‘ഡോണ്ട് പ്ലേ വിത്ത് മഹാനടി’; ടര്‍ക്കിഷ് ഐസ്ക്രീംകാരനെ കുഴപ്പിച്ച് കീര്‍ത്തി സുരേഷ്

Mail This Article
ദുബായ് യാത്രയ്ക്കിടെ ഗ്ലോബല്‍ വില്ലേജില്‍ നിന്നുള്ള രസകരമായ വിഡിയോ പങ്കുവച്ചിരിക്കുകയാണ് കീര്‍ത്തി സുരേഷ്. ദുബായ് ഗ്ലോബല്‍ വില്ലേജിലെ ടര്‍ക്കിഷ് ഐസ്ക്രീം സ്റ്റാളില്‍ നിന്നുള്ള വിഡിയോ ആണ് കീര്‍ത്തി പോസ്റ്റ് ചെയ്തിട്ടുള്ളത്.
ഒരു കോലിന്‍റെ അറ്റത്ത് ഐസ്ക്രീം വച്ച് കൈയിൽ തരാതെ കളിപ്പിക്കുന്ന ഇത്തരം വിഡിയോകള്‍ മുന്‍പും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഐസ്ക്രീം വാങ്ങിച്ചിട്ട്, പണം കൊടുക്കുമ്പോള്‍ അവര്‍ ചെയ്തതു പോലെ അങ്ങോട്ടും ഇങ്ങോട്ടും തെന്നിമാറുന്ന കീര്‍ത്തിയെ വിഡിയോയില്‍ കാണാം. പിന്നീട് കീര്‍ത്തിയുടെ കൈ പിടിച്ച് പണം വാങ്ങിയെടുക്കുന്നു. അവസാനം എല്ലാവരും ചേര്‍ന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുമുണ്ട്.
റമസാനില്‍ തിളങ്ങി ഗ്ലോബല്‍ വില്ലേജ്
യുഎഇയിലെ ജനങ്ങൾ പെരുന്നാള്‍ അവധിക്കാലം ആഘോഷിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഇടമാണ് ദുബായ്. വർഷത്തിൽ 50 ലക്ഷത്തിലധികം സന്ദർശകർ വരുന്ന ഗ്ലോബല്‍ വില്ലേജിലും റമസാന്‍ സമയത്ത് തിരക്കേറും. വ്യത്യസ്ത രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും സംസ്കാരവും ഉല്‍പ്പന്നങ്ങളും കൂടാതെ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണം വിളമ്പുന്ന റസ്റ്ററന്റുകളും കാർണിവലുകളുമെല്ലാം ഒറ്റ ഇടത്ത് ആസ്വദിക്കാനാവും എന്നത് ഗ്ലോബല്‍ വില്ലേജിന്‍റെ സവിശേഷതയാണ്. പ്രതിദിനം ഏകദേശം അരലക്ഷത്തോളം ആളുകളാണ് ഉത്സവസമയങ്ങളില്‍ ഗ്ലോബല്‍ വില്ലേജ് കാണാനെത്തുന്നത്.
പുണ്യമാസം പിറന്നതോടെ ഗ്ലോബല്‍ വില്ലേജിലെത്തുന്ന സന്ദര്‍ശകരെ വരവേല്‍ക്കാന്‍ റമസാൻ സ്പെഷല്‍ കാഴ്ചകള്‍ ഒരുക്കിയിട്ടുണ്ട്. പ്രവർത്തനസമയത്തില്‍ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. റമസാനിൽ ഞായർ മുതൽ ബുധൻ വരെ വൈകിട്ട് 5 മുതൽ രാത്രി ഒന്നുവരെയും വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 5 മുതൽ രാത്രി 2 വരെയുമായിരിക്കും ഗ്ലോബൽ വില്ലേജ് തുറന്നിരിക്കുന്നത്.
നോമ്പുതുറ സമയമാകുമ്പോള്‍ ഗ്ലോബൽ വില്ലേജിലെ പ്രധാനവേദിയിൽ എല്ലാ ദിവസവും പീരങ്കിയുതിര്‍ക്കുന്നുണ്ട്. മാത്രമല്ല, 250 ലേറെ റസ്റ്ററന്റുകളിലായി രുചിയൂറും നോമ്പുതുറ വിഭവങ്ങളും ലഭിക്കും. നോമ്പുതുറക്കാനും സുഹൂറിനുമുള്ള വിഭവങ്ങളും ഇടസമയങ്ങളിലെ ചെറുകടികളുമെല്ലാം ഒരുക്കിയിട്ടുണ്ട്.
കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുകൂടാൻ പ്രത്യേക ഇരിപ്പിടങ്ങളുള്ള മുൽതാഖാ ഗ്ലോബൽ വില്ലേജും തുടങ്ങിയിട്ടുണ്ട്. ഒരുമിച്ചിരുന്ന് ഭക്ഷണം പങ്കിടാനും വിശേഷങ്ങൾ പറയാനുമായി മജ്‌ലിസ് രീതിയിലുള്ള ഇരിപ്പിടങ്ങളാണ് മുൽതാഖായിൽ ഒരുക്കിയിട്ടുള്ളത്. പ്രധാനവേദിക്കും ഡ്രാഗൺ ലേക്കിനും ഇടയിലാണിത്.
നല്ല നടപ്പുകാര്‍ക്ക് സമ്മാനം
നോമ്പുകാലത്ത് ആരോഗ്യം കാത്തു സൂക്ഷിക്കുന്ന ആളുകള്‍ക്ക് പ്രോത്സാഹനം നല്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ നടപ്പ് ചലഞ്ചും അവതരിപ്പിച്ചിട്ടുണ്ട്. ഗ്ലോബൽ വില്ലേജിന്‍റെ മൊബൈൽ ആപ്പിലൂടെ ഇതില്‍ പങ്കെടുക്കാം. ആളുകള്‍ വില്ലേജിന്‍റെ ഗേറ്റ് കടക്കുന്നതു മുതലുള്ള ചുവടുകളുടെ എണ്ണം ആപ്പിൽ രേഖപ്പെടുത്തും. ഒരു പ്രാവശ്യം ഉള്ളില്‍ കയറി, തിരിച്ചിറങ്ങുന്നതുവരെയുള്ള സമയത്ത് 10,000 ചുവടുകൾ നടന്നുതീര്‍ത്തവര്‍ക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.
ഗ്ലോബൽ വില്ലേജിലെ 30 പവിലിയനുകളും 200 ഗെയിമുകളുമൊക്കെ കണ്ടുതീർക്കുമ്പോഴേക്കും 10,000 ചുവടുകൾ പിന്നിടാന്‍ വിഷമമില്ല. ഗ്ലോബൽ വില്ലേജിലേക്കുള്ള എൻട്രി ടിക്കറ്റ്, റസ്റ്ററന്റുകളിൽ നിന്നു ഭക്ഷണത്തിനുള്ള വൗച്ചർ, കാർണിവലിൽ ഉപയോഗിക്കാവുന്ന വണ്ടർ പാസുകൾ എന്നിവയാണ് വിജയികള്‍ക്ക് സമ്മാനമായി നല്‍കുന്നത്. മാര്‍ച്ച് 30 വരെ ചലഞ്ച് ഉണ്ടാകും.