യൂറോപ്പിൽ വേനൽക്കാല സമയം ക്രമീകരിച്ചു; പുതിയ മാറ്റം ഈ മാസം 30 മുതൽ

Mail This Article
ബര്‍ലിന്‍ ∙ യൂറോപ്പില്‍ വേനൽ സമയം മാര്‍ച്ച് 30 ന് പുലര്‍ച്ചെ ആരംഭിക്കും. ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിവെച്ചാണ് വേനൽ സമയം ക്രമീകരിക്കുന്നത്. പുലര്‍ച്ചെ രണ്ടു മണിയെന്നുള്ളത് മൂന്നു മണിയാക്കി മാറ്റും. നടപ്പു വര്‍ഷത്തില്‍ മാര്‍ച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. വര്‍ഷത്തിലെ ഏറ്റവും നീളം കുറഞ്ഞ രാത്രിയാണിത്.
ജര്‍മനിയിലെ ബ്രൗണ്‍ഷൈ്വഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പി.റ്റി.ബി.) ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള ടവറില്‍ നിന്നും സിഗ്നലുകള്‍ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികള്‍ പ്രവര്‍ത്തിക്കുന്നു.
1980 മുതലാണ് ജര്‍മനിയില്‍ സമയ മാറ്റം ആരംഭിച്ചത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഇപ്പോള്‍ സമയ മാറ്റം പ്രാവര്‍ത്തികമാണ്. അതുവഴി മധ്യയൂറോപ്യന്‍ സമയവുമായി (എം.ഇ.ഇസഡ്) തുല്യത പാലിക്കാന്‍ സഹായകമാകും. പകലിന് ദൈര്‍ഘ്യം കൂടുതലായിരിയ്ക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം.
രാത്രിയില്‍ നടത്തുന്ന ട്രെയിന്‍ സര്‍വീസിലെ സമയമാറ്റ ക്രമീകരണങ്ങളിൽ ഓട്ടോമാറ്റിക് സംവിധാനങ്ങളാണ് ചിട്ടയായി മാറ്റം വരുത്തുന്നത്. വേനലിൽ ജര്‍മന്‍ സമയവും ഇന്ത്യൻ സമയവുമായി മൂന്നര മണിക്കൂർ മുൻപോട്ടും ബ്രിട്ടന്‍, അയര്‍ലൻഡ് തുടങ്ങിയ രാജ്യങ്ങള്‍ യൂറോപ്പിലാണെങ്കിലും ജര്‍മന്‍ സമയവുമായി ഒരു മണിക്കൂര്‍ പുറകിലുമായിരിക്കും.
സമയമാറ്റത്തെ യൂറോപ്യന്‍ ജനത തികച്ചും അര്‍ഥശൂന്യമായിട്ടാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഒരു റഫറണ്ടം നടത്തി ജനഹിതം നേരത്തെ അറിഞ്ഞിരുന്നു. ഈ സമയമാറ്റം മേലില്‍ വേണ്ടെന്നുവെയ്ക്കാന്‍ 2019 ഫെബ്രുവരിയില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അനുമതി നല്‍കിയിരുന്നു. 28 അംഗ ഇയു ബ്ളോക്കില്‍ ഹംഗറിയാണ് ശൈത്യകാല, വേനൽ സമയങ്ങള്‍ ഏകീകരിക്കാന്‍ അനുവദിയ്ക്കുന്ന പ്രമേയം ഇയു പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കിയത്. ഒടുവില്‍ 192 വോട്ടിനെതിരെ 410 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ഇതു നിർത്താൻ തീരുമാനിച്ചത്.
ഇയുവില്‍ അവസാനമായി 2021 അവസാനം ഈ സമയമാറ്റ പ്രക്രിയ അവസാനിയ്ക്കുമെന്നു ഇയു കമ്മീഷന്‍ പ്രഖ്യാപിച്ചുവെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഈ വര്‍ഷത്തെ ശൈത്യകാല സമയമാറ്റം ഒക്ടോബര്‍ 26ന് പുലര്‍ച്ചെ മൂന്നുമണിയ്ക്ക് ഒരു മണിക്കൂര്‍ പിറകോട്ട് ആയിരിക്കും ക്രമീകരിക്കുക.