സ്വർണം പണമാക്കൽ പദ്ധതി അവസാനിപ്പിച്ച് കേന്ദ്രം; ‘കുഞ്ഞൻ’ നിക്ഷേപ പദ്ധതി തുടരും

Mail This Article
കൊച്ചി∙ വീടുകളിലും സ്ഥാപനങ്ങളിലും മറ്റുമുള്ള സ്വർണം സമാഹരിച്ച് ബാങ്കിങ് സംവിധാനത്തിലേക്ക് എത്തിക്കാനായി ആരംഭിച്ച ഗോൾഡ് മോണിറ്റൈസേഷൻ പദ്ധതി നിർത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
സ്വർണ ഇറക്കുമതി കുറയ്ക്കാൻ ലക്ഷ്യംവച്ച് ആരംഭിച്ച പദ്ധതി ഇന്നു നിർത്തലാക്കും. അതേസമയം, ഹ്രസ്വകാല ബാങ്ക് ഡിപ്പോസിറ്റ് പദ്ധതി (എസ്ടിബിഡി) തുടരും. 2024 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 31,164 കിലോഗ്രാം സ്വർണമാണ് പദ്ധതിയിലൂടെ പണമാക്കി മാറ്റിയത്.

2015 സെപ്റ്റംബർ 15നാണ് കേന്ദ്രസർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. മൂന്നു തരത്തിലായിരുന്നു പദ്ധതി– ഹ്രസ്വകാല ബാങ്ക് നിക്ഷേപം (1–3 വർഷം), മീഡിയം ടേം ഗവ. നിക്ഷേപം (5–7 വർഷം), ദീർഘകാല ഗവ. നിക്ഷേപം (12–15 വർഷം). പുതിയ വിപണി സാഹചര്യങ്ങൾ പരിഗണിച്ചാണ് ഇതിലെ 2 പ്രധാന പദ്ധതികൾ നിർത്തുന്നത്. എസ്ടിബിഡി പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ മാർഗനിർദേശങ്ങൾ റിസർവ് ബാങ്ക് പുറത്തിറക്കുമെന്നും കേന്ദ്രം അറിയിച്ചു.
ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business