കുടുംബത്തിനെതിരായ ആരോപണം: അമാലിനോട് ‘ഐ ലവ് യു’ പറഞ്ഞ് പിതാവ്, എല്ലാം ശരിയാകുമെന്ന് സോനു നിഗം

Mail This Article
കുടുംബവുമായുള്ള സകല ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് ഗായകൻ അമാൽ മാലിക് നടത്തിയ പരസ്യ പ്രഖ്യാപനത്തോട് പ്രതികരിച്ച് പിതാവ് ദാബൂ മാലിക്. ‘ഐ ലവ് യൂ’ എന്ന അടിക്കുറിപ്പിനൊപ്പം അമാലിനൊപ്പമുള്ള സ്നേഹാർദ്രമായ ചിത്രം പങ്കുവച്ചാണ് ദാബൂ പ്രതികരിച്ചത്. ദാബൂവിന്റെ കവിളിൽ കുസൃതിയോടെ ചുംബിക്കുന്ന അമാലാണ് ചിത്രത്തിലുള്ളത്.
ദാബൂ മാലിക്കിന്റെ ചിത്രവും കുറിപ്പും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. കടുത്ത വിഷാദാവസ്ഥയിലൂടെ കടന്നു പോകുന്ന ഗായകൻ അമാൽ മാലിക്കിന്റെ പ്രസ്താവനകൾ അടുത്തിടെ വലിയ ചർച്ചയായിരുന്നു. തന്റെ സന്തോഷങ്ങളെല്ലാം കുടുംബം ഇല്ലാതാക്കിയെന്നും അവരുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നുവെന്നും മാതാപിതാക്കളുമായി ഇനി തൊഴിൽപരമായ കാര്യങ്ങൾ മാത്രമേ ചർച്ച ചെയ്യുകയുള്ളുവെന്നുമായിരുന്നു അമാലിന്റെ പ്രഖ്യാപനം. മകനെ ചേർത്തു പിടിക്കുന്ന ദാബൂവിന്റെ വാക്കുകളും പോസ്റ്റും അതുകൊണ്ടു തന്നെ ആരാധകർക്കിടയിൽ വലിയ ചർച്ചയായി.
‘എല്ലാം ശരിയാകും’ എന്നായിരുന്നു ഗായകൻ സോനു നിഗം ദാബൂവിന്റെ പോസ്റ്റിന് മറുപടി കുറിച്ചത്. അച്ഛന്റെയും മകന്റെയും സ്നേഹം ഇനിയും തുടരട്ടെ എന്നും ആരാധകർ കുറിച്ചു. അഭിപ്രായവ്യത്യാസങ്ങൾ മാറി കുടുംബം വീണ്ടും സന്തോഷത്തിലേക്കു തിരിച്ചെത്തട്ടെയെന്നുമുള്ള ആശംസകൾ ദാബൂവിന്റെ കമന്റ് ബോക്സിൽ നിറഞ്ഞു. ഏതാനും ദിവസങ്ങൾക്കു മുൻപാണ് കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി അമാൽ മാലിക് രംഗത്തെത്തിയത്.
മാതാപിതാക്കളുടെ പ്രവൃത്തികൾ കാരണം താനും സഹോദരനും മാനസികമായി അകന്നുവെന്നും അമാൽ കുറ്റപ്പെടുത്തി. വിഷയം സജീവ ചർച്ചയായതോടെ അമാൽ തന്റെ പ്രസ്താവനയിൽ തിരുത്തൽ വരുത്തുകയും ചെയ്തു. താനും സഹോദരനും ഒന്നാണെന്നും തങ്ങളെ തമ്മിൽ വേർപെടുത്താൻ ഒരു ശക്തിക്കും സാധിക്കില്ലെന്നും അമാൽ മാലിക് വ്യക്തമാക്കി. കുടുംബത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള സമൂഹമാധ്യമ കുറിപ്പ് നീക്കിയതിനു ശേഷമായിരുന്നു അമാൽ പുതിയ കുറിപ്പ് പങ്കുവച്ചത്.