രോമത്തിന് സ്വർണ നിറം, നീണ്ട കാലുകൾ, ഇരതേടൽ രാത്രി; അപൂർവയിനം കാട്ടുപൂച്ചയെ രാജസ്ഥാനിൽ കണ്ടെത്തി

Mail This Article
ഇന്ത്യയിൽ അപൂർവമായി മാത്രം കാണപ്പെടുന്ന കാരക്കൽ കാട്ടുപൂച്ചയെ രാജസ്ഥാനിലെ മുകുന്ദ്ര ഹിൽസ് കടുവസംരക്ഷണ കേന്ദ്രത്തിൽ കണ്ടെത്തി. നാലാംഘട്ട സർവേയ്ക്കിടയിലാണ് ഈ അപൂർവയിനം പൂച്ചയുടെ ചിത്രങ്ങൾ ക്യാമറകളിൽ പതിഞ്ഞത്. ഇതോടെ രാജസ്ഥാനിലെ അഞ്ച് കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ നാലെണ്ണത്തിൽ ഈ കാട്ടുപൂച്ചയുടെ സാന്നിധ്യം രേഖപ്പെടുത്തി.
പ്രാദേശികമായി 'സിയാൽഘോഷ്' എന്നാണ് ഇവ അറിയപ്പെടുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഈ കാട്ടുപൂച്ചകളെ സംബന്ധിക്കുന്ന ഒരു വിവരങ്ങളും ഈ പ്രദേശത്തുനിന്ന് ലഭിച്ചിരുന്നില്ല. ഗുരുതര വംശനാശ ഭീഷണി നേരിടുന്ന പട്ടികയിൽ ഉൾപ്പെട്ട ജീവിയാണ് കാരക്കൽ പൂച്ചകള്‍.
കാരക്കലിന്റെ പ്രത്യേകതകള്‍
മൃദുവായ, ചുവപ്പ് കലർന്ന സ്വർണ നിറത്തിലെ രോമമുളള ഇടത്തരം വലിപ്പമുള്ള കാട്ടുപൂച്ചകളാണ് കാരക്കൽ. മെലിഞ്ഞ ശരീരവും നീണ്ട കാലുകളും ഇവയുടെ പ്രത്യേകതകളാണ്. മറ്റ് പൂച്ചകളിൽ നിന്ന് വ്യത്യസ്തമായി ഇവയുടെ ശരീരത്തിൽ പാടുകളോ വരകളോയില്ല. കൂടാതെ അവയുടെ ചെവിയിൽ നീണ്ട കറുത്ത രോമങ്ങൾ കാണപ്പെടുന്നു. രാത്രികാലങ്ങളിലാണ് കാരക്കലിന്റെ ഇരതേടൽ. പക്ഷികൾ, എലികൾ, മുയലുകൾ, ചെറിയ ഉറുമ്പുകൾ എന്നിവയാണ് ഇവയുടെ പ്രധാനഭക്ഷണം. അവയുടെ പിൻകാലുകൾ ശക്തമായതിനാൽ ഉയരത്തിൽ ചാടി പറന്നു പോകുന്ന പക്ഷികളെ പിടികൂടുന്നു. ആറടി ഉയരത്തിൽ വരെ ഇവയ്ക്ക് ചാടാനാകും.
ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, മധ്യേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലാണ് കാരക്കൽ കാട്ടുപൂച്ചൾ കാണപ്പെടുന്നത്. ഇന്ത്യയിൽ രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ 50ൽ താഴെ മാത്രമാണ് ഇപ്പോൾ ഉള്ളതെന്ന് കണക്കുകൾ പറയുന്നു. കാർഷിക വികസനം, നഗരവൽക്കരണം എന്നിവ കാരണം ഇവയ്ക്ക് വംശനാശം സംഭവിക്കുന്നതായും സംരക്ഷിക്കാനായി നടപടി ആവശ്യമാണെന്നും പരിസ്ഥിതി സംരക്ഷകർ പറയുന്നു.