ആദ്യ രണ്ടു കളികളിൽ പൂജ്യം, പിന്നാലെ സെഞ്ചറി, പാക്ക് താരത്തിന് അപൂർവ റെക്കോർഡ്; ചേസിങ്ങില്‍ ഞെട്ടിച്ച് പാക്കിസ്ഥാൻ

Mail This Article
ഓക്‌ലൻഡ്∙ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20യിലെ തകർപ്പൻ ബാറ്റിങ്ങിലൂടെ അപൂർവ റെക്കോർഡിന് ഉടമയായി പാക്കിസ്ഥാൻ ഓപ്പണർ ഹസൻ നവാസ്. ന്യൂസീലൻഡിനെതിരെ ഓക്‌ലൻഡിൽ സെഞ്ചറി നേടിയതോടെ ട്വന്റി20യിലെ ആദ്യ രണ്ടു കളികളിൽ പൂജ്യത്തിനു പുറത്തായി, അടുത്ത കളിയിൽ സെഞ്ചറി നേടുന്ന ആദ്യ താരമായി ഹസൻ നവാസ്. പാക്കിസ്ഥാൻ തോറ്റ ആദ്യ രണ്ടു മത്സരങ്ങളിൽ നവാസിനു റൺസൊന്നും നേടാൻ സാധിച്ചിരുന്നില്ല.
കരിയറിലെ തുടക്കക്കാരല്ലാതെ ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽ മുൻപ് മൂന്നു തവണ മാത്രമാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ, സഞ്ജു സാംസൺ എന്നിവരും ദക്ഷിണാഫ്രിക്കയുടെ റിലീ റൂസ്സോയുമാണു മുൻപ് പൂജ്യത്തിനു രണ്ടു തവണ പുറത്തായ ശേഷം സെഞ്ചറിയടിച്ച ബാറ്റർമാർ. 2024ൽ അഫ്ഗാനെതിരെ തുടർച്ചയായി രണ്ടു തവണ പൂജ്യത്തിനു പുറത്തായ ശേഷം രോഹിത് 121 റൺസെടുത്തിരുന്നു. സഞ്ജു സാംസൺ 2024ൽ സെഞ്ചൂറിയനിലും ഗബർഹയിലും ദക്ഷിണാഫ്രിക്കയോട് റണ്‍സൊന്നും നേടാനാകാതെ ഔട്ടായിരുന്നു. തുടർന്ന് ജൊഹാനസ്ബെർഗിൽ 109 റൺസെടുത്തു പുറത്താകാതെനിന്നു. 2022 ൽ ഇന്ത്യയ്ക്കെതിരെയായിരുന്നു റിലീ റൂസോയുടെ സെഞ്ചറി പ്രകടനം.
ട്വന്റി20യില്‍ 200ന് മുകളിലുള്ള വിജയ ലക്ഷ്യത്തിലെ അതിവേഗ ചേസിങ്ങാണ് മൂന്നാം പോരാട്ടത്തിൽ പാക്കിസ്ഥാൻ നടത്തിയത്. ന്യൂസീലൻഡ് ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം 16 ഓവറിൽ പാക്കിസ്ഥാൻ മറികടന്നു. 17 വർഷം പഴക്കമുള്ള ദക്ഷിണാഫ്രിക്കയുടെ റെക്കോർഡാണ് പാക്കിസ്ഥാൻ തകർത്തത്. 2007 ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസിനെതിരെ 206 റൺസ് 17.4 ഓവറിൽ പിന്തുടർന്നു വിജയിച്ചിരുന്നു.
200 ന് മുകളിലെ വിജയലക്ഷ്യം ഒൻപതു വിക്കറ്റുകളും കയ്യിലിരിക്കെ ചേസ് ചെയ്തു ജയിക്കുന്നത് ട്വന്റി20യിൽ മൂന്നാം തവണയാണ്. മൂന്നു തവണയും ഇതു ചെയ്തത് പാക്കിസ്ഥാനാണ് എന്ന പ്രത്യേകതയുമുണ്ട്. 2021 ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 205 റൺസും 2022ൽ ഇംഗ്ലണ്ടിനെതിരെ 203 റൺസും പാക്കിസ്ഥാൻ സമാന രീതിയിൽ പിന്തുടർന്നു വിജയിച്ചിട്ടുണ്ട്. മൂന്നാം ട്വന്റി20യിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 19.5 ഓവറിൽ 204 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 24 പന്തുകൾ ബാക്കി നിൽക്കെ ഒരു വിക്കറ്റു മാത്രം നഷ്ടത്തിൽ പാക്കിസ്ഥാൻ വിജയ റൺസ് കുറിച്ചു. 45 പന്തുകൾ നേരിട്ട ഹസൻ നവാസ് 105 റണ്‍സെടുത്തു പുറത്താകാതെനിന്നു.