ഇതിഹാസങ്ങൾ കളത്തിൽ ‘കൂട്ടിമുട്ടി’; ആവേശം ഓവർലോഡ് ആയി തീപ്പൊരി ചിതറിയ ഒരു ഐപിഎൽ മത്സരത്തിന്റെ കഥ!

Mail This Article
ഒരു സിംഗിൾ സർക്യൂട്ടിനു താങ്ങാവുന്നതിലേറെ ഡിവൈസുകൾ കണക്ട് ചെയ്താൽ ഓവർലോഡ് ആയി തീപിടിക്കുമെന്നതു വൈദ്യുതിയുമായി ബന്ധപ്പെട്ട ബാലപാഠമാണ്. ഐപിഎലിലും സംഭവിച്ചിട്ടുണ്ട്, ഇതിഹാസങ്ങളുടെ കൂട്ടിമുട്ടലിലൂടെ ആവേശം ഓവർലോഡ് ആയി തീപ്പൊരി ചിതറിയ ഒരു മത്സരം. പന്ത് നേരിടാൻ ബാറ്റുമായി നിന്നത് 71 സെഞ്ചറികളുടെ ഉടമ. നോൺ സ്ട്രൈക്കറായി നിന്നതു 100 സെഞ്ചറികൾ കുറിച്ചയാൾ. പന്തെറിയാൻ വന്നത് 1347 വിക്കറ്റുകൾ സ്വന്തമാക്കിയയാൾ. റിക്കി പോണ്ടിങ്ങും സച്ചിൻ തെൻഡുൽക്കറും മുത്തയ്യ മുരളീധരനുമായിരുന്നു ആ ഇതിഹാസങ്ങൾ. ഇനിയൊരിക്കലും സംഭവിക്കാനിടയില്ലാത്ത അപൂർവ കൂട്ടിമുട്ടലിന്റെ കഥയിങ്ങനെ..
2013ൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ– മുംബൈ ഇന്ത്യൻസ് മത്സരം. 71 രാജ്യാന്തര സെഞ്ചറികൾ നേടിയ ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെയും 100 സെഞ്ചറികൾ നേടിയ സച്ചിനെയും ഓപ്പണിങ് കൂട്ടുകെട്ടിൽ ഒന്നിപ്പിക്കുകയെന്ന തന്ത്രം മുംബൈ പരീക്ഷിച്ചെങ്കിലും കാര്യമായ ഫലം കണ്ടിരുന്നില്ല. കരിയറിന്റെ അന്ത്യഘട്ടത്തിലെത്തിയ പോണ്ടിങ്ങിനും അവസാന ഐപിഎൽ സീസൺ കളിക്കുന്ന സച്ചിനും ആദ്യ മത്സരങ്ങളിൽ അദ്ഭുത പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല.
ഏതാനും കളികൾക്കു ശേഷം പോണ്ടിങ്ങിന്റെ സ്ഥാനം ബെഞ്ചിലേക്കു മാറുകയും ചെയ്തിരുന്നു. എന്നാൽ, ബാംഗ്ലൂരിനെതിരായ മുംബൈയുടെ മത്സരം സവിശേഷ ശ്രദ്ധ നേടി. സച്ചിൻ – പോണ്ടിങ് ഓപ്പണിങ് ജോടി മുത്തയ്യ മുരളീധരനെ നേരിടുകയെന്ന കൗതുകമായിരുന്നു എല്ലാവരെയും അതിശയിപ്പിച്ചത്.
5 ഓവറിൽ 27 റൺസെന്ന നിലയിൽ മുംബൈ നിൽക്കെയാണു സകലരും കാത്തിരുന്ന നിമിഷമെത്തിയത്. മുരളീധരൻ പന്തെടുത്തു. ക്രീസിൽ പോണ്ടിങ്. ആദ്യ പന്തിൽ റണ്ണില്ല. രണ്ടാം പന്തിൽ മുരളിയെ പോണ്ടിങ് സ്വീപ് ചെയ്തു ഡബിളെടുത്തു. അടുത്ത പന്തിൽ സിംഗിൾ. സ്ട്രൈക്ക് നേടിയെത്തിയ സച്ചിന് ആദ്യ പന്തിൽ റണ്ണെടുക്കാനായില്ല. അടുത്ത പന്ത് സ്ട്രെയ്റ്റ് ഡ്രൈവിലൂടെ ഫോർ. തൊട്ടടുത്ത പന്ത് മിഡ്‍വിക്കറ്റിനു മുകളിലൂടെ വീണ്ടും ഫോർ. ഗാലറി ഇളകിമറിഞ്ഞു.
ആ മത്സരത്തിൽ ആ ഒറ്റ ഓവറിൽ മാത്രമേ 3 ഇതിഹാസങ്ങളും കണ്ടുമുട്ടിയുള്ളൂ. മുരളിയുടെ അടുത്ത ഓവറിനു മുൻപേ സച്ചിനും (19 പന്തിൽ 23) പിന്നാലെ പോണ്ടിങ്ങും (33 പന്തിൽ 28) പുറത്തായി. കൂട്ടുകെട്ട് അർധ സെഞ്ചറി തികച്ച ശേഷമായിരുന്നു വേർപിരിയൽ. ബാംഗ്ലൂർ കുറിച്ച 5 വിക്കറ്റിനു 156 റൺസ് എന്ന സ്കോറിനു 2 റൺസ് പിന്നിൽ 5 വിക്കറ്റിനു 154 റൺസ് നേടാനേ മുംബൈയ്ക്കു കഴിഞ്ഞുള്ളൂ. അന്നത്തെ കളിയിൽ സച്ചിനും പോണ്ടിങ്ങിനുമൊപ്പം കളിച്ച രോഹിത് ശർമ ഈ മത്സരത്തെക്കുറിച്ചു പിന്നീടൊരിക്കൽ പറഞ്ഞതിങ്ങനെയാണ്:
‘അത്രയും കാലം അവർ എതിർ ടീമുകളിൽ നിന്നു ബാറ്റ് ചെയ്യുന്നതേ നമ്മൾ കണ്ടിട്ടുള്ളൂ. പക്ഷേ, അവരൊന്നിച്ചു കളിക്കുന്നതു കാണാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ അവിശ്വസനീയമായ നിമിഷങ്ങളിലൊന്നായിരുന്നു.’