ADVERTISEMENT

കൊച്ചി ∙ റെക്കോർഡ് നേട്ടം കൈവരിച്ച ശേഷം പിൻവാങ്ങിയിരിക്കുകയാണെങ്കിലും സ്വർണ വിലയിലെ കുതിപ്പു തുടരുമെന്ന് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്, കൺസൽറ്റൻസി മേഖലകളിലെ ആഗോള ഏജൻസികളുടെ ഗവേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേന്ദ്ര ബാങ്കുകൾ ഭീമമായ അളവിൽ നടത്തുന്ന സ്വർണ സമാഹരണവും ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടു (ഇടിഎഫ്) കളിലേക്കുള്ള നിക്ഷേപകരുടെ പണപ്രവാഹവുമാണു കുതിപ്പിനു പിന്നിലെന്നാണു റിപ്പോർട്ടുകളിലെ നിരീക്ഷണം.

രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1035 ഗ്രാം) 3000 ഡോളർ പിന്നിട്ടിരിക്കുന്ന വില 4,000 ഡോളറിലേക്കു വരെ ഉയർന്നേക്കാമെന്നു ഡബിൾലൈൻ എന്ന യുഎസ് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് സംരംഭം അനുമാനിക്കുന്നു. സിഡ്നി അസ്ഥാനമായുള്ള മക്വാറൈ ബാങ്ക് അനുമാനിക്കുന്ന നിരക്ക് 3,500 ഡോളറാണ്. സ്വിസ് ബാങ്കായ യുബിഎസ്, യുഎസ് ആസ്ഥാനമായുള്ള സിറ്റി എന്നിവ 3,200 ഡോളറാണു കണക്കാക്കുന്നത്.

സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ഡിമാൻഡ് വർധിക്കുകകൂടി ചെയ്താൽ ഡിസംബറോടെ വില 3,300 ഡോളറിലെത്താം എന്നു ഗോൾഡ്മാൻ സാക്സ് കരുതുന്നു. ഡാനിഷ് ബാങ്കായ സാക്സോ ബാങ്ക്, ലോകത്തെ ഏറ്റവും വലിയ കൺസൽറ്റൻസികളിലൊന്നായ ഡിവീർ എന്നിവയുടെ അനുമാനവും 3,300 ഡോളറാണ്. ആഗോള സാമ്പത്തിക പ്രവണതകളുടെ ഫലമായി സ്വർണ വില ഉയരാനുള്ള സാധ്യത വേൾഡ് ഗോൾഡ് കൗൺസിൽ ഇക്കഴിഞ്ഞ ഡിസംബറിൽ പ്രസിദ്ധീകരിച്ച ‘ഗോൾഡ് ഔട്‌ലുക് 2025’ റിപ്പോർട്ടിലും പ്രവചിച്ചിരുന്നു.

ഔൺസിനു വില 2,000 ഡോളർ മാത്രമായിരുന്ന 2022ൽ റഷ്യ – യുക്രെയ്ൻ യുദ്ധം ആരംഭിച്ചതോടെയാണു കേന്ദ്ര ബാങ്കുകൾ കൂടിയ അളവിൽ സ്വർണ സമാഹരണത്തിനു തുടക്കമിട്ടത്. അതിനു കാരണം ഉപരോധവുമായി ബന്ധപ്പെട്ട ആശങ്ക, കറൻസി റിസർവ് തന്ത്രത്തിലെ നിലപാടു മാറ്റം തുടങ്ങിയവയാണ്. കഴിഞ്ഞ വർഷം കേന്ദ്ര ബാങ്കുകൾ 1045 ടൺ സ്വർണം വാങ്ങിക്കൂട്ടി. അതായത്, ലോക ഡിമാൻഡിന്റെ 20 ശതമാനത്തോളം. ഇന്ത്യ, പോളണ്ട്, തുർക്കി എന്നീ രാജ്യങ്ങളായിരുന്നു സമാഹരണത്തിൽ മുന്നിൽ.

ഏറ്റവും ഒടുവിലെ കണക്കനുസരിച്ചു യുഎസ് സർക്കാരിന്റെ പക്കലാണ് ഏറ്റവും വലിയ സ്വർണശേഖരം: 8,133.5 ടൺ. ജർമനിയുടെ ശേഖരം 3,359.1 ടൺ. ഇറ്റലി 2,451.8; ഫ്രാൻസ് 2,400; റഷ്യ 1,900. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കഴിഞ്ഞ വർഷം 72.6 ടൺ കൂടി സമാഹരിച്ചതോടെ ആകെ ശേഖരം 876 ടണ്ണിലെത്തി. (ഈ ആറു രാജ്യങ്ങളുടെ സ്വർണ ശേഖരത്തെക്കാളും കൂടുതലാണ് ഇന്ത്യയിലെ സ്ത്രീകളുടെ പക്കലുള്ള ആഭരണത്തിന്റെ അളവ്. കൃത്യമായ കണക്കുകളില്ലെന്നിരിക്കെ 25,000 – 27,000 ടൺ എന്നാണ് ഏകദേശ അനുമാനം).

ഗോൾഡ് ഇടിഎഫിലേക്കുള്ള പണപ്രവാഹം വർധിച്ചിരിക്കുന്നതിനുള്ള കാരണവും വിവിധ രാജ്യങ്ങൾ തമ്മിലെ സംഘർഷം തന്നെ. ഇടിഎഫ് നിക്ഷേപത്തിൽ ഇന്ത്യ പിന്നിലാണെങ്കിൽക്കൂടി കഴിഞ്ഞ വർഷം 11,200 കോടി രൂപ സമാഹരിക്കപ്പെട്ടു. ഫണ്ടുകളുടെ പക്കലുള്ള സ്വർണ ശേഖരം അതോടെ 57.8 ടണ്ണിലെത്തി.

ആഗോള തലത്തിലെ വിലക്കയറ്റത്തിനൊപ്പം ഇന്ത്യയിലെ വില നിലവാരവും കൂടുതൽ ഉയരങ്ങളിലേക്കു കുതിക്കും. 10 ഗ്രാമിന്റെ വില 1,00,000 രൂപയിലേക്കുയരുന്ന കാലം സമീപത്താണെന്നു കമ്മോഡിറ്റി എക്സ്ചേഞ്ചുകളിലൂടെ ഇടപാടുകൾ നടത്തുന്നവർക്ക് അഭിപ്രായമുണ്ട്. കേരളത്തിൽ കഴിഞ്ഞ ആഴ്ച പവന് 66,480 രൂപ വരെ ഉയർന്ന വില താമസിയാതെ 80,000ൽ എത്തിയേക്കാമെന്നാണു വിപണി നിരീക്ഷകരുടെ അനുമാനം.

വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ പക്കലുള്ള സ്വർണത്തിന്റെ അളവ്

  • അമേരിക്ക -  8,133.5 ടൺ
  • ജർമനി - 3,359.1 ടൺ
  • ഇറ്റലി - 2,451.8 ടൺ
  • ഫ്രാൻസ് - 2,400 ടൺ
  • ചൈന - 2200 ടൺ
  • റഷ്യ - 1,900 ടൺ
  • ഇന്ത്യ - 876 ടൺ

ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Gold prices continue to surge, driven by central bank accumulation and ETF investments. Experts predict further price increases, potentially reaching $4000 per ounce. Learn about the future of gold investment.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com