ഒരു ഗ്ലാസിന് മൂന്നെണ്ണം മതി; രൂപം മാറി ശർക്കര; സുഗന്ധവ്യഞ്ജന രുചി ചേർത്ത ശർക്കരക്കട്ടകളുമായി ഐഐഎസ്ആർ

Mail This Article
ശർക്കരയുടെ രൂപവും രുചിയും മാറ്റി മൂല്യവർധിത ഉൽപന്നമാക്കി വിപണിയിലിറക്കാൻ തയാറെടുത്ത് കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐസിഎആർ - ഐഐഎസ്‌ആർ). സ്‌പൈസ് ഇൻഫ്യൂസ്ഡ് ജാഗ്ഗറി ക്യൂബ്സ് (സുഗന്ധവ്യഞ്ജന രുചിച്ചേർത്ത ശർക്കര) എന്ന പുതിയ ഉൽപന്നം ഗവേഷണ സ്ഥാപനത്തിലെ പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി വിഭാഗമാണ് വികസിപ്പിച്ചത്. വെറും ശർക്കരയ്ക്കു പകരമായി ഷുഗർ ക്യൂബ്സ് മാതൃകയിൽ ഏകീകൃത വലുപ്പത്തിലും തൂക്കത്തിലുമുള്ള ശർക്കരയുടെ കട്ടകൾ (ക്യൂബ്സ്) സുഗന്ധവ്യഞ്ജനങ്ങളുടെ സത്ത് ചേർത്ത് തയാറാക്കിയതാണ്. ഇഞ്ചി, ഏലം, കുരുമുളക് പോലെയുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ രുചിയിലും അതോടൊപ്പം പലതരത്തിലുള്ള ബ്ലെൻഡുകളായും ഇവ ലഭ്യമാണ്.

ഉപഭോഗവസ്തു എന്ന നിലയിൽ അന്താരാഷ്ട്ര വിപണിയിലുൾപ്പെടെ ശർക്കരയ്ക്ക് മികച്ച വിപണിയും ആവശ്യകതയുമാണ് നിലവിലുള്ളത്. ഇത് മറയാക്കി മായം ചേർത്തുവരുന്ന ശർക്കരയുടെ സാന്നിധ്യവും വിപണിയിലുടനീളം കാണപ്പെടുന്നുണ്ട്. ഇതിനുകൂടി പ്രതിവിധിയാണ് ഗവേഷണ സ്ഥാപനത്തിന്റെ ഉൽപന്നമെന്ന് ഐഐഎസ്ആർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഉപയോഗിക്കാൻ തീർത്തും സൗകര്യപ്രദമായ രീതിയിൽ 4 ഗ്രാം വരുന്ന ക്യൂബുകളായാണ് ഇവ വരുന്നത്. ഭൗമസൂചിക പദവിയുള്ള മറയൂർ ശർക്കര ഉപയോഗിച്ചാണ് ഇവയുടെ നിർമാണം. ചൂടുവെള്ളത്തിലോ, ചായ, കാപ്പി പോലുള്ള പാനീയങ്ങളിലോ ഉപയോഗിക്കുമ്പോൾ 150 മി.ലി. വരുന്ന ഒരു ഗ്ലാസിന് മൂന്ന് ക്യൂബ് എന്ന അളവിൽ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് തയാറാക്കിയിരിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ സത്താണ് ഗവേഷണ സ്ഥാപനം ഇതിനായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ശർക്കരയിലടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനത്തിന്റെ നൂറു ശതമാനവും തയാറാക്കുന്ന പാനീയത്തിൽ ലയിച്ചു ചേരും. മറിച്ച് പൊടികൾ ചേർത്താണ് നിർമാണമെങ്കിൽ ഇതിന്റെ തോത് 40 മുതൽ 60 ശതമാനത്തോളം മാത്രമേ വരികയുള്ളൂ. ജലാംശവും തീരെ കുറവുള്ള ഇവ കേടുകൂടാതെ എട്ടു മാസത്തോളം അന്തരീക്ഷതാപനിലയിൽ സൂക്ഷിച്ചു വയ്ക്കാനുമാവും.
പഞ്ചസാരയ്ക്കു പകരമായി ആരോഗ്യപ്രദമായ ഒരു മാതൃകയായി ഈ ഉൽപന്നത്തിനെ തിരഞ്ഞെടുക്കാം. സുഗന്ധവ്യന്ജന രുചിയോടെ തീർത്തും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാനാവുന്ന ശർക്കരയുടെ ക്യൂബുകൾക്ക് വിദേശത്തുൾപ്പെടെ മികച്ച വിപണി കണ്ടെത്താൻ സാധിക്കുമെന്ന് ഗവേഷണ സ്ഥാപന ഡയറക്ടർ ഡോ. ആർ.ദിനേശ് പറഞ്ഞു.
ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞ ഡോ. ഇ.ജയശ്രീ, ഗവേഷക വിദ്യാർഥി മീര മോഹൻ, ശാസ്ത്രജ്ഞരായ ഡോ. പി.വി.അൽഫിയ, ഡോ. കെ.അനീസ്, ഡോ. പി.രാജീവ്, ഡോ. സി.ശാരതാംബാൾ എന്നിവരടങ്ങിയ സംഘമാണ് ഇതിന്റെ ഉൽപാദനത്തിൽ പ്രവർത്തിച്ചത്. ഈയിടെ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൽ നടന്ന ചടങ്ങിൽ കൃഷിമന്ത്രി പി.പ്രസാദ് ഈ ഉൽപന്നത്തിന്റെ വാണിജ്യോൽപാദനത്തിനുള്ള ലൈസൻസ് തൃശൂരുള്ള സിഗ്നേച്ചർ ഫുഡ്സ് എന്ന സ്ഥാപനത്തിന് കൈമാറി. ഈ ഉൽപന്നത്തിന്റെ പേറ്റന്റിനും ഗവേഷണ സ്ഥാപനം അപേക്ഷിച്ചിട്ടുണ്ട്.