ചെന്നൈയ്ക്കെതിരായ ആദ്യ മത്സരത്തിൽ പാണ്ഡ്യയ്ക്ക് വിലക്ക്, ബുമ്രയും പുറത്ത്; സീസൺ തുടങ്ങും മുൻപേ മുംബൈയ്ക്ക് ‘ക്ഷീണം’!

Mail This Article
മുംബൈ ∙ സീസണിൽ തോൽവിയോടെ തുടങ്ങി കിരീടത്തിലേക്ക് കുതിക്കുന്നതാണ് ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസിന്റെ പതിവെങ്കിലും, ഇത്തവണ സീസൺ ആരംഭിക്കുന്നതിനു മുൻപേ ടീമിന് തലവേദന. പരുക്കുമൂലം സൂപ്പർതാരം ജസ്പ്രീത് ബുമ്ര ആദ്യ മത്സരത്തിന് ഉണ്ടാകില്ലെന്ന് വ്യക്തമായതിനു പിന്നാലെയാണ്, ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ അസാന്നിധ്യത്തിന്റെ കാര്യത്തിലും തീരുമാനമായത്. 23ന് ചെന്നൈയ്ക്കെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.
ഇതോടെ, ഐപിഎൽ 18–ാം സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരത്തിൽ ടീമിനെ നയിക്കുക സൂര്യകുമാർ യാദവ്. കഴിഞ്ഞ സീസണിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് ഒരു മത്സരത്തിൽ വിലക്ക് വന്നതോടെയാണ് സൂര്യയെ ക്യാപ്റ്റനായി നിയമിച്ചത്. ഒരു സീസണിൽ 3 തവണ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടാൽ ടീം ക്യാപ്റ്റന് ഒരു മത്സരത്തിൽ വിലക്ക് ലഭിക്കും.
‘‘ഇന്ത്യൻ ടീമിന്റെയും ക്യാപ്റ്റനാണ് സൂര്യ. ഞാൻ കളിക്കാനില്ലാത്ത സാഹചര്യത്തിൽ സൂര്യകുമാറിനെ നായകനാക്കുന്നതു തന്നെയാണ് ഏറ്റവും നല്ലത്’ – സീസണിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ ഹാർദിക് പാണ്ഡ്യ പറഞ്ഞു.
‘‘ഇത്തരം കാര്യങ്ങൾ സത്യത്തിൽ എന്റെ നിയന്ത്രണത്തിലല്ല. കഴിഞ്ഞ സീസണിൽ സംഭവിച്ച കാര്യങ്ങൾ ഈ കളിയുടെ ഭാഗമാണ്. ഞങ്ങൾ ബോളിങ് തീർത്തത് ഒന്നര–രണ്ടു മിനിറ്റ് വൈകിയാണ്. അന്ന് അതിന്റെ പരിണിത ഫലം എനിക്ക് അറിയുമായിരുന്നില്ല. എന്തായാലും കളിക്കാനാകാത്തത് ദൗർഭാഗ്യകരമാണ്. പക്ഷേ, അതാണ് നിയമം. അടുത്ത വർഷവും ഇതേ നിയമവുമായി തുടരണോ എന്ന കാര്യം ഉയർന്ന തലത്തിൽ തീരുമാനിക്കേണ്ടതാണ്. അത് അവർ തീരുമാനിക്കട്ടെ’ – പാണ്ഡ്യയുടെ വാക്കുകൾ.
പാണ്ഡ്യ ആദ്യ മത്സരത്തിനുണ്ടാകില്ലെന്ന് പരിശീലകൻ മഹേള ജയവർധനെയും സ്ഥിരീകരിച്ചു. ‘‘ഹാർദിക്കിന് കളിക്കാനാകില്ലെന്ന് ഔദ്യോഗികമായിത്തന്നെ അറിയിച്ചിട്ടുണ്ട്. പകരം സൂര്യകുമാർ ആദ്യ മത്സരത്തിൽ ക്യാപ്റ്റനാകും’ – ജയവർധനെ പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ നായകന്‍മാരായ രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നിവരും മുംബൈ ഇന്ത്യൻസിലുണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയപ്പോൾ, പാണ്ഡ്യയുടെ പ്രതികരണം ഇങ്ങനെ;
‘‘എനിക്കൊപ്പം ടീമിൽ മൂന്നു ക്യാപ്റ്റൻമാരുണ്ട് എന്നത് ഭാഗ്യമാണ്. എപ്പോഴൊക്കെ സഹായം ആവശ്യമുണ്ടെങ്കിലും, ഇന്ത്യൻ ടീമിനെ വ്യത്യസ്ത ഫോർമാറ്റുകളിൽ നയിച്ച് പരിചയമുള്ള ക്യാപ്റ്റൻമാർ ഒപ്പമുള്ളത് ധൈര്യമല്ലേ. ഇത്രയും വർഷത്തെ നായക പരിചയമുള്ള ഇവരോട് ഏതു സമയത്തും എനിക്ക് സഹായം തേടാം. അതിൽ സന്തോഷം മാത്രം’ – പാണ്ഡ്യ പറഞ്ഞു.
ഹാർദിക്കിന്റെ അഭാവത്തിനു പുറമേയാണ് പേസർ ജസ്പ്രീത് ബുമ്രയുടെ അസാന്നിധ്യം. പരുക്കേറ്റ ബുമ്ര നിലവിൽ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലാണ്.