സമ്മേളന കാലയളവിൽ ഇസ്മായിൽ പുറത്ത്; ക്ഷണിതാവായി പോലും പങ്കെടുക്കാനാവില്ല

Mail This Article
തിരുവനന്തപുരം∙ ആറുമാസം പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെടുന്നതോടെ മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിൽ പാർട്ടി സമ്മേളനങ്ങളിൽ നിന്നു പൂർണമായും പുറത്താകും. സംസ്ഥാന സമ്മേളനത്തിലോ പാർട്ടി കോൺഗ്രസിലോ ക്ഷണിതാവായി പങ്കെടുക്കാനുള്ള വഴിയും ഇതോടെ അടഞ്ഞു. സസ്പെൻഷനിലൂടെ സിപിഐ നേതൃത്വം ഉദ്ദേശിച്ചതും അതു തന്നെയാണെന്ന പ്രചാരണം പാർട്ടിക്കകത്ത് ശക്തമാണ്.ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ കടന്ന് മണ്ഡലം സമ്മേളനത്തിലേക്കാണ് സിപിഐ നീങ്ങുന്നത്.
പാർട്ടിയിലെ ചേരിതിരിവിൽ ഒരു വിഭാഗത്തിനു നേതൃത്വം നൽകിയിരുന്ന ഇസ്മായിൽ 75 വയസ്സ് പിന്നിട്ടതിനെ തുടർന്ന് പാർട്ടിയുടെ നേതൃഘടകങ്ങളിൽ നിന്ന് ഒഴിവായെങ്കിലും സിപിഐയിൽ സ്വാധീന ശക്തിയായി തുടരുന്നു. സെപ്റ്റംബറിൽ സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും നടക്കാനിരിക്കെ രണ്ടു സമ്മേളനങ്ങളിലും ഇസ്മായിലിന് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ഇതോടെ സംജാതമാകും.പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നു വ്യക്തമാക്കി പാർട്ടിയെ വെല്ലുവിളിക്കുന്ന സൂചനയാണ് ഇസ്മായിൽ നൽകിയത്. മുതിർന്ന നേതാവിന്റെ സസ്പെൻഷൻ ഇപ്പോൾ നടന്നു വരുന്ന സമ്മേളനങ്ങളിൽ സ്വാഭാവികമായും ചർച്ചയാകും.
എന്നാൽ നടപടി എടുത്തില്ലെങ്കിൽ പി.രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇസ്മായിൽ നടത്തിയ വിവാദ പ്രതികരണം പാർട്ടിക്ക് നിഷേധിക്കാൻ കഴിയാത്ത വസ്തുതയാണെന്ന മട്ടിൽ നേതൃത്വത്തിനെതിരെയുള്ള ചർച്ചയായി മാറുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. രാജുവിനെതിരെ സിപിഐ സ്വീകരിച്ച അച്ചടക്കനടപടി നീതീകരിക്കാനാകുന്നതല്ലെന്നു കരുതിയ കുടുംബം നേതൃത്വത്തിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. അവർക്കൊപ്പം ഇസ്മായിൽ കൂടി ചേർന്നതോടെ നേതൃത്വം പ്രതിസന്ധിയിലായി.നിർവാഹകസമിതി യോഗത്തിൽ ഇസ്മായിലിനെ പുറത്താക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യമുയർന്നു. അതല്ല, താക്കീത് മതിയെന്ന മറുവാദവും ഉണ്ടായി. മന്ത്രിമാരിൽ ചിലർ നിശ്ശബ്ദത പാലിച്ചു. നിർവാഹകസമിതിയുടെ നിർദേശം ഏപ്രിൽ 10,11 തീയതികളിൽ ചേരുന്ന കൗൺസിൽ അംഗീകരിക്കുന്നതോടെ ഇസ്മായിലിന്റെ സസ്പെൻഷൻ പ്രാബല്യത്തിൽ വരും.