26 റിസർവേഷൻ കേന്ദ്രങ്ങൾ പൂട്ടാൻ കെഎസ്ആർടിസി

Mail This Article
മലപ്പുറം∙ മുന്നറിയിപ്പില്ലാതെ, സംസ്ഥാനത്തെ 26 റിസർവേഷൻ കേന്ദ്രങ്ങൾ ഒറ്റയടിക്ക് അടച്ചുപൂട്ടാൻ ഉത്തരവിട്ടു കെഎസ്ആർടിസി. പകരം, ഓൺലൈൻ റിസർവേഷൻ സൗകര്യം സംബന്ധിച്ച് അറിയിപ്പു നൽകുന്ന ബോർഡുകൾ സ്ഥാപിക്കണമെന്നാണു നിർദേശം. ഇതുസംബന്ധിച്ച റിപ്പോർട്ട് ഇന്നു സമർപ്പിക്കാനും ഉത്തരവിൽ നിർദേശിക്കുന്നു. കെഎസ്ആർടിസിയുടെ വിവിധ പാസുകൾ ഉപയോഗിക്കുന്നവരെയും, സ്ഥിരമായി ഡിപ്പോകളിലെ കേന്ദ്രങ്ങൾ ഉപയോഗിക്കുന്ന മുതിർന്ന പൗരന്മാർ അടക്കമുള്ളവരെയും വലയ്ക്കുന്നതാണു പുതിയ ഉത്തരവ്.
മാസത്തിൽ 500 യാത്രാ ബുക്കിങ് എങ്കിലും ഇല്ലാത്ത കേന്ദ്രങ്ങളെന്ന നിലയിലാണ് ഇവ ഉടൻ പൂട്ടാൻ നിർദേശിച്ചിരിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. ജില്ലാ ആസ്ഥാനങ്ങളിലെയും പ്രമുഖ തീർഥാടന–ടൂറിസം കേന്ദ്രങ്ങളിലെയും അടക്കമുള്ള ഡിപ്പോകളും ഇതിൽപെടും.കൊല്ലം, ആലപ്പുഴ, മലപ്പുറം, കാസർകോട് ജില്ലാ ആസ്ഥാന ഡിപ്പോകൾക്കു പുറമേ മൂന്നാർ, കൊട്ടാരക്കര, ഗുരുവായൂർ, തൊടുപുഴ, പാലാ, തലശ്ശേരി, പയ്യന്നൂർ, താമരശ്ശേരി, മാനന്തവാടി, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി, അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, കട്ടപ്പന, കുമളി, ചങ്ങനാശേരി, തിരുവല്ല, അടൂർ, പുനലൂർ തുടങ്ങിയ ഡിപ്പോകളിലെയും കേന്ദ്രങ്ങളാണു പ്രവർത്തനം അവസാനിപ്പിക്കാൻ നിർദേശിച്ചത്. മലപ്പുറം ഉൾപ്പെടെയുള്ള ചില ജില്ലകളിലെ എല്ലാ ഡിപ്പോകളിൽനിന്നും റിസർവേഷൻ സൗകര്യം എടുത്തുകളയുന്നതാണു പുതിയ ഉത്തരവ്.
മലപ്പുറത്തെ മാത്രം ഉദാഹരണമെടുത്താൽ, പാസ് ഉപയോഗിച്ചുള്ള റിസർവേഷനുകൾക്കടക്കം ഇനി കിലോമീറ്ററുകൾ അകലെ കോഴിക്കോടിനെയോ പാലക്കാടിനെയോ തൃശൂരിനെയോ ആശ്രയിക്കേണ്ടി വരും. ഇടുക്കിയിലുള്ളവരും ഏറെ ബുദ്ധിമുട്ടും.കേന്ദ്രങ്ങൾ പൂട്ടുന്ന ഡിപ്പോകളിൽ ഓൺലൈൻ റിസർവേഷൻ വെബ്സൈറ്റ് ലിങ്ക് (http://onlineksrtcswift.com), കെഎസ്ആർടിസി മൊബൈൽ ആപ് (എന്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ് (Ente KSRTC Neo-oprs) വിവരങ്ങൾ പ്രദർശിപ്പിക്കാനാണു നിർദേശം. കെഎസ്ആർടിസി ആസ്ഥാനത്തെ ഐടി വിഭാഗം ഡപ്യൂട്ടി ജനറൽ മാനേജറുടേതാണ് കഴിഞ്ഞ ദിവസം വന്ന ഉത്തരവ്.
ചെലവില്ലെങ്കിൽ പൂട്ടുന്നതെന്തിന്?
കെഎസ്ആർടിസിക്കു പ്രത്യേക ചെലവൊന്നുമില്ലാതെ, കിട്ടുന്നതെല്ലാം ലാഭമെന്ന രീതിയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ റിസർവേഷൻ കേന്ദ്രങ്ങളും പൂട്ടിയവയിൽപെടുമെന്നു വിവരം. മലപ്പുറം ജില്ലയിലെ ഡിപ്പോകളിൽ റിസർവേഷനു മാത്രമായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടില്ല. ഐടി വിഭാഗം കൈകാര്യം ചെയ്യുന്നവരോ മറ്റു ഡ്യൂട്ടികളിലുള്ളവരോ അധിക സേവനമായാണ് ഇവിടെ റിസർവേഷൻ ചെയ്തുകൊടുക്കുന്നത്. അതുകൊണ്ടു തന്നെ ഈ സംവിധാനം നിലനിർത്തണമെന്നാവശ്യപ്പെട്ടു കത്തു നൽകാനിരിക്കുകയാണു ഡിപ്പോ അധികൃതർ. മറ്റു ഡിപ്പോകളും ഇതേ വഴി തേടാനാണു സാധ്യത.