പതിനഞ്ചാം വയസ്സിൽ പാമ്പുപിടിത്തം; ഇതുവരെ പിടികൂടിയത് 1000ത്തിലേറെ, ഒടുവിൽ പാമ്പുകടിയേറ്റ് മരണം

Mail This Article
തമിഴ്നാട്ടിലെ പ്രമുഖ പാമ്പുപിടിത്തക്കാരനായ സന്തോഷ് കുമാർ പാമ്പുകടിയേറ്റ് മരിച്ചു. ഒരു വീട്ടിൽ കയറിയ മൂർഖനെ പിടികൂടുന്നതിനിടെ കടിയേൽക്കുകയായിരുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
മാർച്ച് 17നായിരുന്നു സംഭവം. കോയമ്പത്തൂരിലെ തൊണ്ടാമുത്തൂരിലെ ജനവാസമേഖലയിൽ പാമ്പുണ്ടെന്ന വിവരം ലഭിച്ചതോടെ സന്തോഷ് എത്തുകയായിരുന്നു. പാമ്പുപിടിക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റ സന്തോഷ് അബോധാവസ്ഥയിലായി. ഉടൻതന്നെ പ്രദേശവാസികൾ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ എത്തിച്ചു. തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക പാമ്പുപിടിത്തക്കാരുടെ പട്ടികയിലുള്ള വ്യക്തിയാണ് 39കാരനായ സന്തോഷ്. പതിനഞ്ചാം വയസ്സിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടിലെത്തിയ പാമ്പിനെയാണ് ആദ്യം പിടിച്ചത്. പിന്നീട് പാമ്പുപിടിത്തം ശാസ്ത്രീയമായി പഠിക്കുകയും ഈ മേഖലയിലേക്ക് കടക്കുകയുമായിരുന്നു. കഴിഞ്ഞ 15 വർഷത്തിനിടെ ആയിരത്തിലധികം വിഷപ്പാമ്പുകളെ സന്തോഷ് പിടികൂടിയിട്ടുണ്ട്.