പങ്കാളിയെ അദൃശ്യമാക്കുന്ന ‘ഫബ്ബിങ്’, വൈകാരിക അടുപ്പം നശിപ്പിക്കും: ഈ രീതി സൂക്ഷിക്കണം

Mail This Article
ഒരുപാടൊരുപാടിഷ്ടപ്പെടുന്ന ആളെ കാണാനും അവരോടു മിണ്ടിയും പറഞ്ഞുമിരിക്കാനും ആശിച്ച് അതിനുള്ള സന്ദർഭങ്ങൾ മനഃപൂർവം സൃഷ്ടിച്ചെടുക്കുന്നവരാണ് നമ്മിൽ പലരും. പക്ഷേ കൊതിയോടെ കാത്തിരിക്കുന്ന ആ നിമിഷങ്ങൾ യാഥാർഥ്യമാകുമ്പോൾ പങ്കാളി ഫോണിലേക്കു തലയും കുമ്പിട്ടിരിപ്പാണെങ്കിലോ? ‘എടുത്ത് കിണറ്റിലെറിയാൻ’ തോന്നും അല്ലേ? പുതിയ കാലത്തെ പ്രണയം ഈ അവസ്ഥയെ വിളിക്കുന്നത് ‘ഫബ്ബിങ്’ എന്നാണ്. കാര്യം സാങ്കേതിക വിദ്യയുടെ വളർച്ചയൊക്കെ പലപ്പോഴും പ്രണയത്തിനു വളരാൻ അനുകൂല സാഹചര്യം ഒരുക്കുന്നുണ്ടെങ്കിലും, കൂടെയിരിക്കുന്ന പങ്കാളിയെ പാടേ അദൃശ്യനാക്കുന്ന ഈ ഫബ്ബിങ് പരിപാടി അത്ര നല്ലതല്ലെന്നാണ് റിലേഷൻഷിപ് വിദഗ്ധരുടെ പക്ഷം.
ബന്ധങ്ങൾ പൊതുവേ സങ്കീർണമാകുന്ന പുതിയ കാലത്ത് ‘ഫബ്ബിങ്’ ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. ഫോൺ നിത്യജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത സംഗതിയാണെന്നത് നേരു തന്നെ, പക്ഷേ പ്രണയവും ദാമ്പത്യവും തകരാൻ ആ ഫോൺ തന്നെ കാരണമായാലോ? പങ്കാളിയെക്കാൾ ഫോണിന് പ്രാധാന്യം നൽകിത്തുടങ്ങുമ്പോഴാണ് കാര്യങ്ങൾ കൈവിട്ടു പോകുന്നത്. പുറമേ നോക്കുമ്പോൾ നിരുപദ്രവകരമെന്നു തോന്നാമെങ്കിലും ‘ഫബ്ബിങ്’ ചെയ്യുന്നവരുടെ പങ്കാളികൾ അനുഭവിക്കുന്നത് ഭീകരമായ ഒറ്റപ്പെടലാണ്. കുറച്ചു കൂടി ലളിതമായി പറഞ്ഞാൽ, പങ്കാളികളേക്കാൾ അവർ സ്വന്തം ഫോണിനെയാണ് സ്നേഹിക്കുന്നത്.
മനഃശാസ്ത്രം ‘ഫബ്ബിങ്ങി’നെ വിശദീകരിക്കുന്നതിങ്ങനെ - ‘ദീർഘകാലം ഫബ്ബിങ് ചെയ്യുന്നവരുടെ പങ്കാളികൾ കടുത്ത അവഗണനയും ഒറ്റപ്പെടലും അനുഭവിക്കുന്നതുകൊണ്ട് അവരുടെ വൈകാരിക ആരോഗ്യം തകരും. ടോക്സിക് ബന്ധങ്ങൾ അധികരിക്കാൻ ഫബ്ബിങ് കാരണമാവുകയും ചെയ്യാറുണ്ട്.’
പങ്കാളികളിൽ ഒരാളോ രണ്ടുപേരും ഒരുമിച്ചോ ഫബ്ബിങ് ചെയ്യുന്ന ശീലമുള്ളവരാണെങ്കിൽ ആ ബന്ധത്തിൽ സംഘർഷങ്ങൾ പതിവാകാനുള്ള സാധ്യതയേറെയുണ്ടെന്നാണ് ഗ്രാസിയ മാഗസിൻ നടത്തിയ ഗവേഷണങ്ങളും പഠനങ്ങളും വ്യക്തമാക്കുന്നത്. വൈകാരിക അടുപ്പം ഇത്തരം ദമ്പതികൾക്കിടയിൽ കുറവായതുകൊണ്ടു തന്നെ ബന്ധം തകരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.