ADVERTISEMENT

ഒരു ഗ്ലാസ് കോക്ക്ടെയിലിന് 10,000 രൂപ നൽകുമോ നിങ്ങള്‍? ഹൈദരാബാദിലെ ഫൈൻ ഡൈനിങ് റെസ്റ്ററന്റായ ടാൻസെനിലാണ് ഇന്ത്യയിലെ ഏറ്റവും വിലയേറിയ കോക്ക്ടെയില്‍ എന്നറിയപ്പെടുന്ന 'ജുവൽ ഓഫ് ടാൻസെൻ' ഉള്ളത്. കഴിഞ്ഞ വര്‍ഷം ടാൻസെൻ പുറത്തിറക്കിയ രാജകീയ കോക്ടെയിലുകളുടെ ഒരു പ്രത്യേക ശേഖരത്തിലുള്ളതാണ് ഈ കോക്ക്ടെയില്‍.  

രാജകീയ പാരമ്പര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വളരെ സൂക്ഷ്മമായി തയാറാക്കിയതാണ് ഈ കോക്ടെയിലുകൾ. പ്രശസ്ത മിക്സോളജിസ്റ്റ് യാങ്ഡപ് ലാമ തയാറാക്കിയ മെനുവിൽ, ജുവൽ ഓഫ് ടാൻസെൻ, റാഗ് ബൈ ടാൻസെൻ, ബീഗം കി ബസാർ, ആഗാസ് ഇ ഷാം തുടങ്ങിയ പ്രത്യേകം രൂപകൽപ്പന ചെയ്ത കോക്ടെയിലുകളും മറ്റ് സിഗ്നേച്ചർ പാനീയങ്ങളും ഉൾപ്പെടുന്നു. 

ആഡംബര അഭിരുചിയുള്ളവർക്കായി രൂപകൽപന ചെയ്ത ഒരു ഗംഭീര കോക്ടെയിലാണ് ജ്യൂവൽ ഓഫ് ടാൻസെൻ. സൗദി അറേബ്യയിലെ പ്രശസ്തമായ അൽ മദീന മേഖലയിൽ നിന്ന് ലഭിക്കുന്ന അജ്‌വ ഈത്തപ്പഴങ്ങൾ, ഇറ്റലിയിൽ നിന്നുള്ള ക്രഞ്ചി പൈൻ നട്ട്‌സ്, ട്രഫിൾസ് രുചിയുള്ള വെർമൗത്ത് എന്നിവയ്ക്കൊപ്പം റോയൽ സല്യൂട്ട് 21 ഇയേഴ്‌സ് വിസ്കി ചേര്‍ത്താണ് ഇത് തയാറാക്കുന്നത്. കൂടാതെ ഒരു പാളിയായി ചതുരാകൃതിയിലുള്ള സ്വർണ ഇല ഐസ് ക്യൂബ് ചേർക്കുന്നു.

ലോകപ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ടാൻസന്‍റെ പേരിലാണ് ഈ കോക്ടെയില്‍ അറിയപ്പെടുന്നത്. ഏഷ്യയിലെ 50 മികച്ച ബാറുകള്‍ക്ക് നല്‍കുന്ന അംഗീകാരമായ റോക്കു ഇൻഡസ്ട്രി ഐക്കൺ അവാർഡ് നേടിയ ആളാണ്‌ യാങ്ഡപ്പ് ലാമ.

ഈ രാജകീയ  കോക്ക്ടെയിലുകൾക്ക് അനുയോജ്യമായ രീതിയിലുള്ള മെനുവും റസ്റ്റോറന്‍റിലുണ്ട്. ലജാവാബ് ഭാർവ ടിക്കി, ഭട്ടി കാ മുർഗ്, ഗുണ്ടൂർ ചിക്കൻ ടിക്ക, കാലി മിർച്ച് പനീർ ടിക്ക, ജലാപീനോസ്, കോൺ സീക്ക് തുടങ്ങിയ അപ്പെറ്റൈസറുകളും ദാൽ ടാൻസെൻ, സബ്സ് കാ മെൽ, പട്യാല ഷാഹി ചിക്കൻ, ചിക്കൻ ബിരിയാണി, വെജ് ബിരിയാണി, ജലേബി പ്ലാറ്റർ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ഇതോടൊപ്പം തിരഞ്ഞെടുക്കാം.

ഇതിനു മുന്നേ, ഏറ്റവും വിലയുള്ള കോക്ക്ടെയില്‍ എന്നറിയപ്പെട്ടിരുന്നത്, ഐടിസി ഗ്രാൻഡ് ചോളയുടെ ബാർ മെനുവിൽ നിന്നുള്ള 'സോക്സോ' എന്ന പാനീയമായിരുന്നു. കോന്യാക് എക്സ്ഒ, കുങ്കുമപ്പൂവ്, നന്നാറി എന്നിവയിൽ നിന്ന് നിർമ്മിച്ച ഈ കോക്ക്ടെയില്‍ ഗ്ലാസിന് 6,000 രൂപയാണ് വില.

ലോകത്തിലെ ഏറ്റവും വിലയേറിയ കോക്ക്ടെയില്‍ ഏതാണെന്ന് അറിയാമോ?

ഷിക്കാഗോയിലെ സ്റ്റേറ്റ് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന അഡലിന എന്ന ഇറ്റാലിയൻ റെസ്റ്റോറന്‍റിലാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ മാർട്ടിനിയായ 'ദി മാരോ' ഉള്ളത്. ഇതിന്‍റെ വില 13,000 ഡോളര്‍ ആണ്, അതായത് ഏകദേശം 10,90,412 ഇന്ത്യന്‍ രൂപ. ഹൈ എൻഡ് ജ്വല്ലറി ബ്രാൻഡായ മാരോ ഫൈനും റസ്റ്റോറന്‍റും തമ്മില്‍ സഹകരിച്ചാണ് ഇത് പുറത്തിറക്കിയത്. 

14 കാരറ്റ് സ്വർണ്ണത്തിൽ 150 വജ്രങ്ങൾ പതിച്ച ഡയമണ്ട് നെക്ലേസിനൊപ്പം വിളമ്പുന്നതിനാലാണ് മാർട്ടിനിക്ക് ഇത്രയും വില. അഡലിനയുടെ സോമെലിയറും ജനറൽ മാനേജരുമായ കോളിൻ ഹോഫർ ആണ് ഇത് വികസിപ്പിച്ചെടുത്തത്. മിഷേലിൻ ഗൈഡിന്‍റെ "സോമെലിയർ ഓഫ് ദി ഇയർ" അവാര്‍ഡ് നേടിയ ആളാണ് ഇദ്ദേഹം.

English Summary:

Indias Most Expensive Cocktail

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com