ഞാൻ നടന്ന പാപശിലകൾ

Mail This Article
1998 ഓഗസ്റ്റ് മാസത്തിലാണ് ഞാൻ പ്രകാശങ്ങളുടെ നഗരം എന്ന് വിളിക്കപ്പെടുന്ന പാരിസിൽ ആദ്യമായി വന്നത്. ഞാൻ പഠിച്ചിരുന്ന ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ കേന്ദ്ര സർവകലാശാലയിൽ ഒന്നാം വർഷം എം എയുടെ പരീക്ഷകൾ അതിനും രണ്ടാഴ്ചകൾക്ക് മുൻപേ അവസാനിച്ചിരുന്നു. രണ്ടാം വർഷത്തെ ക്ലാസുകൾ തുടങ്ങാൻ പിന്നെയും ഒരാഴ്ച കൂടിയുണ്ട്.
ഡൽഹിയിലെ കൊടും ചൂടിൽ നിന്ന് രക്ഷപ്പെട്ട് ഓടാനെന്നവണ്ണം ഞങ്ങളുടെ ക്ലാസ്സിലെ വിദ്യാർഥികളിൽ മിക്കവരും ഉത്തർ പ്രദേശിലെയും, രാജസ്ഥാനിലെയും, ബീഹാറിലെയും, മണിപ്പൂരിലെയും, ജമ്മു കശ്മീരിലേയുമൊക്കെ അവരവരുടെ വീടുകളിലേക്ക് പോയി.
ഡൽഹിയിൽ ജനിച്ചു വളർന്ന സഞ്ജീവ് നായർ ആയിരുന്നു എന്നെക്കൂടാതെ ഞങ്ങളുടെ എം എ ക്ലാസ്സിൽ ഉണ്ടായിരുന്ന ഏക മലയാളി. അവന്റെ മാതാപിതാക്കളാണെങ്കിൽ ആ വർഷം കേരളത്തിൽ അവധിക്ക് പോകുന്നില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അവനും ഡൽഹിക്കാരായ ചില സഹപാഠികളും ഒഴികെ, എല്ലാവരും തന്നെ രണ്ടാഴ്ച മുൻപേ രാജ്യ തലസ്ഥാനം വിട്ടിരുന്നു.
യൂണിവേഴ്സിറ്റി ലൈബ്രറിയിൽ അനാഥനെപ്പോലെ കിടന്നിരുന്ന ഒരു ഇംഗ്ലിഷ് പത്രത്തിൽ ഇന്ത്യയിലെ ഫ്രഞ്ച് എംബസിയുടെ ശാസ്ത്ര സാങ്കേതിക സാംസ്ക്കാരിക വിഭാഗം നൽകിയ ഒരു പരസ്യം കണ്ടിരുന്നു ഏതാനും മാസങ്ങൾക്കു മുൻപ്. ഒരു മാസത്തെ സാമൂഹികശാസ്ത്ര ഗവേഷണത്തിന് ഫ്രാൻസിലേക്ക് പോകാനുള്ള അപേക്ഷ നൽകിയത്.
“മിസ്റ്റർ അബ്രഹാം യു ഡോണ്ട് ഹാവ് എനി പ്രീവിയസ് എക്സ്പീരിയൻസ് ഇൻ സോഷ്യൽ റിസർച്ച്…”അന്ന് ഒരു ഓപചാരികത കരുതി മാത്രം ഇന്റർവ്യൂവിന് ക്ഷണിക്കപ്പെട്ട എനിക്ക് ആ ചോദ്യത്തിനുള്ള മറുപടി ഉണ്ടായിരുന്നില്ല. എനിക്ക് സെലക്ഷൻ കിട്ടുകയില്ല എന്ന് ഉറപ്പായ ഒരു നിമിഷമായിരുന്നു അത്. നഷ്ടപ്പെടാൻ ഒന്നുമില്ല എന്ന് തോന്നിയ ഒരു സമയം.
“ആരും അവസരം തരുന്നില്ലെങ്കിൽ എനിക്ക് ഒരു എക്സ്പീരിയൻസും ഒരിക്കലും ഉണ്ടാകില്ലല്ലോ…” എന്ന് പറഞ്ഞു തുടങ്ങിയ എന്റെ നീണ്ട മറുപടിയിൽ ആത്മവിശ്വാസമോ ബോധ്യങ്ങളോ ഒക്കെ തോന്നിയത് കൊണ്ടാകണം അവർ അന്നെന്നെ ഫ്രാൻസിൽ പോയി ചെയ്യേണ്ട ഒരു മാസത്തെ ഗവേഷണത്തിനായി തിരഞ്ഞെടുത്തത്. ഒരു മാസം കഴിഞ്ഞ് ഞാൻ ഡൽഹിയിൽ മടങ്ങിച്ചെന്ന് തുടർന്നുള്ള ഒരു വർഷക്കാലം രണ്ടാം വർഷത്തെ എം എ പഠനം തുടർന്നു.
1999ൽ എം എ അവസാന വർഷ പരീക്ഷകൾ എഴുതി, ഗവേഷണ പ്രബന്ധം സമർപ്പിച്ച്, അതിന്റെ വൈവയും കഴിഞ്ഞ് വീണ്ടും രണ്ട് മാസത്തേക്ക് ഞാൻ പാരിസിലേക്ക് പറന്നു. തലേ വർഷം ഞാൻ ചെയ്ത ജോലിയിൽ സംതൃപ്തി ഉള്ളതുകൊണ്ടാകണം ഇക്കുറി പരസ്യങ്ങൾ നൽകാതെയും ഇന്റർവ്യൂ നടത്താതെയുമാണ് അവർ എന്നെ പാരിസിലേക്ക് അയച്ചത്. എം എയുടെ റിസൾട്ട് ഞാൻ ഫ്രാൻസിലേക്ക് പോന്ന് ഒരു മാസം കൂടി കഴിഞ്ഞാണ് വന്നത്.
രണ്ട് മാസത്തെ സാമൂഹികശാസ്ത്ര ഗവേഷണത്തിന് ഇക്കുറി ഫ്രാൻസിൽവന്ന എനിക്ക് ഒരു മാസത്തേക്ക് കൂടി എന്റെ വീസ നീട്ടിയെടുക്കേണ്ടി വന്നു. അതിനുള്ള അപേക്ഷ സമർപ്പിച്ചപ്പോൾ ലഭിച്ചതോ ഒരു വർഷത്തെ സ്റ്റുഡന്റ് റെസിഡന്റ് കാർഡും. അറിയാതെ ലോട്ടറി അടിച്ചുകിട്ടിയതു പോലുള്ള ആവേശത്തിൽ ഞാൻ പാരിസ് സർവകലാശാലയിൽ എം ഫില്ലിന് അഡ്മിഷന് അപേക്ഷിച്ചു.

ഡൽഹിയിലെ യൂണിവേഴ്സിറ്റിയിൽനിന്ന് ഉന്നത വിജയം നേടിയതിനാലും, മൂന്നു മാസം കൊണ്ട് ഫ്രഞ്ച് ഭാഷയിൽ ചെറുതായെങ്കിലും ആശയവിനിമയം നടത്താൻ തുടങ്ങിയതിനാലുമാകണം, പാരിസ് യൂണിവേഴ്സിറ്റിയിലെ എം ഫിൽ അഡ്മിഷൻ പെട്ടെന്ന് തരപ്പെട്ടത്. ഞാൻ അപ്പോൾ താമസിച്ചിരുന്ന തെക്കൻ ഫ്രാൻസിലെ ലൂർദിന് അടുത്തുള്ള സ്ഥലത്തുനിന്നും പാരീസിലേക്ക് താമസം മാറാനുള്ള ഒരുക്കങ്ങൾ നടത്തുമ്പോളാണ് മൂത്ത സഹോദരി ജെസിയുടെ കത്ത് വരുന്നത്. അമ്മയുടെ ആരോഗ്യനില ഏറെ വഷളായെന്നും കമ്പിളികണ്ടത്തെ നിർമലാ ആശുപത്രിയിൽ അഡ്മിറ്റായിരിക്കുകയാണെന്നും പറഞ്ഞായിരുന്നു അവളുടെ കത്ത്.
അമ്മ ഇനിയും അധികനാൾ ഉണ്ടാകുകയില്ലെന്നും അതുകൊണ്ടുതന്നെ കാണാനുള്ളവർ എല്ലാം വന്നു കാണട്ടെയെന്നും ലൂസി ഡോക്ടർ പറഞ്ഞുവത്രെ. തൊട്ടടുത്ത ദിവസത്തെ മടക്കയാത്രക്ക് പോലും പറയാനുണ്ട് ഇല്ലായ്മയുടെയും ദുരിതത്തിന്റെയും ഒരു നീണ്ട കഥ. ഞാൻ നാട്ടിൽ മടങ്ങി വന്നു കുറച്ചു ദിവസങ്ങൾക്കകം അമ്മ ആരോഗ്യം വീണ്ടെടുത്തു. തുടർന്നു വന്ന ഏതാനും മാസങ്ങൾ കൂട്ടിക്കൊണ്ടുപോകാൻ വരുന്ന മാലാഖയെ കാത്തിരിക്കാൻ അമ്മ മെനക്കെട്ടില്ല.
കടന്നു പോന്ന കനൽ വഴികൾക്കപ്പുറം മക്കളോടൊപ്പം കുറേക്കാലം കൂടി കഴിയണമെന്ന മോഹം അമ്മയുടെ ക്ഷീണിച്ച കണ്ണുകൾ പേറിയിരുന്നു. മടങ്ങിപ്പോകാൻ മടിച്ചു നിന്ന അമ്മയുടെ പ്രതീക്ഷകളെ തമ്പുരാൻ അധികനാൾ അനുകൂലിച്ചില്ല. 2000 ഫെബ്രുവരി പതിനഞ്ചിന് അമ്മ മരിക്കുമ്പോൾ ഞങ്ങൾ നാലു മക്കളും അരികെത്തന്നെ ഉണ്ടായിരുന്നു.
ഞങ്ങൾ ആരും കാണാതെ മറ്റേതോ ലോകത്തുനിന്ന് വന്ന മാലാഖ അമ്മയെ കൂട്ടിക്കൊണ്ടുപോയ ആ പ്രഭാതത്തിൽ, ഇരുപത്തിയാറു വയസ്സ് അപ്പോഴും തികഞ്ഞിട്ടില്ലാതിരുന്ന എനിക്ക് എന്റെ ആത്മാവിന്റെ ഭീത്തികൾ വലിച്ചുകീറിയ വേദനയായിരുന്നു. അമ്മ അവരുടെ ത്യാഗങ്ങൾക്കൊണ്ടും കഷ്ടപ്പാടുകൾക്കൊണ്ടും ദാനമായി എനിക്ക് തന്ന ജീവിതം പൊടുന്നനെ വഴിമുട്ടി നിന്നു.
ഇടുക്കിയിലെ തെള്ളിത്തോട്ടിലെ ഞങ്ങളുടെ പള്ളി സെമിത്തേരിയിൽ അടക്ക് കഴിഞ്ഞ് പിരിഞ്ഞ ആയിരങ്ങൾ ഞങ്ങൾ നാലു മക്കളുടെയും വാവിട്ടുള്ള കരച്ചിൽക്കണ്ട് പകച്ചു നിന്നു. തുടർന്നു വന്ന മൂന്നു മാസക്കാലം ഞാൻ വീട്ടിൽത്തന്നെ നിന്നു. ഞങ്ങളുടെ വീടിന്റെ ഭിത്തികളിലും തൊടിയിലും, എന്തിന് അമ്മ വർഷങ്ങളോളം കൂലിപ്പണി ചെയ്ത വയലുകളിലും തൊടികളിലും തോട്ടിലും പാറമടകളിലുമെല്ലാം ഞാൻ അമ്മയുടെ അപ്പോഴും മടങ്ങിപ്പോകാത്ത മണവും തേടി നടന്നു.
പിന്നെയും മൂന്ന് മാസങ്ങൾ കഴിഞ്ഞ് രണ്ടായിരാമാണ്ടിലെ മേയ് 20ന് എന്നെ പിന്നോട്ട് കൊളുത്തി വലിക്കുന്ന ഒന്നും ഇല്ലെന്ന തോന്നലുമായാണ് ഞാൻ ഡൽഹിയിൽ നിന്ന് പാരീസിന് വീണ്ടും വിമാനം കയറിയത്. അമ്മ ദാനമായി തന്ന ജീവിതം വിജയിക്കണമെന്നും എന്റെ മൂന്നു സഹോദരിമാരെ എങ്ങനെയെങ്കിലും കര പറ്റിക്കണമെന്നുമുള്ള സ്വപ്നങ്ങളാണ് എനിക്കുണ്ടായിരുന്നത്.
വേദനകളുടെയും മുറിവുകളുടെയും ഇല്ലായ്മയുടെയും വിശപ്പിന്റെയുമൊക്കെ ഭാരം പേറിവരുന്ന ഭൂതകാലം പത്തു മണിക്കൂറോളം നീണ്ടുനിന്ന വിമാനയാത്രയിൽ എന്റെ മനസ്സിൽ പതിഞ്ഞു കിടന്നു. ആ യാത്ര തുടങ്ങിയിട്ട് ഇരുപത്തിയഞ്ചു വർഷമാകുമ്പോൾ കടന്നുപോന്ന കാലത്തിന്റെ നേർരേഖകൾ ഒന്നുകൂടി നോക്കിക്കാണണം എന്ന എന്നെ വിട്ടുപോകാത്ത ഒരാഗ്രഹമാണ് ഈ എഴുത്തിന് കാരണം.
ഇന്നിന്റെ വിരുന്നു മേശകളിലെ രുചിക്കൂട്ടുകളും പ്രവാസിയുടെ പത്രാസും ഒക്കെ ഇന്നലകളുടെ ഇരുളുകളെയും മുറിവുകളെയും മായ്ച്ചു കളയാൻ നോക്കും. ഫ്രാൻസിൽ ജനിച്ചു വളർന്ന എന്റെ നാലു മക്കൾക്കും വേണ്ടി, ഞാൻ കടന്നുപോന്ന പ്രവാസ ജീവിതത്തിന്റെ നിഴൽവീണ മൺവഴികളെക്കുറിച്ചും ഞാൻ തനിച്ചു നടന്ന തണുത്ത ചുരങ്ങളെപ്പറ്റിയും കോറിയിടണം എന്ന ചിന്തയാണ് ഈ എഴുത്തിനാധാരം.
കഴിഞ്ഞുപോയ കാലത്തിന്റെ മടക്കുകളിലെവിടെയെങ്കിലും അള്ളിപ്പിടിച്ചിരിക്കാനുള്ള എന്റെ മോഹമല്ല ഈ എഴുത്തിന് എന്നെ പ്രേരിപ്പിച്ചത്. ഭൂതകാലത്തിന്റെ പെയ്യാത്ത മേഘങ്ങളിൽ അഭയം തേടാനോ, അവയെ അയവിറക്കി ജീവിക്കാനോ ഇഷ്ടമുള്ള ആളല്ല ഞാൻ. മരിച്ചുപോയ ഇന്നലെകൾ എനിക്ക് സമ്മാനിച്ചതെല്ലാം എന്റെ നന്മക്കാണെന്ന് കരുതുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ, ഈ കുറിപ്പ് എന്റെ ഗ്രാറ്റിറ്റൂഡ് പുസ്തകം കൂടിയാണ്. എന്റെ കൃതജ്ഞതയുടെ അക്ഷരക്കൂപ്പുകൈ.
ഞാൻ കണ്ടുമുട്ടിയ നല്ല മനുഷ്യരുടെയും, ഈശ്വരന്മാരായി എന്റെ മുന്നിൽ വന്നു നിന്ന അത്തരം ജന്മങ്ങൾ എന്നെ എങ്ങനെ ഞാനാക്കി എന്ന് പറയാനാണ്, കാൽ നൂറ്റാണ്ടു കടന്ന എന്റെ പ്രവാസ ജീവിതത്തേക്കുറിച്ച് എഴുതുന്നത്. ഈ യാത്രയിൽ പല അൽപ മനുഷ്യരെയും ഞാൻ കണ്ടുമുട്ടി. പല പിശാചുക്കളും എന്നെ എന്റെ മരുഭൂമികളിൽ പരീക്ഷിച്ചു. അവരോടൊന്നും പരിഭവിക്കാനോ അവരെ ആരെയും വിധിക്കുവാനോ അല്ല ഞാൻ എഴുതുന്നത്. ഈ പറുദീസയിൽ വിജയിച്ചു നേട്ടങ്ങൾ കൈവരിച്ച ഒരാളുടെ മേനി പറച്ചിലല്ല ഇത്. ഈ പ്രവാസിയുടെ പറുദീസയിൽ എന്റെ വീഴ്ചകളുടെയും തെറ്റുകളുടെയും വിവരണങ്ങളുണ്ട്. ഞാൻ വീണ ചെളിക്കുഴികളും ഞാൻ ചുമന്ന പാപങ്ങളുമുണ്ട്.
ഇത് എന്റെ വിജയങ്ങളുടെ മാത്രം സുവിശേഷമല്ല, ഉയിർത്തെഴുന്നേൽപ്പിനു മുൻപ് ഞാൻ കടന്നുപോന്ന ഒട്ടേറെ മരുഭൂമികളും രക്തം വിയർത്ത ഗത്സമേൻ തോട്ടങ്ങളുണ്ട്. ഈ എഴുത്തിൽ ഞാൻ ഏറ്റ ചാട്ടവാർ അടികളുണ്ട്. ഞാൻ ചുമന്ന പരിഹാസത്തിന്റെ മുൾമുടികളുണ്ട്. എന്റെ ജീവിത യാത്രയുടെ ഈ കുറിപ്പിൽ നന്മ മോഹിച്ചിട്ടും കുറ്റക്കാരനായി വിധിക്കപ്പെടുന്ന ചില നാഴികക്കല്ലുകളുണ്ട്. വിജയങ്ങളെ തേടിയുള്ള ആ യാത്രയിൽ പലപ്പോഴും ഞാൻ വീണുപോയി. മുറിവുകൾ നിറഞ്ഞ് ഞാൻ മയങ്ങിക്കിടന്ന ചില നാളുകൾക്കു ശേഷം കല്ലറയിൽനിന്നും എഴുന്നേറ്റ്, പാറയടപ്പിനെ തള്ളി നീക്കി ഉയിർത്തെഴുന്നേറ്റ കഥകൂടിയാണിത്.
ആ ഉയിർപ്പിനു ശേഷം അനേകരെ ഞാൻ ചേർത്തു പിടിച്ചു, കൈപിടിച്ച് നടന്നു. ഞാനെന്ന പ്രവാസിയുടെ പറുദീസയിൽ പാപം ചെയ്യാത്ത മനുഷ്യരും, പരീക്ഷിക്കുന്ന പാമ്പുകളും, പ്രലോഭനങ്ങളിൽ വീഴുന്നവരും പകവീട്ടുന്ന ദൈവങ്ങളും, പതുങ്ങിയിരിക്കുന്ന പിശാചുക്കളുമുണ്ട്. അതാണ് പ്രവാസിയുടെ പറുദീസ.
അൻപതു വയസ്സ് പിന്നിടുമ്പോൾ അനുഭവങ്ങൾ നൽകിയ കുറേ മുത്തുമണികളെ മക്കൾക്കുവേണ്ടി ഞാൻ നീക്കിവയ്ക്കുകയാണ്. ഞാൻ കടന്നുപോന്ന, വെള്ളം പൊങ്ങിയ പുഴയിൽ, തപ്പിത്തടഞ്ഞു കണ്ടെത്തിയ മരക്കഷണങ്ങൾ ചേർത്തുവച്ച് ഞാൻ ഉണ്ടാക്കിയ ജീവിത പാഠങ്ങളുടെ ഒരു ചങ്ങാടമുണ്ട്. അത് എന്റെ മക്കൾക്കും അവരുടെ സമകാലീനർക്കും വേണ്ടി വിട്ടുകൊടുക്കുകയാണ് ഞാൻ ഈ എഴുത്തിലൂടെ ചെയ്യുന്നത്. ഇഷ്ടമെങ്കിൽ ഈ ചങ്ങാടം കയറി കുറച്ചു നേരത്തേക്കെങ്കിലും അവർക്ക് യാത്ര ചെയ്യാം.
പ്രവാസിയുടെ പറുദീസ കാൽ നൂറ്റാണ്ടായി ഞാൻ നടത്തിയ എന്റെ പശ്ചാത്യ പ്രവാസത്തിന്റെ കഥയാണ്. അത് എന്റെ അനുഭവങ്ങളും, ഞാൻ കണ്ടുമുട്ടിയ വ്യക്തികളും, എല്ലാമുള്ള നീണ്ടു പരന്നു കിടക്കുന്ന, വിവിധ നിറങ്ങളുള്ള ഒരു ക്യാൻവാസാണ്. പലപ്പോഴും മഴയും മഞ്ഞും വീണു നിറങ്ങൾ മാഞ്ഞുപോയ ഒരു ക്യാൻവാസാണിത്. വീഴ്ചയിലും ഞാൻ പിടഞ്ഞെഴുന്നേറ്റ് പുതിയ നിറങ്ങൾ കൂട്ടിച്ചേർത്ത ഒരു ക്യാൻവാസ്.
ഇരുപത്തിയഞ്ചു വർഷം പിന്നിട്ട പാശ്ചാത്യ പ്രവാസത്തിന്റെ യാത്രാരേഖ വരയ്ക്കുമ്പോൾ, ഇടുക്കിയിലെ കമ്പിളികണ്ടത്തു നിന്നുള്ള യാത്രയെക്കുറിച്ചും പറയേണ്ടതുണ്ട്. കോടമഞ്ഞു കേറിയ ഞങ്ങളുടെ മലഞ്ചെരുവുകളിൽ കാലം ഞങ്ങൾക്കായി മാറ്റിവച്ചിരുന്ന അനാഥത്വത്തിന്റെയും അവഹേളനങ്ങളുടെയും വിശപ്പിന്റെയും മുറിവുകളുടെയും പഴയ നിയമങ്ങളുണ്ട്. ആ പഴയ നിയമങ്ങൾ ഞങ്ങളിൽ കുറിച്ചിട്ട പ്രയാണങ്ങളും പരീക്ഷണങ്ങളുമെല്ലാം ഈ എഴുത്തിന്റെ തുടക്കത്തിൽ ഉണ്ടാകും. കമ്പിളികണ്ടത്തെ ഞങ്ങളുടെ കുടിലിൽ ഞാൻ അനുഭവിച്ച വിശപ്പാണ് ഇന്നും എന്നെ നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇരുപത്തിയഞ്ചു വർഷത്തെ എന്റെ പ്രവാസത്തിന്റെ പറുദീസായുടെ മുഖമൊഴിപോലെ എന്റെ ഇരുപത്തിയാറു വർഷത്തെ ആദ്യകാല ജീവിതം ഉണ്ടാകും. കടന്നുപോന്ന കനൽപ്പാടങ്ങൾ എനിക്കിന്നും പാഠങ്ങൾ തന്നെയാണ്.
1974ലാണ് ഞാൻ ജനിച്ചത്. ഇടുക്കി ജില്ലയിലെ കമ്പിളികണ്ടം എന്ന മലയോര ഗ്രാമത്തിലെ ഞങ്ങളുടെ പുല്ലുമേഞ്ഞ വീട്ടിൽ അമ്മ, സഹായത്തിന് ആരുമില്ലാതെ എന്നെ പ്രസവിക്കുമ്പോൾ, കുത്തിച്ചാരി വച്ച ഒരു കയറുകട്ടിൽ മാത്രമായിരുന്നു ആശ്രയം. മൺകട്ടകൾ കെട്ടി, പാതി പൊക്കത്തിൽ തീർത്ത അരഭിത്തിക്കപ്പുറം ഏഴു വയസുകാരി ജെസി തന്നിലും നാലു വയസിനു ഇളയവൾ ലാലിയെ ചേർത്തുപിടിച്ചു.

ഇടയ്ക്ക് വീശിയ കാറ്റിൽ അണയാതെ നിന്ന ഓട്ടു വിളക്കിന്റെ വൃത്താകൃതിയിലുള്ള വെട്ടം അവർ കിടന്ന ഒരു കാലൊടിഞ്ഞ കട്ടിലിൽ തൊടാതെ മാറിത്തന്നെ നിന്നു. മേരിക്ക് ആൺകുട്ടികളെ പെറാൻ കഴിയില്ല എന്ന് കുടുംബക്കാരും ബന്ധുക്കളും പറഞ്ഞിരുന്നതുകൊണ്ടാണോ എന്നറിയില്ല, കള്ളുഷാപ്പിൽ നിന്നു മടങ്ങിവന്ന അപ്പൻ കൂട്ടിക്കൊണ്ടുവന്ന വാറ്റുവര പണിക്കത്തി പലവട്ടം പറഞ്ഞു കഴിഞ്ഞാണ് അമ്മ കണ്ണു തുറന്ന് എന്നെ നോക്കിയത്. “ആൺകുട്ടിയാ മേരി….”കണ്ണു തുറന്ന് എന്നെ കെട്ടിപ്പുണർന്ന അമ്മക്ക് ലോകം വിധിച്ച അജ്ഞതയുടെ ശാസ്ത്രത്തിനെതിരെയുള്ള ആദ്യ വിജയമായിരുന്നു ആൺ കുഞ്ഞിന്റെ ജനനം. പിന്നെയും രണ്ടര വർഷം കഴിഞ്ഞാണ് ബിന്ദു ജനിച്ചത്.
പള്ളിക്കും അതിനോട് ചേർന്നുള്ള പള്ളിക്കൂടത്തിനും ചുറ്റും കൂട്ടമായി താമസിച്ചുരുന്ന ഹൈറേഞ്ചിലെ കുടിയേറ്റക്കാർ കാടിനോടും കാട്ടു മൃഗങ്ങളോടും മല്ലടിച്ചു കൃഷി ചെയ്തു ജീവിച്ച കാലം. എഴുപതുകളിൽ കറണ്ടോ, ടാറിട്ട റോഡോ ഒന്നും കമ്പിളികണ്ടത്തോ പാറത്തോട്ടിലോ തെള്ളിത്തോട്ടിലോ പൂതാളിയിലോ ഉണ്ടായിരുന്നില്ല.
പാറത്തോട്ടിലെ പള്ളിയിലാണ് ഞങ്ങളുടെ സമുദായത്തിൽപ്പെട്ടവരും പോയിരുന്നത്. വഴികളിലെ വളവുകൾ തോറും വിശുദ്ധർ കാവൽനിൽക്കുന്ന നേർച്ചപ്പെട്ടികൾ ഇല്ലാതിരുന്ന ഒരു കാലം. വല്ലപ്പോഴും അടിമാലിയിൽനിന്ന് വരുന്ന ജീപ്പുകളിൽ പലചരക്കു സാധനങ്ങൾ കമ്പിളികണ്ടത്തും പാറത്തോട്ടിലുമുള്ള കടകളിൽ വിതരണം ചെയ്ത കാലം.പറ്റു ബുക്കുകൾ വച്ചു വിളവെടുപ്പ് അവധികൾ പറഞ്ഞ് കച്ചവടം നടത്തിയിരുന്ന കടകൾ ഉണ്ടായിരുന്ന കാലം.
1979 ന്റെ ആദ്യ മാസങ്ങളിൽ ഒന്നിൽ അപ്പൻ അമ്മയേയും ഞങ്ങൾ നാലു മക്കളെയും ഉപേക്ഷിച്ചു നാടു വിട്ടുപോയി. പാറത്തോട്ടിലെ സഹകരണ ബാങ്കിൽനിന്നും അപ്പൻ ഒരിക്കലും ചെയ്യാത്ത കൃഷിയുടെ പേരു പറഞ്ഞെടുത്ത വായ്പ് കുടിശികയായി ജപ്തിയിൽ എത്തി നിൽക്കുമ്പോഴാണ് അപ്പൻ നാട് വിടുന്നത്. സ്ത്രീകൾ എന്ത് ചെയ്യണം എങ്ങനെ ജീവിക്കണം എന്നൊക്കെ കുടുംബങ്ങളിൽ കാരണവന്മാർ പറഞ്ഞു കൊടുത്തിരുന്ന കാലമായിരുന്നു അത്.
നാടുവിട്ടു പോകുന്നതിനു മുൻപുള്ള വർഷങ്ങളിലെ രാത്രികളിൽ മദ്യപിച്ചെത്തുന്ന അപ്പൻ തെറിപ്പാട്ടുകളുടെയും അടിപിടിയുടെയും ആഘോഷങ്ങൾ ഒരു പതിവാക്കിയിരുന്നു. മക്കളുടെ വിശക്കുന്ന വയറുകൾക്ക് ആശ്വാസമേകാൻ അമ്മ അയൽ വീടുകളുടെ തൊടിയിലും വയലുകളിലും പണിക്കുപോയി നെല്ലായും അരിയായും കൂലി വാങ്ങി വന്നത് കുടുംബത്തിൽ പിറന്ന പെണ്ണിന് ചേർന്നതല്ല എന്ന വാദമായിരുന്നു അപ്പനും അപ്പന്റെയും അമ്മയുടെയും കുടുംബക്കാർക്കും ഉണ്ടായിരുന്നത്.
അപ്പൻ പോയി രണ്ട് മാസത്തിനകം ഡ്രമ്മടിച്ചു നിക്കറിട്ട പൊലീസുകാരുടെ അകമ്പടിയോടെ ബാങ്കിൽനിന്ന് ജപ്തിക്കു വന്നെങ്കിലും പലിശ അടച്ചു വായ്പ പുതുക്കാൻ അമ്മ മൂന്നു മാസത്തെ അവധി വാങ്ങിയതിനാൽ ജപ്തി നടപടികളിൽനിന്ന് ഒഴിവായി. കുടുംബക്കാരും സമൂഹവുമെല്ലാം അഭിസാരികയെപ്പോലെ കണ്ട്, അവഹേളിച്ച അമ്മ തുടർന്നു വന്ന നാളുകളിലൊന്നിൽ തളർന്നുപോയി.
ഞങ്ങളെ നാലു മക്കളെയും കൂട്ടി ആറു കിലോ മീറ്റർ അകലെയുള്ള കല്ലാർകുട്ടി ഡാമിൽ ചാടി മരിക്കാൻ പോകുമ്പോൾ എനിക്ക് അഞ്ചു വയസായിരുന്നു. കമ്പിളികണ്ടത്ത് എത്തുന്നതിനു മുൻപ്, ജെസ്സിയുടെ നിഷ്കളങ്കമായ ഒരു ചോദ്യം കേട്ട്, മരിക്കാൻ പോകാനെടുത്ത തന്റെ തീരുമാനത്തെ പഴിച്ച്, മക്കളെയും കൂട്ടി മടങ്ങി വന്ന സ്ത്രീയാണ് എന്റെ അമ്മ.“ഇവിടെ കമ്പിളികണ്ടത്തും തെള്ളിത്തോട്ടിലുമൊക്കെ ഉള്ള ആളുകൾക്കല്ലേ നമ്മളെ അറിയത്തൊള്ളൂ. ചിന്നാറു കടന്ന് അക്കരെപ്പോയി ധർമ്മം തെണ്ടിയാൽ നമുക്ക് കഴിക്കാനുള്ളത് കിട്ടത്തില്ലേ അമ്മേ? അപ്പോ നമുക്ക് മരിക്കണ്ടല്ലോ…”ജെസ്സി അന്ന് രാത്രി പറഞ്ഞ ആ വാക്കുകളാണ് ലോകത്തോട് മുഴുവൻ പട വെട്ടി ജീവിക്കാനുള്ള കരുത്തുമായി പുനർജനിക്കാൻ ആ മുപ്പത്തിനാലുകാരിക്ക് ഊർജ്ജം നൽകിയത്.
പിന്നീടങ്ങോട്ട് ഒറ്റക്കുള്ള ഒരു സ്ത്രീയുടെ യുദ്ധമായിരുന്നു. വികാരിയച്ചന്റെ ആദ്യക്ഷതയിൽ പള്ളിയിൽ കൂടിയ അപ്പന്റെയും അമ്മയുടെയും കുടുംബക്കാരുടെ രാത്രിയോഗം മക്കളെ അപ്പന്റെ വീട്ടിൽ കൊടുത്തിട്ടുണ്ട് അമ്മ സ്വന്തം വീട്ടിലേക്ക് പോകാനായി കൈകൊണ്ട തീരുമാനത്തെ ധൈര്യത്തോടെ നേരിട്ട അമ്മ. കൂലിപ്പണി ചെയ്തു ഞങ്ങൾ നാലു മക്കളെ വളർത്തിയ അമ്മയുടെ ജീവിതം ഒരു പോരാട്ടമായിരുന്നു. സദാചാര വക്താക്കളും കുടുംബ മഹിമയുടെ പേരു പറഞ്ഞു ഞെളിഞ്ഞ സമുദായ നേതാക്കളും ചേർന്നുള്ള ആക്രമണങ്ങളിൽ വീണുപോകാത്ത ഒരു സ്ത്രീ. പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞ് മടങ്ങി വന്ന ഭർത്താവിനെ തുറന്ന മനസ്സുമായി സ്വീകരിച്ച സ്ത്രീ.
എന്റെ ചെറുപ്പകാലത്തെ ഒന്നര വർഷക്കാലം എന്റെ രണ്ട് സഹോദരിമാരും ഞാനും തൃശ്ശൂർ അടുത്ത് ഒരു അനാഥശാലയിൽ ഒന്നര വർഷക്കാലം ജീവിച്ച ഓർമകൾപ്പോലും എന്നിൽ ഇന്നും സജീവമാണ്. പ്രീഡിഗ്രിയും ഡിഗ്രിയും കഴിഞ്ഞ് മാസ്റ്റർ ഡിഗ്രി ചെയ്യാനായി ഡൽഹിക്ക് പോകുമ്പോൾ അമ്മ പറഞ്ഞ വാക്കുകൾ ഇന്നും എന്റെ ചെവിയിൽ വന്നു പതിക്കുന്നുണ്ട്.“അവിടെ ചെന്നിട്ട് മലയാളികളെ തേടിപ്പിടിച്ച്, അവരുടെ കൂടെ നാട്ടിലെപ്പോലെ കഴിയാനാണേൽ ഡൽഹിയിൽ ഉള്ളതിൽ കൂടുതൽ മലയാളികൾ കേരളത്തിൽ ഉണ്ടന്നു മറക്കണ്ട.”
ക്യാൻസർ ബാധിച്ചു അമ്പതിമൂന്നാം വയസ്സിൽ മരിക്കുമ്പോൾ, തന്റെ ജീവതത്തിലൂടെ താൻ വളർത്തി വലുതാക്കിയ മക്കളെ ഓർത്ത് ആ അമ്മ അഭിമാനിച്ചിരുന്നിരിക്കണം. തന്റെ മക്കൾക്ക് ഉണർന്നിരുന്നും സ്വപ്നം കാണാനാവുമെന്ന് അമ്മക്ക് അറിയാമായിരുന്നിരിക്കണം. തലയ്ക്കു മീതെ വെള്ളം പൊങ്ങിയാൽ തോണിയുണ്ടാക്കി കരപറ്റാനും, കരപറ്റിക്കഴിഞ്ഞ്, ആ ചങ്ങാടം മറ്റുള്ളവർക്കായി വെള്ളത്തിലേക്കു തള്ളിവിടാനും തന്റെ മക്കൾക്കു കഴിയും എന്ന് ആ അമ്മ കരുതിയിരിക്കണം.
2000 ഫെബ്രുവരി 15ന് അമ്മ മരിച്ചതിനു ശേഷം പിന്നെയും മൂന്നു മാസങ്ങൾ കഴിഞ്ഞാണ് ഞാൻ പാരീസിലേക്ക് മൂന്നാമത് വിമാനം കയറിയത്. ഒരാഴ്ച മുൻപേ, ഡൽഹിയിലേക്ക് പോരുന്നതിന്റെ തലേന്ന് മൂന്നു പെങ്ങന്മാരും വീട്ടിൽ വന്നിരുന്നു. അമ്മ മരിച്ചു കഴിഞ്ഞ് അടിവേരുകൾ ശുഷ്‌കിച്ചു പോയ ഒരു മരത്തെപ്പോലെ അപ്പൻ നിസഹായനായി നിന്നു. അപ്പന് ഒരു വർഷത്തേക്കുള്ള ചിലവിനായി മാസം അയ്യായിരം രൂപ വീതം നൽകണമെന്ന് മരിക്കുന്നതിന്റെ തലേന്ന് അമ്മ പറഞ്ഞതനുസരിച്ച് ഒരു വർഷക്കാലത്തേക്കുള്ള പാറത്തോട് എസ് ബി ടിയിലെ ചെക്കുകൾ ഒപ്പിട്ടു നൽകി.
ഒന്നരയേക്കറോളം വരുന്ന പറമ്പിൽ അപ്പന്റെ ആവശ്യങ്ങൾക്ക് ആവശ്യമായ തെങ്ങും കാപ്പിയും ജാതി മരങ്ങളും കുരുമുളക് ചെടികളുമൊക്കെ ഉണ്ടായിരുന്നു. ആ വരുമാനം കൂടിയാകുമ്പോൾ അല്ലലില്ലാതെ അപ്പന് ജീവിക്കാനാവുമെന്ന് അമ്മക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ആയിരിക്കണം അപ്പന്റെ മരണം വരെയും പറമ്പിലെ ആദായമെല്ലാം അപ്പനുള്ളതാണന്നു മരണക്കിടക്കയിൽ വച്ചുതന്നെ അമ്മ ഞങ്ങളെ പറഞ്ഞേൽപ്പിച്ചത്.
2000 മേയ് മാസം പതിനഞ്ചാം തിയതി ആലുവയിൽനിന്നായിരുന്നു ഡൽഹിക്കുള്ള എന്റെ ട്രെയിൻ. കന്യാസ്ത്രീ ആയ ജെസ്സി കോട്ടയത്തെ അവളുടെ മഠത്തിൽനിന്ന് തലേ ദിവസം വന്നിരുന്നു. രണ്ടാമത്തെ സഹോദരി ലാലി അണക്കരയിലെ അവളുടെ വീട്ടിൽനിന്ന് നാലു വയസുള്ള മോളുമായാണ് വന്നത്. ഗർഭിണി കൂടിയായിരുന്ന ലാലി മോളുടെ കൈപിടിച്ച് തോപ്രാംകുടിയ്ക്കുള്ള ജീസസിൽ കയറി പോയിക്കഴിഞ്ഞാണ് ജെസ്സിയും ബിന്ദുവും ഞാനും കോതമംഗലത്തിനുള്ള പി എം എസ് പിടിച്ചത്.
കോതമംഗലത്തു നിന്നു ജെസ്സി കുറവില്ലങ്ങാട് അടുത്തുള്ള അവളുടെ മഠത്തിലേക്ക് യാത്ര പറഞ്ഞു പോകുമ്പോൾ ഞങ്ങളെ കൂട്ടിക്കെട്ടിയിരുന്ന അമ്മയുടെ ഓർമകൾ കണ്ണു നനച്ചു. ബിന്ദു ആലുവായിൽനിന്ന് ബാംഗ്ലൂർക്കുള്ള ട്രെയിൻ കയറുമ്പോളും ഡൽഹിയിലേക്ക് പോകുന്ന ട്രെയിൻ ഒന്നര മണിക്കൂർ വൈകിയോടുകയാണെന്ന് ഉച്ചഭാഷിണി ആവർത്തിക്കുന്നുണ്ടായിരുന്നു.
കമ്പിളികണ്ടത്തെ ഷാജി ക്ലോത്തിൽനിന്ന് ഞാൻ വാങ്ങിയ മജന്ത നിറത്തിലുള്ള ചുരിദാറും കുറച്ചു പണവും അനുജത്തിയുടെ കയ്യിൽ വച്ചു കൊടുക്കുമ്പോൾ ബാംഗ്ലൂരിലേക്കുള്ള ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു. കുഞ്ഞനുജത്തിയെ കണ്ടു കൊതിതീരാത്തതുകൊണ്ടാണോ അതോ അവൾക്കിനി ഞാൻ മാത്രമേ ഉണ്ടാകുകയുള്ളു എന്ന ഉത്തരവാദിത്തം നൽകുന്ന ഭയമായിരുന്നോ എന്നെ അന്ന് കരയിച്ചതെന്ന് എനിക്കറിയില്ല. അകലെ ഒരു പൊട്ടുപോലെ അവൾ കയറിയ ട്രെയിൻ മറഞ്ഞു.
പിന്നെയും ഏറെനേരം കഴിഞ്ഞാണ് ഡൽഹിക്കുള്ള ട്രെയിൻ വന്നത്. രണ്ട് ദിവസം നീണ്ടുനിന്ന ആ യാത്രയും കഴിഞ്ഞ്, ആ ആഴ്ച തന്നെ ഞാൻ പാരിസിനുള്ള വിമാനം കയറി. ഡൽഹിയിലെ പാലം വിമാനത്താവളത്തിൽനിന്ന് മഴ മേഘങ്ങൾക്കപ്പുറം പറന്നുയർന്ന എയർ ഫ്രാൻസ് വിമാനം എന്നെയും എന്റെ സ്വപ്നങ്ങളെയും പേറിയിരുന്നു. ഞാൻ എന്ന പ്രവാസിയുടെ പറുദീസയിലേക്കുള്ള യാത്ര. കാൽ നൂറ്റാണ്ടായി ഞാൻ തുടരുന്ന യാത്ര. ഞാൻ മുന്നോട്ടു വയ്ക്കുന്ന ഈ കാസയിൽ ഞാൻ ജീവിച്ച പ്രവാസിയുടെ പറുദീസയിലെ അപ്പവും വീഞ്ഞുമുണ്ട്. ഈ പറുദീസയിലെ വിരുന്നു മേശയിൽ കയ്പ്പുള്ള വിഭവങ്ങളും.