പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ജയിൽ ശിക്ഷയോ? ട്രാഫിക് നിയമലംഘനങ്ങളിലെ നടപടികൾ അറിയാം!

Mail This Article
നിങ്ങളുടെ വാഹനത്തിന്റെ പുക മലിനീകരണ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞോ? അറിയില്ലെന്ന അലസന്‍ മട്ടിലുള്ള ഉത്തരമാണെങ്കില്‍ ഒന്നേ പറയാനുള്ളൂ. 'പണി വരുന്നുണ്ട് അവറാച്ചാ...'. പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കിലും ആയിരം രൂപ പിഴയടച്ചാല്‍ രക്ഷപ്പെടാമെന്ന ചിന്ത വേണ്ട പിഴ പത്തിരട്ടിയാണ് കൂട്ടിയിരിക്കുന്നത്. അതും പോരാതെ കുറ്റം ആവര്‍ത്തിച്ചാല്‍ നിര്‍ബന്ധിത സാമൂഹ്യസേവനവും ആറു മാസം തടവു ശിക്ഷയും വരെ ലഭിച്ചേക്കാവുന്ന കൊടുംകുറ്റമായി പുക സര്‍ട്ടിഫിക്കറ്റില്ലാത്തത് മാറ്റിയിരിക്കുന്നു. കുറച്ചു കാലമായി സമൂഹമധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തായാണിത്. 2025 മാർച്ച് ഒന്ന് മുതൽ ഇത് നടപ്പാക്കിയെന്നാണ് പ്രചരിക്കുന്ന സന്ദേശത്തിലെ അവകാശവാദം. ഇത് വ്യാജമാണെന്ന് തെളിഞ്ഞെങ്കിലും എത്രയാണ് ശരിക്കുള്ള ഫൈൻ അറിയാം.
2019 ലെ മോട്ടർ വാഹന ഭേദഗതി പ്രകാരം നിരവധി മാറ്റങ്ങൾ ട്രാഫിക് നിയമലംഘന പിഴകളിൽ വന്നിട്ടുണ്ട്. എന്നാൽ കേരളത്തിലെ വാഹന ഗതാഗത ഉപഭോക്താക്കളുടെ എതിര്‍പ്പു കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം നിശ്ചയിച്ചിരുന്ന നിയമലംഘനങ്ങള്‍ക്ക് നിലവിലെ കോമ്പൗണ്ടിങ് നിരക്ക് ഗണ്യമായി കുറച്ചു കൊണ്ട് മന്ത്രിസഭാ തീരുമാനിച്ചിരുന്നു.
∙ പ്രത്യേക ശിക്ഷ പറയാത്തവയ്ക്ക് ആദ്യകുറ്റത്തിന് 250 രൂപയും അത് ആവര്‍ത്തിച്ചാൽ 500 രൂപയുമാണ്.
∙ അധികാരികളുടെ ഉത്തരവ് പാലിക്കാത്തതിനും തെറ്റായ വിവരം, രേഖ നല്‍കല്‍ എന്നീ കുറ്റങ്ങളുടെ പിഴ 1000 രൂപയാണ്.
∙ കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്യുന്നതിന് 1000 രൂപ.
∙ ലൈസൻസില്ലാതെ വാഹനമോടിക്കൽ 5000 രൂപ.
∙ ലൈസൻസില്ലത്ത ആളെ വാഹനമോടിക്കാൻ അനുവധിച്ചാൽ 5000 രൂപ.
∙ അമിത വേഗത്തിന് വാഹന ഉടമയ്ക്ക് ആദ്യ കുറ്റത്തിന് 3000 രൂപ
∙ അപകടകരമായ ഡ്രൈവിങ്ങിന്ന് (മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് മാത്രം) 2000 രൂപ. ഈ കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ.
∙ വാഹനങ്ങളുടെ രൂപ മാറ്റത്തിന് 5000 (ഓരോ രൂപമാറ്റത്തിന്).
∙ പന്തയ ഓട്ടം ആദ്യകുറ്റത്തിന് 5000 രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ 10000 രൂപയും
∙ അമിത വേഗം (ലൈറ്റ് മോട്ടർ വെഹിക്കിൾ) 1500 രൂപ
∙ അമിത വേഗം (മിഡിയം മോട്ടർ വെഹിക്കിൾ, ഹെവി മോട്ടർ വെഹിക്കിൾ) 3500 രൂപ
∙ റോഡ് സുരക്ഷ മാനദണ്ഡങ്ങള്‍/ ശബ്ദ-വായു മലിനീകരണം ആദ്യകുറ്റത്തിന് 2000 രൂപ.
∙ പെര്‍മിറ്റില്ലാതെ വാഹനം ഓടിക്കല്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ / ടു വീലര്‍ & ത്രീ വീലര്‍ ആദ്യകുറ്റത്തിന് 3000രൂപയായും ഈ കുറ്റം ആവര്‍ത്തിച്ചാല്‍ 7500 രൂപ പിഴ.
∙ അമിതഭാരത്തിന് (അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിന് 1500/- രൂപ എന്ന നിരക്കില്‍) പരമാവധി 10000/- രൂപയായി കുറച്ചിട്ടുണ്ട്. അമിതഭാരം, നിര്‍ത്താതെ പോയാല്‍ 20000 രൂപ.
∙ അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ ഓരോ അധിക യാത്രക്കാരനും 100/ രൂപ വീതം.
∙ സീറ്റ് ബൈല്‍റ്റില്ലാതെ വാഹനം ഓടിച്ചാല്‍ 500 രൂപ
∙ ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചാല്‍ 500 രൂപ
∙ ആംബുലന്‍സ്/ ഫയര്‍ സര്‍വ്വീസ് എന്നിവയ്ക്ക് സൈഡ് കൊടുക്കാതിരിക്കുന്നതിന് 5000 രൂപ.
∙ ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കല്‍ ആദ്യകുറ്റത്തിന് 2000 രൂപ പിഴ. ആവര്‍ത്തിച്ചാല്‍ 4000 രൂപയാവും പിഴ.
∙ റജിസ്റ്റര്‍ ചെയ്യാതെ / ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഉപയോഗിക്കല്‍ ആദ്യകുറ്റത്തിന് നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 3000 രൂപ
∙ മദ്യപിച്ച് വാഹനം ഓടിച്ചാല്‍- ഗുരുതരമായ കുറ്റമായി കണക്കാക്കും. 10,000 രൂപ പിഴയും ആറു മാസം വരെ തടവുമാണ് ആദ്യ തവണത്തെ നിയമലംഘനത്തിനുള്ള ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ 15,000 രൂപ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവും അനുഭവിക്കേണ്ടി വരും.
∙ ഇന്‍ഷൂറന്‍സ് ഇല്ലെങ്കില്‍- ഗുരുതരമായ ഗതാഗത നിയമലംഘനങ്ങളിലൊന്നായാണ് ഇന്‍ഷൂറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നത് കണക്കാക്കുന്നത്. 2,000 രൂപ വരെ പിഴയും മൂന്നു മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. ആവര്‍ത്തിച്ചാല്‍ 4,000 രൂപയായി പിഴ ഉയരും.