വിക്കറ്റ് കീപ്പർ ഡ്യൂട്ടിക്ക് അനുമതിയില്ല; നായകസ്ഥാനം തന്നെ കൈവിട്ടു, ടീം മീറ്റിങ്ങിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചതും സഞ്ജു– വിഡിയോ

Mail This Article
ജയ്‌പുർ∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്‌ക്കിടെ ജോഫ്ര ആർച്ചറിന്റെ പന്ത് പതിച്ച് കൈവിരലിനേറ്റ പരുക്കാണ് രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനത്തുനിന്ന് ആദ്യത്തെ മൂന്നു മത്സരങ്ങളിൽ മാറിനിൽക്കേണ്ട അവസ്ഥയിലേക്ക് മലയാളി താരം സഞ്ജു സാംസണിനെ എത്തിച്ചത്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ കഠിനശ്രമത്തിനൊടുവിൽ ബാറ്റിങ്ങിന് ഇറങ്ങാൻ അധികൃതരുടെ പച്ചക്കൊടി കിട്ടിയെങ്കിലും, വിക്കറ്റ് കീപ്പറുടെ ജോലി തുടരാൻ ഇനിയും അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ആദ്യ മൂന്നു കളികളിൽ ക്യാപ്റ്റൻ സ്ഥാനം വിട്ടുകൊടുത്ത് ബാറ്ററായി ‘ഒതുങ്ങാൻ’ സഞ്ജു തീരുമാനിച്ചത്.
ഫലത്തിൽ ഈ ഐപിഎൽ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനു കീഴിലാകും രാജസ്ഥാൻ റോയൽസ് ഐപിഎൽ പോരാട്ടത്തിനു തുടക്കമിടുക. വിരാട് കോലിക്കു ശേഷം ഐപിഎൽ ടീമിനെ നയിക്കുന്ന പ്രായം കുറഞ്ഞ നായകനെന്ന റെക്കോർഡും 23കാരനായ റിയാന‍് പരാഗിനു സ്വന്തം. ബാറ്റിങ്ങിൽ മാത്രം ശ്രദ്ധിക്കാൻ തീരുമാനിച്ച സഞ്ജു, ഇംപാക്ട് പ്ലെയറായി കളത്തിലെത്താനാണ് സാധ്യത. പരുക്കിന്റെ പ്രശ്നങ്ങളുള്ളതിനാൽ റിയാൻ പരാഗായിരിക്കും ആദ്യ മൂന്നു മത്സരങ്ങളിൽ ടീമിനെ നയിക്കുക എന്ന കാര്യം സഞ്ജു തന്നെയാണ് ടീം മീറ്റിങ്ങിൽ പ്രഖ്യാപിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ രാജസ്ഥാൻ എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു.
സഞ്ജുവിന്റെ അഭാവത്തിൽ യുവതാരം ധ്രുവ് ജുറേലാകും ആദ്യ മത്സരങ്ങളിൽ രാജസ്ഥാന്റെ വിക്കറ്റ് കീപ്പറാകുക. 23ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അവരുടെ തട്ടകത്തിലാണ് രാജസ്ഥാന്റെ ആദ്യ മത്സരം. തുടർന്ന് 26ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും 30ന് ചെന്നൈ സൂപ്പർ കിങ്സിനെയും ടീമിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബരാസ്പര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നേരിടും.
അതേസമയം, ആദ്യ മൂന്നു മത്സരങ്ങളിൽ സഞ്ജുവിന്റെ നായകസ്ഥാനം നഷ്ടമാക്കിയ പരുക്കിനു കാരണക്കാരനായ ഇംഗ്ലിഷ് താരം ജോഫ്ര ആർച്ചർ ഇത്തവണ രാജസ്ഥാൻ നിരയിലാണെന്ന പ്രത്യേകതയുമുണ്ട്. സഞ്ജുവിന്റെ പരുക്കിനു കാരണമായ പന്തെറിഞ്ഞ ആർച്ചർ, ഈ മത്സരങ്ങളിൽ രാജസ്ഥാൻ ജഴ്സിയിൽ അവരുടെ പേസ് കുന്തമുനയായി ഉണ്ടാകും.