ADVERTISEMENT

ഓക്‌ലൻഡ്∙ ‘ഒന്നെങ്കിൽ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്കു പുറത്ത്’ – രാജ്യാന്തര ക്രിക്കറ്റിൽ ഈ ചൊല്ല് പാക്കിസ്ഥാൻ ക്രിക്കറ്റിനോളം ചേർന്നുനിൽക്കുന്ന മറ്റൊരു ടീമുണ്ടാകുമോ എന്നു സംശയമാണ്. ചാംപ്യൻസ് ട്രോഫിക്കു പിന്നാലെ ന്യൂസീലൻഡ് പര്യടനത്തിനെത്തി ആദ്യ രണ്ടു മത്സരങ്ങളിലും നാണംകെട്ട് തോറ്റ പാക്കിസ്ഥാൻ, മൂന്നാം മത്സരത്തിൽ നേടിയത് അസാമാന്യ വിജയം. ന്യൂസീലൻഡ് ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ മറിടകന്ന പാക്കിസ്ഥാൻ, ആദ്യ രണ്ടു മത്സരങ്ങളിലെ തോൽവിഭാരവും ഇതോടെ ഇറക്കിവച്ചു. തോറ്റെങ്കിലും അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ന്യൂസീലൻഡ് ഇപ്പോഴും 2–1ന് മുന്നിലാണ്.

രാജ്യാന്തര കരിയറിലെ മൂന്നാമത്തെ മാത്രം മത്സരം കളിക്കുന്ന യുവ ഓപ്പണർ ഹസൻ നവാസിന്റെ തകർപ്പൻ സെഞ്ചറിയാണ് പാക്കിസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് 19.5 ഓവറിൽ 204 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ വെറും 16 ഓവറിൽ ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ വിജയത്തിലെത്തി. നവാസ് 105 റൺസോടെയും ക്യാപ്റ്റൻ സൽമാൻ ആഗ 51 റൺസോടെയും പുറത്താകാതെ നിന്നു. രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ രണ്ടു മത്സരങ്ങളിലും പൂജ്യത്തിനു പുറത്തായതിന്റെ വിഷമം കൂടി തീർത്താണ്, മൂന്നാം മത്സരത്തിൽ ഹസൻ നവാസ് സെഞ്ചറി കുറിച്ചത്.

ഓപ്പണിങ് വിക്കറ്റിൽ മുഹമ്മദ് ഹാരിസിനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ടും, പിരിയാത്ത രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ സൽമാൻ ആഗയ്‌ക്കൊപ്പം സെഞ്ചറി കൂട്ടുകെട്ടും തീർത്താണ് ഹസൻ നവാസ് പാക്കിസ്ഥാനെ വിജയത്തിലെത്തിച്ചത്. പവർപ്ലേയിൽ തകർത്തടിച്ച ഹാരിസ്– നവാസ് സഖ്യം വെറും 35 പന്തിൽ അടിച്ചുകൂട്ടിയത് 74 റൺസ്. പിരിയാത്ത രണ്ടാം വിക്കറ്റിൽ നവാസ് –  സൽമാൻ ആഗ സഖ്യം 61 പന്തിൽ 133 റൺസു കുറിച്ചു.

44 പന്തിൽ 9 ഫോറും ഏഴു സിക്സും സഹിതമാണ് ഹസൻ നവാസ് കന്നി സെഞ്ചറി കുറിച്ചത്. ഒരു പന്തുകൂടി നേരിട്ട് ബൗണ്ടറി കുറിച്ചാണ് താരം പാക്കിസ്ഥാനെ വിജയത്തിലെത്തിച്ചത്. ആകെ 45 പന്തിൽ 10 ഫോറും ഏഴു സിക്സും സഹിതം 105 റൺസുമായി ഹസൻ നവാസ് പുറത്താകാതെ നിന്നു. സൽമാൻ ആഗ 31 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതമാണ് 51 റൺസെടുത്തത്. മുഹമ്മദ് ഹാരിസ് 20 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 41 റൺസെടുത്തു. ന്യൂസീലൻഡിനായി ജേക്കബ് ഡുഫി മൂന്ന് ഓവറിൽ 37 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

∙ തകർത്തടിച്ച് ചാപ്മാൻ, പക്ഷേ...

ആദ്യ രണ്ട് മത്സരങ്ങളിൽ തലവേദന സൃഷ്ടിച്ച ഓപ്പണർ ടിം സീഫർട്ട് ഇത്തവണ നേരത്തെ കീഴടങ്ങിയെങ്കിലും മൂന്നാം ട്വന്റി20യിൽ പാക്കിസ്ഥാന് പുതിയ ‘തലവേദന’യായത് മാർക്ക് ചാപ്മാനായിരുന്നു. നേരിയ വ്യത്യാസത്തിൽ അർഹിച്ച സെഞ്ചറി നഷ്ടമായെങ്കിലും, 44 പന്തിൽ 94 റൺസുമായി തകർത്തടിച്ച ചാപ്മാന്റെ മികവിലാണ് കിവീസ് പാക്കിസ്ഥാനു മുന്നിൽ 205 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ്, 19.5 ഓവറിൽ 204 റൺസിന് പുറത്താവുകയായിരുന്നു. സീഫർട്ട് ഒൻപതു പന്തിൽ 19 റൺസെടുത്ത് പുറത്തായി.

44 പന്തിൽ 11 ഫോറും നാലു സിക്സും സഹിതമാണ് ചാപ്മാൻ 94 റൺസെടുത്തത്. സീഫർട്ട് ഒൻപതു പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 19 റൺസെടുത്തു. ഇവർക്കു പുറമേ ന്യൂസീലൻഡ് നിരയിൽ രണ്ടക്കത്തിലെത്തിയത് മൂന്നു പേരാണ്. ക്യാപ്റ്റൻ മൈക്കൽ ബ്രേസ്‌വെൽ 18 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 31 റൺസെടുത്തു. ഡാരിൽ മിച്ചൽ (11 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 17), ഇഷ് സോധി (10 പന്തിൽ ഒരു ഫോർ സഹിതം 10) എന്നിവരാണ് രണ്ടക്കത്തിലെത്തിയത്.

ഓപ്പണർ ഫിൻ അലൻ (0), ജിമ്മി നീഷം (ഏഴു പന്തിൽ മൂന്ന്), മിച്ചൽ ഹേ (എട്ടു പന്തിൽ ഒൻപത്), കൈൽ ജയ്മിസൻ (0), ജേക്കബ് ഡുഫി (നാലു പന്തിൽ രണ്ട്) എന്നിവർ നിരാശപ്പെടുത്തി. ബെൻ സിയേഴ്സ് നാലു പന്തിൽ ഒരു ഫോർ സഹിതം ഏഴു റൺസുമായി പുറത്താകാതെ നിന്നു.

പാക്കിസ്ഥാൻ നിരയിൽ നാല് ഓവറിൽ 29 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഹാരിസ് റൗഫിന്റെ പ്രകടനം ശ്രദ്ധേയമായി. ഓപ്പണർ ഫിൻ അലനെ പുറത്താക്കാൻ റൗഫ് പറന്നുപിടിച്ച ക്യാച്ചും കയ്യടി നേടി. ഷഹീൻ അഫ്രീദി നാല് ഓവറിൽ 36 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അബ്ബാസ് അഫ്രീദി 2.5 ഓവറിൽ 24 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റെടുത്തു. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ താരം ശുഭ്മൻ ഗില്ലിനു നൽകിയ ‘യാത്രയയപ്പി’ലൂടെ ശ്രദ്ധേയനായ അബ്രാർ അഹമ്മദ് രണ്ടു വിക്കറ്റെടുത്തെങ്കിലും മൂന്ന് ഓവറിൽ 43 റൺസ് വഴങ്ങി. ഷതബ് ഖാൻ ‍നാല് ഓവറിൽ 33 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

English Summary:

New Zealand vs Pakistan, 3rd T20I - Live Updates

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com