കഴിഞ്ഞ സീസണിൽ കൂവിക്കളിയാക്കിയ ആരാധകർക്ക് മുന്നിലേക്കു പാണ്ഡ്യ വീണ്ടും; ഇനി മുംബൈയുടെ ഗുഡ് ബോയ്– വിഡിയോ

Mail This Article
2003 ഏകദിന ക്രിക്കറ്റ് ലോകകപ്പിനു മുൻപ് പരിശീലന മത്സരങ്ങൾക്കായി കെനിയൻ ടീം സംഘടിപ്പിച്ച ഏഷ്യൻ പര്യടനം. ഗുജറാത്തിലെ ബറോഡ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറത്തെത്തിയ കെനിയൻ ടീമിനെ കാണാൻ പ്രദേശവാസികൾ ഓടിക്കൂടി. ടീം ബസിലേക്കു കയറാൻ നിൽക്കുമ്പോഴാണ് ക്യാപ്റ്റൻ കോളിൻസ് ഒബുയ ഒരു കാര്യം ശ്രദ്ധിക്കുന്നത്. ആരാധകർക്കിടയിൽ ഒരു കെനിയൻ പയ്യൻ. തങ്ങളുടെ പരിശീലനം കാണാൻ ഇത്രയും ദൂരം സഞ്ചരിച്ച് ഒരാൾ വന്നതിന്റെ സന്തോഷം ഒബുയ മറച്ചുവച്ചില്ല.
ആൾക്കൂട്ടത്തിൽ നിന്ന് അവനെ അടുത്തേക്കു വിളിച്ച ഒബുയ ഒപ്പം ചേർത്തു നിർത്തി ഫോട്ടോയെടുത്തു; ഓട്ടോഗ്രാഫ് നൽകി. പിന്നാലെ അവനോടു പേരു ചോദിച്ചപ്പോഴാണ് ഒബുയയ്ക്ക് അമളി മനസ്സിലായത്. അത് ആ നാട്ടുകാരനായ ഒരു പയ്യനായിരുന്നു. ഒബുയ ആ സംഭവം അന്നേ മറന്നുകാണുമെങ്കിലും അന്നത്തെ ഓട്ടോഗ്രാഫും ഫോട്ടോയും ആ പത്തുവയസ്സുകാരൻ പയ്യന്റെ ജീവിതം മാറ്റിമറിച്ചു.
ക്രിക്കറ്ററായാൽ ഇതുപോലെ പേരും പ്രശസ്തിയും ആരാധകരും ലഭിക്കുമെന്നു മനസ്സിലാക്കിയ അവൻ അന്നു മുതൽ അതിനായി പരിശ്രമിച്ചു. ഇന്ന്, 22 വർഷങ്ങൾക്കിപ്പുറം ഐപിഎലിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ മുംബൈ ഇന്ത്യൻസിന്റെ അമരത്താണ് ആ പയ്യന്റെ സ്ഥാനം, ഹാർദിക് പാണ്ഡ്യ!
∙ മാഗിയാണ് മെയിൻ
ഹാർദിക് പാണ്ഡ്യ എങ്ങനെ ക്രിക്കറ്ററായി എന്നു ചോദിച്ചപ്പോൾ ഒരു അഭിമുഖത്തിൽ സഹോദരൻ ക്രുനാൽ പാണ്ഡ്യയാണ് ഈ സംഭവം ആദ്യം പുറത്തുപറഞ്ഞത്. ക്രിക്കറ്ററാകണം എന്ന ആഗ്രഹം മാത്രമേ ഹാർദിക്കിനുണ്ടായിരുന്നുള്ളൂ. അവന് അതിലേക്കു വഴി കാട്ടിക്കൊടുത്തത് സഹോദരൻ ക്രുനാൽ പാണ്ഡ്യയാണ്. ടെന്നിസ് ബോൾ ടൂർണമെന്റുകളായിരുന്നു ഇരുവരുടെയും കളരി. 20 വയസ്സുവരെ ടെന്നിസ് ബോൾ ക്രിക്കറ്റിൽ സജീവമായ ഇരുവരും പ്രഫഷനൽ ക്രിക്കറ്റിലേക്ക് മാറാൻ സ്റ്റിച്ച് ബോളിൽ കളിക്കണമെന്ന് മനസ്സിലാക്കി. അങ്ങനെ ലോക്കൽ ക്ലബ്ബുകൾക്കു വേണ്ടി കളിച്ചുതുടങ്ങി.
2013ൽ ഹാർദിക്കും പിന്നാലെ ക്രുനാലും ബറോഡ രഞ്ജി ടീമിൽ ഇടംപിടിച്ചു. രണ്ടു വർഷം കഴിഞ്ഞ് ബറോഡയുടെ രഞ്ജി ട്രോഫി മത്സരം കാണാനെത്തിയ മുംബൈ ഇന്ത്യൻസ് ടീമിന്റെ ടാലന്റ് സ്കൗട്ടാണ് പാണ്ഡ്യ സഹോദരൻമാരെ ആദ്യം ശ്രദ്ധിച്ചത്. മെലിഞ്ഞുണങ്ങിയ ശരീരമെങ്കിലും അസാമാന്യ പവർ ഹിറ്റർമാരായിരുന്നു ഇരുവരും. രണ്ടാമതൊന്നു ചിന്തിക്കാതെ ഇരുവരെയും ടീമിലെത്തിക്കാൻ മുംബൈ തീരുമാനിച്ചു. അതേക്കുറിച്ച് ടീം ഉടമ നിത അംബാനി പറയുന്നതിങ്ങനെ.
‘ഒരു ബാറ്റ് എടുത്തു പൊക്കാൻ പോലും ആരോഗ്യമില്ലെന്ന് അവരെ കണ്ടാൽ തോന്നും. പക്ഷേ, നല്ല ഹാർഡ് ഹിറ്റമാരായിരുന്നു ഇരുവരും. അവരുടെ ഡയറ്റിനെക്കുറിച്ച് അറിഞ്ഞപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്. കഴിഞ്ഞ 3 വർഷമായി മാഗി നൂഡിൽസ് മാത്രം കഴിച്ചാണ് അവർ ജീവിച്ചതത്രേ. ക്രിക്കറ്റ് കളിച്ചു ലഭിക്കുന്ന പണം മുഴുവൻ വീട്ടിൽ നൽകുന്നതിനാൽ ഭക്ഷണത്തിനോ മറ്റു കാര്യങ്ങൾക്കോ പണം ലഭിക്കാറില്ലെന്ന് അവർ പറഞ്ഞു’.
∙ ദ് ബാഡ് ബോയ്
ഐപിഎലിൽ മികവു തെളിയിച്ചതോടെ അടുത്ത വർഷം ഇന്ത്യൻ ടീമിലും ഹാർദിക്കിന് അവസരം ലഭിച്ചു. പിന്നീടു പെട്ടെന്നായിരുന്നു ഹാർദിക്കിന്റെ വളർച്ച. എന്നാൽ 2019ൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിന്റെ പേരിൽ ഹാർദിക്കും കെ.എൽ.രാഹുലും വിമർശനം നേരിട്ടു. ഇരുവരെയും ബിസിസിഐ സസ്പെൻഡ് ചെയ്തു. ഇതോടെ ഹാർദിക്കിന്റെ കരിയർ അവസാനിച്ചെന്നു പലരും കരുതിയെങ്കിലും ഐപിഎലിലേക്കും പിന്നാലെ രാജ്യാന്തര ക്രിക്കറ്റിലേക്കും തിരിച്ചെത്തിയ ഹാർദിക് 2022ൽ മുംബൈ വിട്ട് ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായി.
ആ വർഷം ടീമിനു കിരീടം നേടിക്കൊടുത്ത ഹാർദിക്, തൊട്ടടുത്ത വർഷവും ഗുജറാത്തിനെ ഫൈനലിൽ എത്തിച്ച് തന്റെ ക്യാപ്റ്റൻസി മികവിന് അടിവരയിട്ടു. ഇതോടെ 2024ൽ മുംബൈ ഇന്ത്യൻസ് ഹാർദിക്കിനെ തിരിച്ചുവിളിച്ചു. ഒപ്പം ക്യാപ്റ്റൻസിയും കൈമാറി. രോഹിത് ശർമയെ മാറ്റി ഹാർദിക്കിനെ ക്യാപ്റ്റനായി നിയമിച്ചതിൽ ടീമിന് അകത്തും പുറത്തും വൻ വിമർശനങ്ങൾ ഉണ്ടായി.
ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ കൂവിവിളിച്ചാണ് മുംബൈ ആരാധകർ ഹാർദിക്കിനെ വരവേറ്റത്. എന്നാൽ 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചതോടെ മുപ്പത്തിരണ്ടുകാരൻ ഹാർദിക് വീണ്ടും ‘ഗുഡ് ബോയ്’ ആയി. ഇത്തവണ മുംബൈ ക്യാപ്റ്റനായി വാങ്കഡെയിൽ എത്തുമ്പോൾ കയ്യടികൾ കേൾക്കാൻ കാത്തിരിക്കുകയാണു താനെന്നു ഹാർദിക് പറഞ്ഞു കഴിഞ്ഞു.