കൊൽക്കത്തയുടെ ബാറ്റിങ് നിരയ്‌ക്ക് ക്രുണാൽ പാണ്ഡ്യയുടെ നേതൃത്വത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ബോളർമാർ മൂക്കുകയറിട്ടതോടെയാണ് അവരുടെ സ്കോർ 174ൽ ഒതുങ്ങിയത്. ഒരുവേള അനായാസം 200 റണ്‍സും അത്ര അനായാസമല്ലെങ്കിലും 250 റൺസ് വരെയും നേടിയേക്കാമെന്ന് തോന്നലുയർത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, നിശ്ചിത 20 ഓവർ പൂർത്തിയാകുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 174 റൺസ്! ആദ്യ 59 പന്തിൽ ഓവറിൽ ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിലായിരുന്ന നിലവിലെ ചാംപ്യൻമാർ കൂടിയായ കൊൽക്കത്ത, അടുത്ത 61 പന്തിൽ ഏഴു വിക്കറ്റ് നഷ്ടമാക്കി നേടിയത് വെറും 67 റൺസ്!
കൊൽക്കത്ത ക്യാപ്റ്റനായുള്ള അപ്രതീക്ഷിത വരവിന് തകർപ്പൻ അർധസെഞ്ചറിയുമായി രാജകീയ പരിവേഷം ചാർത്തിയ വെറ്ററൻ താരം അജിൻക്യ രഹാനെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 31 പന്തിൽ ആറു ഫോറും നാലു സിക്സും സഹിതം രഹാനെ നേടിയത് 56 റൺസ്. ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെയാണെങ്കിലും 26 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 44 റൺസെടുത്ത സുനിൽ നരെയ്ന്റെ ഇന്നിങ്സ് കൂടി ചേർന്നതോടെയാണ് അവർ അനായാസം 100 പിന്നിട്ടത്. രണ്ടാം വിക്കറ്റിൽ 51 പന്തിൽ ഇരുവരം കൂട്ടിച്ചേർത്തത് 103 റൺസാണ്. ഈ കൂട്ടുകെട്ടു പിരിഞ്ഞതിനു ശേഷം ഒരു ഘട്ടത്തിലും ഭേദപ്പെട്ടൊരു കൂട്ടുകെട്ട് കണ്ടെത്താനാകാതെ പോയതാണ് കൊൽക്കത്തയ്‌ക്ക് തിരിച്ചടിയായത്.
പിന്നീട് വന്നവരിൽ യുവതാരം ആൻക്രിഷ് രഘുവംശിയുടെ ഇന്നിങ്സ് മാത്രമാണ് ഭേദപ്പെട്ടുനിന്നത്. രഘുവംശി 22 പന്തിൽ രണ്ടു ഫോറും ഒറു സിക്സും സഹിതം 30 റൺസെടുത്ത് പുറത്തായി. റിങ്കു സിങ് 10 പന്തിൽ ഒരു ഫോർ സഹിതം 12 റൺസെടുത്തു. കൊൽക്കത്ത ജഴ്സിയിലെ അരങ്ങേറ്റത്തിൽ ഓപ്പണറായി എത്തിയ ക്വിന്റൻ ഡികോക്ക് (അഞ്ച് പന്തിൽ ഒരു ഫോർ സഹിതം നാല്) നിരാശപ്പെടുത്തി.
വൻ തുകയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ലേലത്തിൽ തിരികെ വാങ്ങിയ വെങ്കടേഷ് അയ്യർ ഏഴു പന്തിൽ ഒരു ഫോർ സഹിതം ആറു റൺസുമായി നിരാശപ്പെടുത്തി. ഏറെ പ്രതീക്ഷ വച്ചിരുന്ന ആന്ദ്രെ റസ്സൽ (മൂന്നു പന്തിൽ ഒരു ഫോർ സഹിതം 4), ഹർഷിത് റാണ (ആറു പന്തിൽ ഒരു ഫോർ സഹിതം അഞ്ച്) എന്നിവരും നിരാശപ്പെടുത്തി. രമൺദീപ് സിങ് ഒൻപതു പന്തിൽ ആറു റൺസോടെയും സ്പെൻസർ ജോൺസൺ ഒരു പന്തിൽ ഒരു റണ്ണോടെയും പുറത്താകാതെ നിന്നു.
നാല് ഓവറിൽ 29 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ക്രുനാൽ പാണ്ഡ്യയാണ് ആർസിബിയുടെ തിരിച്ചുവരവിന് ചുക്കാൻ പിടിച്ചത്. ജോഷ് ഹെയ്സൽവുഡ് നാല് ഓവറിൽ 22 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. യഷ് ദയാൽ മൂന്ന് ഓവറിൽ 25 റൺസ് വഴങ്ങിയും റാസിഖ് ദർ സലാം മൂന്ന് ഓവറിൽ 35 റൺസ് വഴങ്ങിയും സുയാഷ് ശർമ നാല് ഓവറിൽ 47 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.
∙ ടോസും ‘ജയിച്ച്’ ബെംഗളൂരു
നേരത്തെ, ടോസ് നേടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റൻ രജത് പാട്ടിദാർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നിലവിലെ ചാംപ്യൻമാർ എന്ന പകിട്ടോടെയാണ് കൊൽക്കത്ത സ്വന്തം നാട്ടിൽ ആവേശപ്പോരാട്ടത്തിന് ഇറങ്ങുന്നതെങ്കിൽ 18–ാം സീസണിലെങ്കിലും മോഹക്കപ്പ് സ്വന്തമാക്കാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയോടെയാണ് ബെംഗളൂരുവിന്റെ വരവ്. ബോളിവുഡ് താരം ഷാറുഖ് ഖാൻ, ദിഷ പഠാനി, ഗായകരായ ശ്രേയ ഘോഷാൽ, കരൺ ഓജ്‍ല തുടങ്ങിയവർ താരപ്പകിട്ടേറ്റിയ ഉദ്ഘാടനച്ചടങ്ങിനു പിന്നാലെയാണ് മത്സരം ആരംഭിച്ചത്.