5 വര്‍ഷത്തേക്കുള്ള ഷെങ്കന്‍ വീസയോ?; കാസ്കേഡ് വീസയോ, അറിയേണ്ടതെല്ലാം

Mail This Article
മാര്‍ച്ച് മാസം, ബ്രസ്സൽസിൽ നടന്നുവരുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്‌ടിഎ) ചർച്ചകളിൽ ഉയര്‍ന്നുവന്ന ഒരു വാക്കാണ് 'കാസ്കേഡ് വീസ' എന്നത്. യൂറോപ്പിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി സ്ഥിരമായി യാത്ര ചെയ്യുന്ന ആളുകള്‍ക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒന്നായാണ് കാസ്കേഡ് വീസ വിലയിരുത്തപ്പെടുന്നത്. എന്താണ് ഈ വീസയുടെ പ്രത്യേകത?
യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുള്ള കുടിയേറ്റ നയത്തിൽ സമഗ്രമായ സഹകരണം തേടുന്ന, യൂറോപ്യന്‍ യൂണിയന്‍ -ഇന്ത്യ കോമൺ അജണ്ട ഓൺ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റിക്ക് കീഴിൽ, നയതന്ത്രബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി അവതരിപ്പിച്ചതാണ് ഈ വീസ. ഇന്ത്യൻ പൗരന്മാർക്ക് മൾട്ടിപ്പിൾ എൻട്രി വീസകൾ നൽകുന്നതിനുള്ള പ്രത്യേക നിയമങ്ങൾ 2024 ഏപ്രിൽ 18 ന് യൂറോപ്യൻ കമ്മീഷൻ സ്വീകരിച്ചു. ആഗോള സാമ്പത്തിക മേഖലയിലെ സ്ഥാനവും ഒരു പ്രധാന വ്യാപാര പങ്കാളി എന്ന നിലയിലും ഇന്ത്യയുടെ പ്രാധാന്യം വളരെ വലുതാണ്.
കാസ്കേഡ് വീസ അനുവദിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് രണ്ട് വർഷത്തേക്ക് സാധുതയുള്ള ദീർഘകാല, മൾട്ടി എൻട്രി ഷെംഗൻ വീസകൾ ലഭിക്കും. രണ്ട് വർഷത്തെ വീസയ്ക്ക് യോഗ്യത നേടുന്നതിന്, അപേക്ഷകർ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ രണ്ട് ഷെംഗൻ വീസകൾ നേടുകയും, അത് നിയമപരമായി ഉപയോഗിക്കുകയും ചെയ്തിരിക്കണം. തീര്‍ന്നില്ല, രണ്ട് വർഷത്തെ വീസ വിജയകരമായി ഉപയോഗിച്ചതിനു ശേഷം, അവരുടെ പാസ്‌പോർട്ട് സാധുവായി തുടരുകയാണെങ്കിൽ, അവർക്ക് അഞ്ച് വർഷത്തെ വീസയ്ക്ക് യോഗ്യത നേടാം. സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഈ നയം സുഗമമായ യാത്രാ അനുഭവം ഉറപ്പാക്കുന്നു. ഇടയ്ക്കിടെ വീണ്ടും അപേക്ഷിക്കേണ്ട ബുദ്ധിമുട്ട് കുറയ്ക്കുകയും ചെയ്യുന്നു.
അഞ്ചു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ഷെംഗൻ വീസയ്ക്ക് അപേക്ഷിക്കുന്നവര്‍ ഷെംഗൻ പ്രദേശത്തേക്ക് പതിവായി യാത്ര ചെയ്യേണ്ടതിന്‍റെ ആവശ്യകത, ഷെംഗൻ വീസ നിയമങ്ങൾ പാലിച്ചതിന്‍റെ ചരിത്രം, സ്വന്തം രാജ്യത്ത് ക്രിമിനൽ റെക്കോർഡ് ഇല്ലാതിരിക്കല്‍, മതിയായ യാത്രാ ഇൻഷുറൻസ് എന്നിവ തെളിയിക്കണം.
അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ഓപ്ഷൻ ഉൾപ്പെടെ ഷെംഗൻ വീസയ്ക്കുള്ള അപേക്ഷാ ഫീസ് €80 മുതൽ €90 വരെയാണ് (6,858 മുതൽ 7,716 രൂപ വരെ), ഇത് ഒരു സാധാരണ ഷോർട്ട്-സ്റ്റേ വീസയുടെ നിരക്കിന് സമാനമാണ്.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ, 2023 ൽ 124 ബില്യൺ യൂറോയുടെ മൂല്യമുള്ള ചരക്കുകളുടെ വ്യാപാരം ഇന്ത്യയ്ക്കും യൂറോപ്യന്‍ യൂണിയനുമിടയില്‍ നടന്നു. കഴിഞ്ഞ ദശകത്തിൽ ഏകദേശം 90% വർധനവാണ് ഇരുവര്‍ക്കുമിടയിലുള്ള വ്യാപാരമേഖലയില്‍ ഉണ്ടായത്. കൂടാതെ, ഇന്ത്യയിൽ ഏകദേശം 6,000 യൂറോപ്യൻ കമ്പനികൾ പ്രവർത്തിക്കുന്നു, വിവിധ മേഖലകളിലായി 1.7 ദശലക്ഷം തൊഴിലവസരങ്ങൾ നേരിട്ടും 5 ദശലക്ഷം തൊഴിലവസരങ്ങൾ പരോക്ഷമായും ഇവ സൃഷ്ടിക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ യാത്രകള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതടക്കം, വിവിധ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം ഉണ്ടാകേണ്ടത് പ്രധാനമാണ്.
ഷെംഗൻ വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍
ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഷെംഗൻ വീസ ഉണ്ടെങ്കില്‍, യൂറോപ്യന്‍ യൂണിയന്‍റെ കീഴില്‍ വരുന്ന 29 രാജ്യങ്ങളിലായി 180 ദിവസ കാലയളവിൽ 90 ദിവസം വരെ ഹ്രസ്വകാല താമസം സാധ്യമാണ്. എന്നാല്‍ ഈ വീസ കിട്ടി വരുന്നവര്‍ക്ക് തൊഴില്‍ ചെയ്യാന്‍ അനുവാദം ഇല്ല.
യൂറോപ്പിലെ 29 രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു പ്രദേശത്തെ വിളിക്കുന്ന പേരാണ് ഷെംഗൻ പ്രദേശം(Schengen Area). അതിൽ 25 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും ഉൾപ്പെടുന്നു: ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ജർമനി, എസ്തോണിയ, ഗ്രീസ്, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, ഹംഗറി, മാൾട്ട, നെതർലാൻഡ്‌സ്, ഓസ്ട്രിയ, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സ്ലോവേനിയ, സ്ലൊവാക്യ, ഫിൻലൻഡ്, സ്വീഡൻ എന്നിവയും കൂടാതെ, ഐസ്‌ലൻഡ്, ലിച്ചെൻസ്റ്റൈൻ, നോർവേ, സ്വിറ്റ്‌സർലൻഡ് എന്നിവയും ഷെങ്കൻ സോണിൽ ഉൾപ്പെടുന്നു.
ഈ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തികളിൽ യാതൊരു വിധ നിയന്ത്രണങ്ങളും നിലവിലില്ല. ഈ 29 രാജ്യങ്ങളിലും യാത്ര ചെയ്യുന്നതിനു ഷെംഗൻ വീസ എന്ന ഒറ്റ വീസ മാത്രമേ ആവശ്യമുള്ളൂ. അതായത്, രാജ്യാന്തര യാത്രികരെ സംബന്ധിച്ച് ഒരൊറ്റ വലിയ രാജ്യം പോലെയാണ് ഈ പ്രദേശം.
ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയിൽ താമസിക്കുന്ന മറ്റ് രാജ്യങ്ങളിലെ നിയമപരമായ താമസക്കാർക്കും ഇന്ത്യയിൽ ഷെംഗൻവീസയ്ക്ക് അപേക്ഷിക്കാം. ഇന്ത്യയിൽ താമസിക്കാത്തവർക്ക് ഇന്ത്യയിൽ നിയമപരമായി സാന്നിധ്യമുണ്ടെങ്കിൽ മാത്രമേ അപേക്ഷിക്കാൻ കഴിയൂ. കൂടാതെ അവരുടെ മാതൃരാജ്യത്തിന് പകരം ഇന്ത്യയിൽ നിന്ന് അപേക്ഷിക്കുന്നതിന് സാധുവായ കാരണവും കാണിക്കണം.
വീസ വേണ്ടവര്‍ യാത്രയ്ക്ക് കുറഞ്ഞത് 15 ദിവസം മുൻപെങ്കിലും അപേക്ഷ സമർപ്പിക്കണം. എന്നാല്‍ പ്രോസസിങ്ങിനെടുക്കുന്ന സമയം വൈകാന്‍ സാധ്യതയുള്ളതിനാല്‍ കൃത്യം 15 ദിവസമാകുന്നത് കാക്കാതെ കുറച്ചുകൂടി നേരത്തെ അപേക്ഷ കൊടുക്കുന്നതാണ് എപ്പോഴും നല്ലത്.