കോസ്റ്റൽ സൈക്ലത്തോൺ; സിഐഎസ്എഫിന്റെ സൈക്കിൾ റാലിക്ക് കേരളത്തില്‍

Mail This Article
പാരാമിലിറ്ററി ഫോഴ്സ് സിഐഎസ്എഫിന്റെ (സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്) സൈക്കിൾ റാലി കേരളത്തിലേക്ക് എത്തി. സിഐഎസ്എഫിന്റെ സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് രാജ്യത്തെ തീരദേശ പ്രദേശങ്ങളിലൂടെ സിഐഎസ്എഫ് കോസ്റ്റൽ സൈക്ലത്തോൺ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 29 ന് വൈകിട്ട് 6.30 യ്ക്ക് കൊച്ചിയിൽ രാജേന്ദ്ര മൈതാനത്ത് സൈക്കിൾ റാലിക്കായി സ്വീകരണ ചടങ്ങും സംഘടിപ്പിക്കും. വിദ്യാർത്ഥികൾ, എൻസിസി കേഡറ്റുകൾ, ഫിറ്റ്‌നെസ് പ്രേമികൾ, കുടുംബങ്ങൾ തുടങ്ങി എല്ലാവർക്കും ഇതിൽ പങ്കെടുക്കാം.
സിഐഎസ്എഫിന്റെ 56ാം വാർഷികത്തോടനുബന്ധിച്ചാണ് സൈക്കിൾ റാലി സംഘടിപ്പിക്കുന്നത്. 11 സംസ്ഥാനങ്ങളിലൂടെയും കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും 25 ദിവസം കൊണ്ട് 6553 കിലോമീറ്ററാണ് സൈക്ലത്തോൺ കടന്നുപോകുക. 14 സ്ത്രീകൾ ഉൾപ്പെടെ 125 സൈക്ലിസ്റ്റുകളാണ് പങ്കെടുക്കുന്നത്. ദേശീയ സുരക്ഷ, തീരദേശ സംരക്ഷണം, പരിസ്ഥിതി സൗഹൃദ ഗതാഗതം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കാനാണ് ഈ റാലി.
മാർച്ച് ഏഴിന് ആരംഭിച്ച സൈക്കിൾ റാലി മാർച്ച് 31 ന് കന്യാകുമാരിയിലാണ് അവസാനിക്കുക. എയർപോർട്ടുകൾ, തുറമുഖങ്ങൾ, വ്യാവസായിക കേന്ദ്രങ്ങൾ,മെട്രോ സ്റ്റേഷനുകൾ തുടങ്ങി രാജ്യത്തിന്റെ എല്ലാ അടിസ്ഥാന സൗകര്യങ്ങൾക്കും സംരക്ഷണം നൽകുന്നത് സ്ഐഎസ്എഫ് ആണ്.
'തീരങ്ങളുടെ സുരക്ഷ, ഇന്ത്യയുടെ അഭിവൃദ്ധി' എന്നതാണ് യാത്രയുടെ സന്ദേശം. രാജ്യത്തിന്റെ തീര സുരക്ഷയുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് സൈക്ലോത്തോണ്‍ സംഘടിപ്പിക്കുന്നത്. സിഐഎസ്എഫിന് രാജ്യത്തെ വിവിധ സമൂഹങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയെന്നതും ലക്ഷ്യമാണെന്ന് സിഐഎസ്എഫ് പറയുന്നത്.