പ്രണയമൊക്കെ പഴയ ഫാഷൻ, ബന്ധങ്ങൾക്കു പരിധിയില്ല; ന്യൂജെൻ ട്രെൻഡായി സോളോ പോളിയാമോറി

Mail This Article
സാഹിത്യം, സിനിമ, ചിത്രകല തുടങ്ങി മനുഷ്യ ജീവിതത്തെ വരച്ചുകാട്ടുന്ന സകലതിലും പ്രണയബന്ധങ്ങളോളം മഹത്വവൽക്കരിക്കുന്ന മറ്റൊന്നില്ല. രണ്ടു ഹൃദയങ്ങൾ തമ്മിൽ ഒന്നായി ചേരുന്ന പ്രണയങ്ങളെ അത്രത്തോളം മനോഹരമായാണ് നാം മനസ്സിലാക്കിയിട്ടുള്ളതും. എന്നാൽ കാലം മാറിയതോടെ പ്രണയബന്ധങ്ങളുടെ നിർവചനങ്ങളും മാറി. സ്നേഹത്തിന്റെയും പ്രതിബദ്ധതയുടെയുമൊക്കെ അടിസ്ഥാനം പോലും മാറ്റിമറിക്കുന്ന ഒരു ഡേറ്റിങ് ട്രെൻഡാണ് ഇപ്പോൾ പുതുതലമുറയ്ക്കിടയിൽ പ്രചാരം നേടുന്നത്. ഒരു പങ്കാളിയുമായും പ്രതിബദ്ധത പുലർത്താതെ പ്രണയപരമോ ലൈംഗികമോ ആയ ഒന്നിലധികം ബന്ധങ്ങളിൽ വ്യക്തികൾ ഏർപ്പെടുന്ന ഈ പ്രവണതയ്ക്ക് സോളോ പോളിയാമോറി എന്നാണ് പേര് നൽകിയിരിക്കുന്നത്. പരസ്പരബന്ധം, വിവാഹം, വ്യക്തിഗത സ്വാതന്ത്ര്യം എന്നിവയെ ആളുകൾ നോക്കിക്കാണുന്ന രീതിയെ സ്വാധീനിക്കാൻ പോലും ഈ ട്രെൻഡിന് സാധിച്ചിട്ടുണ്ട്.
ഒരേസമയം ഒന്നിലധികം ആളുകളുമായി ബന്ധം നിലനിർത്തുന്നത് ചതിയും വഞ്ചനയുമൊക്കെയായാണ് സമൂഹം കണ്ടിരുന്നത്. എന്നാൽ ഈ കാഴ്ചപ്പാടിനെ സോളോ പോളിയാമോറി മാറ്റിയെഴുതി. ഒരേസമയം ഒന്നിലധികം ആളുകളുമായി തുറന്ന, അതേസമയം സത്യസന്ധമായ ബന്ധങ്ങൾ പുലർത്താനുള്ള അവസരമാണ് ഈ ട്രെൻഡ് ഒരുക്കിയത്. ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നവർ വ്യക്തി സ്വാതന്ത്ര്യത്തിനാണ് മറ്റെന്തിനേക്കാളും മുൻഗണന നൽകുന്നത്. വൈകാരികമായി ആരുമായും ആഴത്തിലുള്ള അടുപ്പം കാത്തുസൂക്ഷിക്കുന്നില്ല എന്ന പ്രത്യേകതയുമുണ്ട്.
ഓരേ സമയം ഒന്നിലധികം ആളുകളുമായി ബന്ധം പുലർത്തുന്നുണ്ടെങ്കിലും വൈകാരിക അടുപ്പം ഇല്ലാത്തതുകൊണ്ട് സ്വയം സിംഗിളാണെന്ന ബോധ്യമാണ് സോളോ പോളിയാമോറിയിൽ ഉൾപ്പെടുന്നവർ വച്ചുപുലർത്തുന്നത്. പരമ്പരാഗതമായി സ്നേഹബന്ധങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകൾക്ക് ചേർന്നു പോകാത്തതുകൊണ്ട് പുറത്തുനിന്നുള്ളവരും ഇവരെ സിംഗിളായി തന്നെ കണക്കാക്കും. ആരുമായും പ്രതിബദ്ധതയില്ല എന്നത് നിബന്ധനകൾ ഏതുമില്ലാതെ പുതിയ ബന്ധങ്ങളിൽ ഏർപ്പെടാൻ ഇവർക്ക് അവസരം നൽകുന്നുണ്ട്. പൊതുവേ ദീർഘകാല ബന്ധങ്ങളിൽ ഇല്ലാത്ത ഒരു സ്വാതന്ത്ര്യമാണ് ഇത്.
റിലേഷൻഷിപ്പ് കൗൺസിലറായ നിഷ ബജാജിന്റെ അഭിപ്രായ പ്രകാരം ഇന്നത്തെ തലമുറയ്ക്ക് ബന്ധങ്ങളുടെ കാര്യത്തിൽ പരമ്പരാഗത രീതികളോടുള്ള താത്പര്യമില്ലായ്മ വർധിച്ചു വരികയാണ്. ദീർഘകാല പ്രണയബന്ധങ്ങളേക്കാൾ വ്യക്തിഗതവും തൊഴിൽപരവുമായ താൽപര്യങ്ങൾക്കാണ് ഇവർ പ്രാധാന്യം നൽകുന്നത്. മനസ്സിനിണങ്ങുന്ന ഒരു വ്യക്തിയെ കണ്ടെത്തുന്നതിനു വേണ്ടിയല്ല സോളോ പോളിയാമറിക്കാർ പുതിയ ബന്ധങ്ങൾ സൃഷ്ടിക്കുന്നത്. നേരെമറിച്ച് വ്യത്യസ്ത ആളുകളിൽ നിന്നുമുള്ള ബന്ധങ്ങൾ എത്തരത്തിലാണെന്ന് അനുഭവിച്ചറിയുന്നതിന് വേണ്ടിയാണ്.
വിവാഹമെന്ന സങ്കൽപത്തിൽ നിന്നും പൂർണമായി വിട്ടുനിൽക്കുന്നവരും പുതുതലമുറയിൽ ഏറെയാണ്. വിവാഹബന്ധത്തിലെ പ്രതിബദ്ധതയെയും ദീർഘകാലം സ്ഥിരതയോടെ ഒരേ ബന്ധത്തിൽ തുടരുന്നതിനെയും ഇവർ ചോദ്യം ചെയ്യുകയും ചെയ്യുന്നു. അതേസമയം സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ സോളോ പോളിയാമോറി യോട് കൂടുതൽ ചായ്‌വുള്ളവരാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഡേറ്റിങ് പ്ലാറ്റ്ഫോമായ ബംബിൾ 2022 ൽ സോളോ പോളിയാമോറി സംബന്ധിച്ച് പഠനങ്ങൾ നടത്തിയിരുന്നു. പഠനത്തിൽ പങ്കെടുത്തവരിൽ 61 ശതമാനം ആളുകളും ഈ പുതിയ ഡേറ്റിങ് ട്രെൻഡിനോട് താൽപര്യം കാണിച്ചവരാണ്. സിംഗിൾ ജീവിതം ആസ്വദിക്കുന്നവരാണ് ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നവരിൽ കൂടുതലെങ്കിലും വിവാഹിതരായവരിൽ ചെറിയൊരു ശതമാനവും വിവാഹബന്ധത്തിന് പുറത്ത് ഇത്തരം ബന്ധങ്ങളോട് താത്പര്യം കാണിക്കുന്നുണ്ടെന്നും പഠനത്തിൽ കണ്ടെത്തി.
വൈകാരികമോ സാമ്പത്തികമോ ആയ കാര്യങ്ങളിൽ ഒരു തരത്തിലും പങ്കാളിയെ ആശ്രയിക്കില്ല എന്നതാണ് സോളോ പോളിയാമോറിയുടെ എടുത്തു പറയേണ്ട പ്രത്യേകത. വ്യക്തിഗത തീരുമാനങ്ങളിലും മറ്റാരുടെയും സ്വാധീനം ഉണ്ടാകാതിരിക്കാൻ ഇത്തരക്കാർ ശ്രദ്ധിക്കും. ഏതു സാഹചര്യത്തിലും പരസ്പരം തുണയായിരിക്കുക എന്നത് പരമ്പരാഗത ബന്ധങ്ങളുടെ സുപ്രധാന ഘടകമായിരുന്നെങ്കിൽ അത് അപ്പാടെ തിരുത്തി എഴുതുന്നതാണ് പുതിയകാല ബന്ധങ്ങളുടെ രീതി.
വ്യക്തിഗത സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവസരവും സോളോ പോളിയാമോറി തുറന്നു വയ്ക്കുന്നുണ്ടെങ്കിലും അതിന്റെ അപകട സാധ്യതകൾ ബന്ധങ്ങളെ കുറിച്ച് പഠനം നടത്തുന്ന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. വൈകാരികമായി എല്ലാവരോടും അകന്നു നിൽക്കുന്നത് വ്യക്തിത്വ വികാസത്തിന് ഗുണകരമല്ല. അതേപോലെ ഒരുപാട് ആളുകളോട് ബന്ധം പുലർത്തുമ്പോഴും ഏകാന്തത അനുഭവിക്കേണ്ട സാഹചര്യവും സോളോ പോളിയാമോറി പിന്തുടരുന്നവർക്ക് ഉണ്ടായേക്കാം. ഇത് സന്തോഷത്തേക്കാളുപരി സമ്മർദ്ദത്തിനും ഒരുപക്ഷേ വിഷാദ രോഗത്തിനും വരെ കാരണമാകും. പല വ്യക്തികളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നതും വിപരീതവശമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇന്നത്തെ സമൂഹത്തിന് ബന്ധങ്ങളോടുള്ള മനോഭാവത്തിൽ ഉണ്ടാകുന്ന വലിയ മാറ്റത്തിന്റെ സൂചനയാണ് സോളോ പോളിയാമോറി നൽകുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിന് അടിവരയിടുന്ന ഒരു ശാക്തീകരണ പ്രക്രിയയായി ഇതിനെ കാണുന്നവർ ഏറെയുണ്ട്. അതേസമയം മറ്റു ചിലർ ഇതിലൂടെ ഉണ്ടാകുന്ന വൈകാരികവും മാനസികവുമായ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ആശങ്കയാണ് പങ്കുവയ്ക്കുന്നത്.