'പാൽ കുടിച്ചും പാട്ട് കേട്ടും വളർന്ന കോഴിയാണ് ': ഹാഫ് ചിക്കന്‍ വില 5,500 രൂപ; വൈറൽ 'സൺഫ്ലവർ ചിക്കൻ'

Mail This Article
ഷാങ്ഹായ് ∙ സ്വാദൂറും ഭക്ഷണത്തിന്റെ പേരിൽ ഒരു റസ്റ്ററന്റ് പ്രശസ്തി നേടുന്നതിൽ പുതുമയില്ല. വിലക്കൂടുതൽ കൊണ്ടും ചില റസ്റ്ററന്റുകൾ വൈറലാണ്. ഇതുപോലെ പ്രശസ്തി നേടിയ ചൈനയിലെ ഷാങ്ഹായിലെ ഒരു റസ്റ്ററന്റ് പരിചയപ്പെട്ടാലോ?. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമത്തിലെ താരമാണ് ഷാങ്ഹായിലെ ഒരു റസ്റ്ററന്റിൽ വിളമ്പുന്ന ഹാഫ് ചിക്കൻ.
അതിന് ഒന്നല്ല, രണ്ട് കാരണങ്ങളുണ്ട്. ഒന്ന് അതിന്റെ വിലയാണ്, 5,500 രൂപ. ഇവർ പ്രത്യേകമായി വളര്‍ത്തുന്ന കോഴി ഉപയോഗിച്ചാണ് ചിക്കൻ വിഭവം തയാറാക്കുന്നത്. അതു കൊണ്ട് തന്നെ മാംസത്തിന് രുചിയും ഗുണവും കൂടുമെന്നാണ് റസ്റ്ററന്റ് മേധാവികളുടെ അവകാശവാദം. രണ്ടാമത്തെ കാരണം കുറച്ച് വെറൈറ്റിയാണ്. ഈ കോഴിയെ പാൽ കൊടുത്തും ശാസ്ത്രീയ സംഗീതം കേൾപ്പിച്ചുമാണത്രെ വളർത്തുന്നത്.
മാർച്ച് 14ന് ഈ റസ്റ്ററന്റിലെത്തിയ ബിസിനസുകാരനും ഇൻഫ്ലുവൻസറുമായ യുവാവ് ഹാഫ് ചിക്കന്റെ വില കേട്ട് ഒന്ന് ഞെട്ടി. 480 യുവാൻ അതായത് 5,500 രൂപ. വില കേട്ടതോടെ ഇതെന്താ ഈ കോഴിയെ പാല് കൊടുത്തും പാട്ട് കേൾപ്പിച്ചും വളർത്തിയതാണോ എന്ന് ഇയാൾ ഹോട്ടൽ ജീവനക്കാരനോട് തമാശയായി ചോദിച്ചു. യുവാവിനെ അത്ഭുതപ്പെടുത്തി, അതേ എന്ന് ജീവനക്കാരൻ മറുപടി നൽകി

ഗ്വാങ്‌ഡോങ്ങിലെ ഒരു ഫാമിൽ നിന്ന് കൊണ്ടുവന്ന 'സൺഫ്ലവർ ചിക്കൻ' അഥവാ 'എംപറർ ചിക്കൻ' എന്നറിയപ്പെടുന്ന അപൂർവ ഇനമാണ് ഉയര്‍ന്ന വിലയില്‍ തീന്‍മേശയിലെത്തുന്ന ചിക്കൻ എന്നും റസ്റ്ററന്റ് ജീവനക്കാരൻ പറഞ്ഞു.
കോഴികള്‍ക്ക് ഫാമിൽ പാല്‍ നല്‍കുന്നുണ്ടോ എന്ന കാര്യത്തിൽ ഉറപ്പില്ല. പക്ഷേ കോഴി ഫാമില്‍ സംഗീതമുണ്ട്. സൂര്യകാന്തിയുടെ നീര് ആഹാരമായി നല്‍കി വളര്‍ത്തുന്ന കോഴിയാണിതെന്നും ഈ കോഴിക്ക് പല സ്ഥലങ്ങളിലും 2000 രൂപ മുതല്‍ 11000 രൂപ വരെ വിലയുണ്ടെന്നും ജീവനക്കാർ പറഞ്ഞു. പല റസ്റ്ററന്റുകളും ഈ ചിക്കൻ വിഭവങ്ങൾക്ക് വലിയ വിലയിടാറുണ്ടെന്നാണ് റിപ്പോർട്ടുകൾ.