ആത്മാക്കളോട് സംസാരിക്കുന്ന ഭാഷയിൽ ചിത്രം വരയ്ക്കുന്നയാൾ; മിഥുൻ മോഹന്റെ ഓർമയുമായ് അരങ്ങിൽ 'നന്മയിൽ ജോൺ കിയോത്തെ'

Mail This Article
കൊച്ചി ബിനാലെയുടെ ഡയറക്ടർ ബോസ് കൃഷ്ണമാചാരി മിഥുൻ മോഹൻ എന്ന യുവചിത്രകാരനെ വിശേഷിപ്പിച്ചത് ‘ആത്മാക്കളോടു സംസാരിക്കുന്ന ഭാഷയിൽ ചിത്രം വരയ്ക്കുന്നയാൾ’ എന്നായിരുന്നു. വെറുമൊരു ചിത്രകാരൻ മാത്രമായിരുന്നില്ല മിഥുൻ. ആധുനിക ദൃശ്യമാധ്യമമായ ഡിജിറ്റൽ പെയിന്റിങ് ഉൾപ്പെടെ ചിത്രകലയിലെ എല്ലാ സങ്കേതങ്ങളിലും മികവു തെളിയിച്ച ആർടിസ്റ്റ്. 2023 ജൂൺ നാലിന് ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തിയ മരണം മിഥുനെ ഭൂമിയിൽനിന്ന് ഓർമകളുടെ അനന്തതയിലേക്ക് തള്ളിമറിച്ചിട്ടു. ഗവേഷകർ, ചരിത്രാന്വേഷികൾ, തത്വചിന്തകർ തുടങ്ങിയവരുമായുള്ള നിരന്തര സംവാദങ്ങളിലൂടെ വിസ്തൃതമാക്കിക്കൊണ്ടിരുന്ന ബൃഹത്തായ കലാലോകമായിരുന്നു മിഥുന്റേത്. സമൂഹത്തിന്റെ പലതുറകളിലുള്ളവരുമായുള്ള സൗഹൃദങ്ങളായിരുന്നു അയാളിലെ കലാകാരന്റെ ആത്മാവ്. ആ സുഹൃത്തുക്കൾ മിഥുന്റെ ഓർമയ്ക്കായി ഒരു നാടകം ഒരുക്കുകയാണ്. ലോക ക്ലാസിക്കുകളിലൊന്നായ മിഗുവൽ ഡി സെർവാന്റസ് സാവേദ്രയുടെ ഡോൺ ക്വിക്സോട്ട് എന്ന ക്ലാസിക് നോവലിന്റെ സ്വതന്ത്ര നാടകാവിഷ്കാരമായ ‘നന്മയിൽ ജോൺ കിയോത്തെ’ എന്ന നാടകം. ഭ്രാന്തമായ ആലോചനകൾക്കു പിന്നാലെ പോകുന്ന യഥാർഥ്യബോധമില്ലാത്ത ആളുകളെ വിളിക്കാൻ ഉപയോഗിക്കുന്ന ‘ക്വിക്സോട്ടുകൾ’ എന്ന വാക്കിന്റെ ഒരു പുനർവായന കൂടിയാണ് നാടകമെന്ന് സംവിധായകൻ അലിയാർ അലി പറയുന്നു. പ്രമുഖ നാടകപ്രവർത്തകനും അന്തരിച്ച മിഥുൻ മോഹന്റെ സുഹൃത്തുമായ അലിയാർ അലി ‘നന്മയിൽ ജോൺ കിയോത്തെ’ എന്ന നാടകത്തെക്കുറിച്ചും അതിനു പ്രചോദനമായ മിഥുന്റെ കലാസംവാദങ്ങളെക്കുറിച്ചും മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.