ബോംബുകളും ടിബിയും മണത്തറിയുന്ന എലി; ആഫ്രിക്കയിലെ ജയന്റ് പൗച്ച്ഡ് റാറ്റ്

Mail This Article
ആഫ്രിക്കയുടെ സബ് സഹാറൻ മേഖലയിൽ താമസിക്കുന്ന എലികളാണ് ജയന്റ് പൗച്ച്ഡ് റാറ്റ്. 45 സെന്റിമീറ്റർ വരെ ശരീരനീളവും ഇവയുടെ വാലുകൾക്ക് 46 സെന്റിമീറ്റർ വരെ നീളവും വയ്ക്കാറുണ്ട്. ഒന്നരക്കിലോ വരെയൊക്കെ പരമാവധി ഭാരവും ഇവയ്ക്കുണ്ടാകും. പനങ്കായ, ചെറിയ പ്രാണികൾ എന്നിവയൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. ആഫ്രിക്കയിൽ ഭക്ഷണത്തിനായും യുഎസിൽ വിനോദത്തിനായും ഇവയെ വളർത്താറുണ്ട്.
ഈ എലികൾ മനുഷ്യർക്ക് വലിയ ഉപകാരങ്ങൾ ചെയ്യാറുണ്ട്. അതിലൊന്ന് കുഴിബോംബുകളും സ്ഫോടകവസ്തുക്കളും കണ്ടെത്താനുള്ള കഴിവാണ്. മണംപിടിക്കാനുള്ള അപാരമായ കഴിവാണ് ഇവയെ കുഴിബോംബുകൾ കണ്ടെത്താൻ പ്രാപ്തമാക്കുന്നത്. ശരീരവലുപ്പവും ഭാരവും കുറവായതിനാൽ ഇവ കയറി കുഴിബോംബുകൾ പൊട്ടുകയുമില്ല. ബാർട്ട് വീജൻസ് എന്ന ബെൽജിയംകാരനാണ് കുഴിബോംബുകൾ കണ്ടെത്താനുള്ള ഇവയുടെ പരിശീലന പരിപാടിക്കു തുടക്കം കുറിച്ചത്. താൻസാനിയയിൽ പ്രവർത്തിക്കുന്ന അപോപോ എന്ന സംഘടന ഈ എലികൾക്കു പരിശീലനം നൽകുന്നുണ്ട്.
കുഴിബോംബുകൾ കണ്ടെത്താൻ മാത്രമല്ല, കഫത്തിന്റെ ഗന്ധത്തിൽ നിന്ന് ടിബി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനും ഇവയ്ക്കു കഴിയും. ഇത്യോപ്യയിലും താൻസാനിയയിലും ആരോഗ്യമേഖലയിൽ ഇവ വലിയ ഉപകാരമാണ് ഇത്തരത്തിൽ ചെയ്യുന്നത്. ഇവിടങ്ങളിൽ പരിശോധനാ ലാബുകൾ കുറവാണ്. 100 സാംപിളുകൾ ടെസ്റ്റ് ചെയ്യാൻ പരിശോധനാ ലാബുകളിൽ 4 ദിവസമെടുക്കും. എന്നാൽ ഈ എലികൾക്ക് ഇത് 20 മിനിറ്റിൽ സാധിക്കും.

∙കംബോഡിയയുടെ മഗാവ
കംബോഡിയയിലുണ്ടായിരുന്ന മഗാവ എന്ന ജയന്റ് പൗച്ച്ഡ് റാറ്റ് മണ്ണിൽ മറഞ്ഞുകിടന്ന 100 കണക്കിനു കുഴിബോംബുകൾ കണ്ടെത്തി ഒട്ടേറെ ജനങ്ങളുടെ ജീവൻ രക്ഷിച്ചിരുന്നു.മഗാവ തന്റെ എട്ടാം വയസ്സിൽ പ്രായാധിക്യം മൂലം മരിച്ചു. മഗാവ താൻസാനിയയിലാണു ജനിച്ചത്. 2016ൽ കംബോഡിയയിലെ സീം റീപ്പിലെത്തി. ഇത്തരത്തിൽ ആഫ്രിക്കയിൽ നിന്നു പല രാജ്യങ്ങളിലേക്കും സേവനത്തിനായി ഇത്തരം എലികളെ കൊണ്ടുപോയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും മികച്ച സേവനം കാഴ്ചവച്ച എലിയാണു മഗാവ.അഞ്ച് വർഷത്തോളം ബോംബ് നിർവീര്യ സ്ക്വാഡിന്റെ ഭാഗമായിരുന്ന മഗാവയ്ക്ക് 2021ൽ ബ്രിട്ടൻ ധീരതയ്ക്കുള്ള സുവർണമെഡൽ നൽകി ആദരിച്ചിരുന്നു.
1967 മുതൽ 1975 വരെയുള്ള കാലയളവിലാണ് കംബോഡിയയിൽ ആഭ്യന്തര യുദ്ധം നടന്നത്. കമ്യൂണിസ്റ്റ് സംഘടനയായ ഖമർ റൂഗും കംബോഡിയൻ സർക്കാരും തമ്മിലായിരുന്നു രക്തരൂക്ഷിതമായ ഈ പോരാട്ടം. അക്കാലത്താണു പല കുഴിബോംബുകളും സ്ഥാപിക്കപ്പെട്ടത്. കാലങ്ങൾക്കു മുൻപേ സ്ഥാപിച്ച ഈ ബോംബുകൾ പിന്നീട് പലകാലങ്ങളിലായി പൊട്ടിത്തെറിച്ചു. നാൽപതിനായിരത്തിലധികം ആളുകൾക്കാണ് ഇതു മൂലം ജീവൻ നഷ്ടപ്പെട്ടത്.