ചാൾസ് രാജാവ് ആശുപത്രിയിൽ; ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ബക്കിങ്ങാം കൊട്ടാരം

Mail This Article
ലണ്ടൻ ∙ കാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് ബ്രിട്ടനിലെ ചാള്‍സ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍കരുതലെന്ന നിലയില്‍ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയതായി ബക്കിങ്ങാം കൊട്ടാരം അറിയിച്ചു.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് പൊതുപരിപാടികള്‍ റദ്ദാക്കിയതെന്ന് ബക്കിങ്ങാം കൊട്ടാരത്തിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. മൂന്ന് രാജ്യങ്ങളിലെ പ്രതിനിധികളുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും ബിര്‍മിങ്ങാമിൽ പങ്കെടുക്കാൻ ഇരുന്ന പൊതുപരിപാടിയുമാണ് ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് അവസാന നിമിഷം റദ്ദാക്കേണ്ടി വന്നത്.
അസൗകര്യം ഉണ്ടായതിൽ ഖേദിക്കുന്നുവെന്നും മറ്റൊരവസരത്തില്‍ എത്തിച്ചേരാമെന്നും ചാള്‍സ് മൂന്നാമന്‍ രാജാവ് അറിയിച്ചതായി ഔദ്യോഗിക വക്താവ് പറഞ്ഞു. ഇപ്പോൾ 76 വയസ്സുള്ള ചാൾസ് രാജാവിന് 2024 ഫെബ്രുവരിയിലാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഉടൻ തന്നെ ചികിത്സ ആരംഭിക്കുകയും ചെയ്തു.
ആശാവഹമായ പ്രതികരണങ്ങളാണ് ചികിത്സയില്‍ നിന്ന് ഉണ്ടാകുന്നതെന്നും കൃത്യമായ നിരീക്ഷണത്തിലാണ് രാജാവെന്നും ഔദ്യോഗിക വക്താവ് നേരത്തെ വിശദീകരിച്ചിരുന്നു. എന്നാൽ രാജാവിന് ഇപ്പോൾ ഉണ്ടായ പാര്‍ശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.