മലൈക്ക അറോറയുടെ ചർമ സൗന്ദര്യത്തിന്റെ രഹസ്യം ഈ ‘അദ്ഭുത പാനീയം’: ഗുണങ്ങളേറെ

Mail This Article
ബോളിവുഡിലെ ഫാഷൻ ക്വീൻ ആണ് മലൈക അറോറ. 51 വയസ് ആയിട്ടും ഇപ്പോഴും കണ്ടാൽ മുപ്പത് വയസ് പോലും പറയില്ല. യോഗ ജീവിതത്തിന്റെ ഭാഗമാക്കിയ മലൈകയുടെ ആഹാര രീതികളും തന്റെ സൗന്ദര്യത്തെ സംരക്ഷിക്കുന്നതാണ്. ദിവസവും രാവിലെ 10 മണിക്ക് താരം എബിസി ജ്യൂസ് കുടിക്കും. ചില ചർമ പ്രശ്നങ്ങൾ കുറയ്ക്കാൻ എബിസി ജ്യൂസ് സഹായിച്ചതായി മലൈക തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. എബിസി ജ്യൂസിലെ വിറ്റാമിനുകൾ ആരോഗ്യമുള്ള ചർമവും മുടിയും നിലനിർത്താൻ സഹായിക്കുന്നു. എബിസി ജ്യൂസ് കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ശരീരത്തിന് നല്ല ഊർജം നൽകുന്നു.
ചേരുവകൾ
എ എന്നത് ആപ്പിളും, ബി എന്നാൽ ബീറ്റ്‌റൂട്ടും, സി എന്നാൽ കാരറ്റും ആണ്. ഈ മൂന്ന് ചേരുവകൾ ചേർത്താണ് എബിസി ജ്യൂസ് തയാറാക്കുന്നത്. ഇവയ്‌ക്കെല്ലാം അവയുടെതായ ആരോഗ്യഗുണങ്ങളുണ്ടെങ്കിലും, ഇവ മൂന്നും ചേർന്നാൽ ഇതൊരു മാജിക് ഡ്രിങ്ക് ആയി മാറും എന്നാണ് പറയുന്നത്. നാരുകൾ, ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ ഗുണം നിറഞ്ഞ എബിസി ജ്യൂസിൽ സിങ്ക്, പൊട്ടാസ്യം, കാൽസ്യം, ചെമ്പ്, ഇരുമ്പ്, മാംഗനീസ്, വിറ്റാമിൻ എ, ബി, സി, ഡി, ഇ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഒരു ഗ്ലാസ് ജ്യൂസിൽ 150-60 കലോറി മാത്രമാണുള്ളത്.
ഗുണങ്ങൾ
ചര്‍മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നിറം വർധിപ്പിക്കാനും ചർമത്തിലെ ചുളിവുകൾ മാറ്റാനും ശരീരഭാരം കുറയ്ക്കാനുമൊക്കെ സഹായിക്കുന്ന ഒരു അദ്ഭുത പാനീയമാണിത്. വിറ്റാമിന്‍ എ, സി എന്നിവയടങ്ങിയ ക്യാരറ്റ് ചര്‍മത്തിലെ ചുളിവുകള്‍ നീക്കാൻ സഹായിക്കും. ബീറ്റ്‌റൂട്ട് രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും. കൂടാതെ മുടിയുടെ വളർച്ചയ്ക്കും ഇത് വളരെ നല്ലതാണ്.
കുടിക്കേണ്ടത് എപ്പോൾ
എബിസി ജ്യൂസ് ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. കൂടാതെ ഹൃദയത്തെ ആരോഗ്യകരമായി സൂക്ഷിക്കാൻ സഹായിക്കുന്നു.