ചെന്നൈ കൈവിട്ടു, ലേലത്തില്‍ ആർക്കും വേണ്ട; ഒടുവിൽ ലക്നൗവിൽ ചേർന്ന് ഓൾറൗണ്ടർ, പന്തിന് ആശ്വാസം

Mail This Article
മുംബൈ∙ ഇന്ത്യൻ ഓൾറൗണ്ടര്‍ ഷാർദൂല്‍ ഠാക്കൂർ ലക്നൗ സൂപ്പർ ജയന്റ്സിൽ ഐപിഎൽ കളിക്കും. തിങ്കളാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ വിശാഖപട്ടണത്താണ് ലക്നൗവിന്റെ ആദ്യ മത്സരം. പരുക്കേറ്റ ഇന്ത്യൻ പേസർ മുഹ്സിൻ ഖാനു പകരമാണ് ഷാർദൂൽ ഠാക്കൂർ ലക്നൗവിലെത്തിയതെന്നാണു വിവരം. സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ മെഗാലേലത്തിൽ ഷാർദൂലിനെ ആരും വാങ്ങിയിരുന്നില്ല. പേസ് ബോളർ എന്നതിലുപരി ബാറ്ററായും ഉപയോഗിക്കാൻ സാധിക്കുന്ന താരമാണു ഷാർദൂൽ ഠാക്കൂർ.
കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിൽ കളിച്ചിരുന്ന താരത്തെ, ഫ്രാഞ്ചൈസി നിലനിർത്തിയിരുന്നില്ല. ഇതോടെയാണ് ഷാർദൂൽ മെഗാലേലത്തിൽ അവസരം തേടിയത്. ക്ലബ്ബിന്റെ നിര്‍ദേശ പ്രകാരം വിശാഖപട്ടണത്തെത്തി താരം പരിശീലനം തുടങ്ങും. ഷാർദൂലിനു പുറമേ മയങ്ക് യാദവ്, ആകാശ്ദീപ്, ആവേശ് ഖാൻ, ഷമാര്‍ ജോസഫ് എന്നിവരാണ് ലക്നൗവിന്റെ പേസര്‍മാര്‍. ലക്നൗവിനായി നെറ്റ്സിൽ പന്തെറിയുന്നതിനിടെ മുഹ്സിൻ ഖാന്റെ കാലിനു പരുക്കേൽക്കുകയായിരുന്നു. പേസര്‍മാരുടെ പരുക്ക് ഋഷഭ് പന്ത് നയിക്കുന്ന ലക്നൗവിനു തലവേദനയാണ്.
ലക്നൗ താരങ്ങളായ ആവേശ് ഖാൻ, മയങ്ക് യാദവ് എന്നിവരും പരുക്കിന്റെ പിടിയിലാണ്. കാൽമുട്ടിനു പരുക്കേറ്റ ആവേശ് ഖാനും ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. മയങ്ക് യാദവ് നെറ്റ്സിൽ പരിശീലിക്കുന്നുണ്ടെങ്കിലും ഇതുവരെ ‘മാച്ച് ഫിറ്റ്നസ്’ നേടിയിട്ടില്ല. ഈ താരങ്ങളൊന്നുമില്ലാതെ ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾ കളിക്കേണ്ടിവന്നാല്‍ ഷാർദൂൽ ഠാക്കൂറായിരിക്കും ടീമിന്റെ പേസ് നിരയെ നയിക്കുക.
വെസ്റ്റിൻഡീസിന്റെ ഷമാർ ജോസഫ് മാത്രമാണ് ലക്നൗവിൽ വിദേശ പേസറായി കളിക്കുന്നത്. ഇന്ത്യൻ താരങ്ങളായ രാജ്‍വർധൻ ഹങ്‍രേക്കര്‍, പ്രിൻസ് യാദവ് എന്നീ ഇന്ത്യൻ യുവതാരങ്ങളും ലക്നൗ ക്യാംപിലുണ്ടെങ്കിലും പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കാൻ സാധ്യതയില്ല.