തോൽവികളേക്കുറിച്ച് മില്ലറിനോട് ‘കുത്തിച്ചോദിച്ച്’ വിഡിയോ; ലക്നൗ ടീമിന് തീരെ നിലവാരമില്ലേയെന്ന് ആരാധകർ, വൻ വിമർശനം– വിഡിയോ

Mail This Article
ലക്നൗ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിന് ഇന്ന് തുടക്കമാകാനിരിക്കെ, ഋഷഭ് പന്ത് നയിക്കുന്ന ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഭാഗമായ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറുമായി നടത്തിയ ഒരു അഭിമുഖമാണ് വൻ വിമർശനത്തിന് കാരണമായത്. ക്രിക്കറ്റ് കളത്തിൽ ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും ഹൃദയം തകർത്ത തോൽവിയേത് എന്ന ചോദ്യമാണ് വിമർശനങ്ങൾക്ക് നിദാനം. ഈ ചോദ്യം ഉൾപ്പെടുന്ന ലഘു അഭിമുഖം ലക്നൗ സൂപ്പർ ജയന്റ്സ് അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടതിനു പിന്നാലെയാണ്, കടുത്ത വിമർശനവുമായി ആരാധകർ രംഗത്തെത്തിയത്.
‘കരിയറിലെ ഏറ്റവും ഹൃദയഭേദകമായ തോൽവി ഏത്?’ എന്ന ചോദ്യമുയർത്തി, അവതാരകൻ നൽകുന്ന രണ്ട് ഓപ്ഷനുകളിൽനിന്ന് ഒന്ന് തിരഞ്ഞെടുക്കാനായിരുന്നു മില്ലറിനു നൽകിയ നിർദ്ദേശം. 2023ൽ ഗുജറാത്ത് ൈടറ്റൻസ് താരമായിരിക്കെ ചെന്നൈ സൂപ്പർ കിങ്സിനോട് ഫൈനലിലേറ്റ തോൽവി, 2014ൽ പഞ്ചാബ് കിങ്സ് താരമായിരിക്കെ ഫൈനലിൽ കൊൽക്കത്തയോടേറ്റ തോൽവി എന്നിവയാണ് ആദ്യ ഓപ്ഷനുകളായി നൽകിയത്. നിർവികാരമായ മുഖഭാവത്തോടെ 2023ലെ തോൽവിയാണ് മില്ലർ തിരഞ്ഞെടുത്തത്.
2023ലെ ഫൈനൽ തോൽവിയോ അതോ 2021 ലോകകപ്പിൽ ഗ്രൂപ്പ് സ്റ്റേജിൽ പുറത്തായതോടെ എന്ന അടുത്ത ചോദ്യത്തിന്, ലോകകപ്പിൽനിന്ന് പുറത്തായത് എന്ന് മില്ലറിന്റെ ഉത്തരം. 2021 ലോകകപ്പിലെ പുറത്താകലോ 2019 ലോകകപ്പിലോ പുറത്താകലോ എന്ന മൂന്നാം ചോദ്യത്തിനും 2021ലെ പുറത്താകലെന്നു തന്നെ നിർവികാരമായ ഉത്തരം. 2021ലെ പുറത്താകലോ 2024ലെ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോടേറ്റ തോൽവിയോ എന്ന ചോദ്യത്തിന്, ഇന്ത്യയോടേറ്റ തോൽവിയെന്ന് ഉത്തരം.
2024ലെ തോൽവിയോ 2023 ലോകകപ്പിലെ സെമിഫൈനൽ തോൽവിയോ എന്ന് അടുത്ത ചോദ്യം. 2024ലെ തോൽവിയെന്ന് മില്ലർ ഉത്തരം നൽകുമ്പോൾ, ആ തോൽവിയാണോ 2025 ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനോടേറ്റ തോൽവിയോ എന്ന് വീണ്ടും ചോദ്യം. 2024ലെ തോൽവി തന്നെയെന്ന് മില്ലർ ആവർത്തിക്കുന്നിടത്താണ് വിഡിയോ പൂർണമാകുന്നത്. ‘‘ഹൃദയം തകർത്ത തോൽവികൾ ഇതു മതി. മില്ലറിനു വേണ്ടി ഈ സീസണിൽ കിരീടം നേടണം’ എന്ന വാചകത്തോടെയാണ് വിഡിയോ അവസാനിക്കുന്നതെങ്കിലും, മില്ലറിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്ന വിഡിയോയാണ് ഇതെന്ന് വ്യാപക വിമർശനമുയർന്നു.
ഐപിഎൽ സീസണിനു തുടക്കമാകാനിരിക്കെ, കരിയറിലെ ഏറ്റവും വേദനിപ്പിച്ച തോൽവിയേക്കുറിച്ചുള്ള ചോദ്യം തീർത്തും അനാവശ്യമാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. സാമാന്യബുദ്ധി ഉപയോഗിക്കാത്ത, ചൂഷണസ്വഭാവമുള്ള ചോദ്യവും അഭിമുഖവുമാണ് ഇതെന്നാണ് വാദം. മാത്രമല്ല, ടീമിലെ പ്രധാനപ്പെട്ട താരത്തിന്റെ മനസ്സിടിക്കുന്ന തരത്തിലുള്ള ഇത്തരമൊരു സമീപനത്തിനു പിന്നിലെ യുക്തിയെയും അവർ ചോദ്യം ചെയ്യുന്നു. ഒരു താരത്തിന്റെ വൈകാരികതയെ വിറ്റ് കാശാക്കാനാണ് ലക്നൗ സൂപ്പർ ജയന്റ്സ് ശ്രമിക്കുന്നതെന്നും ആരാധകർ ചൂണ്ടിക്കാട്ടി.