30,000 വർഷം പഴക്കമുള്ള കഴുകന്റെ ശരീരം കേടുകൂടാതെയിരുന്നത് എങ്ങനെ? രഹസ്യം പുറത്ത്

Mail This Article
വർഷം 1889
ഇറ്റാലിയൻ തലസ്ഥാനം റോമിനു തെക്കുകിഴക്കായുള്ള കോളി അൽബാനി അഗ്നിപർവത മേഖലയിൽനിന്ന് ഗവേഷകർ ഒരു പക്ഷിയുടെ ഫോസിൽ കണ്ടെത്തി. യൂറോപ്പിൽ കാണപ്പെടുന്ന ഗ്രിഫോൺ കഴുകൻ എന്ന പക്ഷിയുടെ ഫോസിലായിരുന്നു അത്. അവിശ്വസനീയമായ രീതിയിൽ പ്രകൃതിയാൽ സംരക്ഷിക്കപ്പെട്ട ഒരു ഫോസിൽ ആയിരുന്നു അന്നു കണ്ടെത്തിയത്. പക്ഷിയുടെ തൂവലുകൾ പോലും അസാമാന്യമായ രീതിയിൽ സംരക്ഷിക്കപ്പെട്ടിരുന്നു.
ഫോസിലിന്റെ പഴക്കം നിർണയിച്ച ശാസ്ത്രജ്ഞർ അദ്ഭുതപ്പെട്ടുപോയി. 30000 വർഷം പഴക്കമുള്ളതായിരുന്നു അത്. എങ്ങനെ ഈ ഫോസിൽ ഇത്രകാലം കേടുപാടുകൂടാതെ മികച്ച നിലയിൽ സംരക്ഷിക്കപ്പെട്ടു?. ഈ ചോദ്യത്തിനുള്ള ഉത്തരം ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ് വേറൊരുകൂട്ടം ഗവേഷകർ. അഗ്നിപർവത പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ കാണാറുള്ള സിയോലൈറ്റ് എന്ന ധാതുവാണ് ഈ സംരക്ഷണത്തിന് വഴിയൊരുക്കിയതെന്നാണു ഗവേഷകർ കണ്ടെത്തിയത്. സിലിക്കൺ, അലുമിനിയം തുടങ്ങിയ മൂലകങ്ങളാൽ സമ്പുഷ്ടമാണ് സിയോലൈറ്റ്.

ഇറ്റലിയിൽ കണ്ടതിൽ മാത്രമാണു സിയോലൈറ്റ് ഇത്രത്തോളം വ്യക്തതയോടെ ഫോസിൽ സംരക്ഷിച്ചതായി ദർശിക്കപ്പെട്ടിട്ടുള്ളത്. അഗ്നിപർവത വിസ്‌ഫോടനത്തിനുശേഷം ഒഴുകിയ ലാവാപ്രവാഹത്തിൽ മുങ്ങിയാണ് ഈ കഴുകൻ മരിച്ചതെന്നാണ് ഗവേഷകർ പറയുന്നത്. മറ്റു പല അഗ്നിപർവത വിസ്‌ഫോടനങ്ങളിലെയും പോലെ അതിതീവ്രമായ താപനിലയുള്ളതായിരുന്നില്ല ഈ ലാവാപ്രവാഹം. അതിനാലാണ് പക്ഷിയുടെ ഫോസിൽ നശിക്കാതെ സംരക്ഷിക്കപ്പെട്ടത്.
നീണ്ട കഴുത്തും ശരീരവലുപ്പവുമുള്ള കഴുകനാണു ഗ്രിഫോൺ. ഇളം ബ്രൗൺ നിറമുള്ള തൂവലുകൾ നിറഞ്ഞ ശരീരമാണ് ഇവയ്ക്ക്. ശക്തമായ സാമൂഹികവ്യവസ്ഥയിലൂന്നിയുള്ള ജീവിതമാണ് ഈ കഴുകന്മാരുടേത്. 20 മുതൽ 100 വരെയുള്ള പക്ഷികൾ അടങ്ങുന്നതാണ് ഇവയുടെ ഓരോ സമൂഹവും. 35 വർഷം വരെയൊക്കെ ജീവിതകാലയളവുള്ളതാണ് ഈ പക്ഷി. ഇടക്കാലത്ത് ഈ പക്ഷിയുടെ സംഖ്യയിൽ വലിയ കുറവുണ്ടായിരുന്നെങ്കിലും പിന്നീട് ഇതിൽ പുരോഗതിയുണ്ടായി. ഇന്ന് പല രാജ്യങ്ങളിലും സംരക്ഷിത വിഭാഗത്തിൽപ്പെടുന്നതാണ് ഗ്രിഫൺ കഴുകൻ.