ഹൈദരാബാദിൽ സൺറൈസേഴ്സിനെ വിറപ്പിച്ച് ‘സൂപ്പർ ജയന്റ്’ ലക്നൗ; പുരാൻ 26 പന്തുകളിൽ 70 റൺസ്, അഞ്ച് വിക്കറ്റ് വിജയം

Mail This Article
ഹൈദരാബാദ്∙ ബാറ്റുകൊണ്ടും പന്തുകൊണ്ടും തകർത്തുകളിച്ച ലക്നൗ സൂപ്പർ ജയന്റ്സിനു മുന്നിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഒരു ഭീഷണിയായില്ല. ഫലം സൺറൈസേഴ്സിന്റെ ഹോം ഗ്രൗണ്ടിൽ ലക്നൗവിന് അഞ്ച് വിക്കറ്റ് വിജയം. ഹൈദരാബാദ് ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 23 പന്തുകള്‍ ബാക്കിനിൽക്കെ വിജയ റൺസ് കുറിച്ചു. മറുപടി ബാറ്റിങ്ങിൽ സൺറൈസേഴ്സിന്റെ ശൈലിയിലായിരുന്നു ലക്നൗ സൂപ്പർ ജയന്റ്സിന്റെ ചേസിങ്. അതിനു നേതൃത്വം നൽകിയതാകട്ടെ വൺഡൗണായി ഇറങ്ങിയ നിക്കോളാസ് പുരാൻ. 26 പന്തുകൾ നേരിട്ട പുരാൻ ആറു സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തി നേടിയത് 70 റൺസ്. 18 പന്തുകളിലാണ് പുരാൻ അർധ സെഞ്ചറി പിന്നിട്ടത്.
ഡൽഹി ക്യാപിറ്റൽസിനെതിരായ ലക്നൗവിന്റെ ആദ്യ മത്സരത്തിൽ പുരാൻ 30 പന്തിൽ 75 റൺസെടുത്തിരുന്നു. ഓപ്പണർ മിച്ചൽ മാർഷും മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി തികച്ചു. 31 പന്തിൽ 52 റൺസാണ് മാർഷ് അടിച്ചത്. നാലു റൺസെടുത്തു നിൽക്കെ, എയ്ഡൻ മാർക്രമിനെ നഷ്ടമായ ലക്നൗവിനെ, മാർഷും പുരാനും ചേർന്ന് സുരക്ഷിതമായ നിലയിലെത്തിച്ചു. 7.3 ഓവറിലാണ് (45 പന്തുകൾ) ലക്നൗ 100 കടന്നത്. സ്കോർ 154 ൽ നിൽക്കെ ആയുഷ് ബദോനിയും (ആറ്), 164ൽ ക്യാപ്റ്റൻ ഋഷഭ് പന്തും (15 റൺസ്) മടങ്ങി. എന്നാൽ ഇന്ത്യൻ താരം അബ്ദുൽ സമദും ഡേവിഡ് മില്ലറും (ഏഴു പന്തിൽ 13) ചേർന്ന് 16.1 ഓവറിൽ ലക്നൗവിനായി വിജയ റൺസിലെത്തി.
ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സ് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. 28 പന്തിൽ 47 റൺസെടുത്ത ട്രാവിസ് ഹെഡാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. അനികേത് വർമ (13 പന്തിൽ 36), നിതീഷ് കുമാർ റെഡ്ഡി (28 പന്തിൽ 32), ഹെൻറിച് ക്ലാസൻ (17 പന്തിൽ 26) എന്നിവരാണ് ഹൈദരാബാദിന്റെ മറ്റു പ്രധാന സ്കോറർമാർ. ലക്നൗവിനായി ഷാർദൂൽ ഠാക്കൂർ നാലോവറിൽ 34 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. മെഗാലേലത്തിൽ ആരും ടീമിലെടുക്കാതിരുന്ന ഠാക്കൂർ പകരക്കാരനായാണ് ലക്നൗവിലെത്തുന്നത്. ആറു വിക്കറ്റുകളുമായി ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ് ഠാക്കൂർ ഇപ്പോൾ.
മത്സരത്തിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ അഭിഷേക് ശർമയെയും (ആറ്), രണ്ടാം പന്തിൽ ഇഷാൻ കിഷനെയും (പൂജ്യം) പുറത്താക്കിയ ഷാർദൂൽ ഠാക്കൂറാണ് ഹൈദരാബാദിനെ ആദ്യം ഞെട്ടിച്ചത്. വിക്കറ്റു പോയാലും ബൗണ്ടറികൾ മതി എന്ന സമീപനവുമായി ഹൈദരാബാദ് ബാറ്റർമാർ പൊരുതിയതോടെ ലക്നൗ ബോളർമാരും വിട്ടുകൊടുത്തില്ല. എട്ടാം ഓവറിൽ ട്രാവിസ് ഹെഡിനെ പ്രിൻസ് യാദവ് ബോൾഡാക്കി.10.4 ഓവറിലാണ് ഹൈദരാബാദ് 100 പിന്നിട്ടത്. മധ്യനിരയുടെ കരുത്തിലായിരുന്നു ഹൈദരാബാദിന്റെ പിന്നീടുള്ള പ്രതീക്ഷകൾ.

നിതീഷ് കുമാർ റെഡ്ഡിയും ക്ലാസനും അനികേത് വര്‍മയും മോശമല്ലാത്ത ബാറ്റിങ് പ്രകടനം നടത്തിയെങ്കിലും വമ്പൻ സ്കോറിലേക്കു വളരാൻ ലക്നൗ അനുവദിച്ചില്ല. അഭിനവ് മനോഹറിനെയും മുഹമ്മദ് ഷമിയെയും പുറത്താക്കി ഷാർദൂൽ ഠാക്കൂർ വിക്കറ്റു നേട്ടം നാലാക്കി. 11 പന്തില്‍ 12 റൺസുമായി ഹർഷൽ പട്ടേൽ പുറത്താകാതെനിന്നു. ലക്നൗവിനായി ആവേശ് ഖാൻ, ദിഗ്‍വേഷ് രാഥി, രവി ബിഷ്ണോയി, പ്രിൻസ് യാദവ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി. മത്സരത്തിൽ ടോസ് നേടിയ ലക്നൗ ഹൈദരാബാദിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു.