‘അക്ഷറേ മിന്നിച്ചേക്കണേ...’: പുതിയ ക്യാപ്റ്റന്‍ എല്ലാം നല്കി ഡൽഹി ക്യാപിറ്റൽസ്, ടീമിനേല്ക്കുമോ ‘സ്റ്റാർക്ക് ഷോക്ക്’?

Mail This Article
ഐപിഎലിന്റെ തുടക്കം മുതൽ കളിച്ചിട്ടും ഒരു കപ്പു പോലും നേടാതിരുന്ന ടീം ഒരു സുപ്രഭാതത്തിൽ പേരും വ്യക്തിത്വവുംതന്നെ മാറ്റി പുതിയ രൂപമെടുക്കുന്നു. കൊച്ചി ടസ്കേഴ്സ് കേരളയും ഗുജറാത്ത് ലയൺസും പുണെ വാരിയേഴ്സും ഐപിഎല്ലിന്റെ ചരിത്രത്തിൽനിന്നു തന്നെ മാഞ്ഞുപോയതാണെങ്കിൽ, ഗതി പിടിക്കാത്ത ഒരു ടീമിനെ നേരെയാക്കിയെടുക്കാന്‍ വ്യക്തിത്വം മാറ്റിയ ഫ്രാഞ്ചൈസി ഡൽഹി ക്യാപിറ്റൽസായിരിക്കും. അങ്ങനെ 11 സീസണുകൾക്കൊടുവിൽ ഡൽഹി ഡെയർ ഡെവിൾസ് മാറി ഡൽഹി ക്യാപിറ്റൽസ് ആയി. പഴയ തീപ്പന്തിന്റെ ലോഗോ മാറി വിജയിക്കാൻ വെമ്പുന്ന കടുവകൾ അണിനിരന്നു. പക്ഷേ പഴയ നീലക്കുപ്പായവും കപ്പില്ലായ്മയും അതേപടി നിലനിൽക്കുന്നു. പേരു മാറിയ ശേഷം ആറു സീസണുകൾ കളിച്ചിട്ടും മോഹക്കപ്പെന്ന ലക്ഷ്യം ഇതുവരെ എത്തിപ്പിടിക്കാനായിട്ടുമില്ല. 2018ലാണ് നിർണായകമായ പേരുമാറ്റം ഡല്‍ഹിയിൽ സംഭവിക്കുന്നത്. 2008, 2009 സീസണുകളിൽ സെമി ഫൈനലുകളും 2012ൽ പ്ലേ ഓഫും കളിച്ചതാണ് ഡെയർ ഡെവിൾസിന്റെ മികച്ച പ്രകടനങ്ങൾ. പേരുമാറ്റത്തിനു ശേഷം 2020ൽ ഡൽഹി ക്യാപിറ്റൽസ് ഫൈനൽ വരെയെത്തി. പക്ഷേ കലാശപ്പോരിൽ മുംബൈ ഇന്ത്യൻസിനോടു തോറ്റു. 2019, 2021 സീസണുകളിൽ പ്ലേ ഓഫ് കളിച്ചു. എന്നാല്‍ കഴിഞ്ഞ മൂന്നു സീസണുകളിലും ടീം ഗ്രൂപ്പ് ഘട്ടം കടന്നില്ല. അതിന്റെ ഭാഗമായിക്കൂടിയാണ് 2025 ഐപിഎല്ലിനു മുൻപേ ഡല്‍ഹി ടീമിന്റെ കരുത്തു കൂട്ടിയത്. ജെഎസ്ഡബ്ല്യു, ജിഎംആർ ഗ്രൂപ്പുകൾക്ക് ഡല്‍ഹിയിൽ 50 ശതമാനം വീതം ഓഹരികളാണുള്ളത്. ഈ വർഷം ജിഎംആർ ഗ്രൂപ്പാണ് ടീമിന്റെ മേൽനോട്ടം. അതോടെ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് പ്രിയങ്കരരായ താരങ്ങളും പരിശീലക സംഘവും ടീം വിട്ടു.