'ഒളിഞ്ഞിരിക്കുന്ന നമ്പര്‍ കണ്ടെത്തിയാൽ സൗജന്യ സ്മാര്‍ട്ട്ഫോണ്‍'; ഇത് തട്ടിപ്പോ? | Fact Check
.jpg?w=1120&h=583)
Mail This Article
ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന നമ്പര്‍ കണ്ടെത്തിയാൽ സ്മാര്‍ട്ട്ഫോണ്‍ സൗജന്യമായി സ്വന്തമാക്കാന്‍ അവസരമെന്ന തരത്തില്‍ ചില പേജുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാകുന്നുണ്ട്. ലളിതമായ പ്രശ്നോത്തരികളിലൂടെയും മത്സരങ്ങളിലൂടെയും മറ്റും വിജയിച്ച് ഒപ്പോയുടെ സ്മാര്‍ട്ട്ഫോണ്‍ സമ്മാനമായി നേടാമെന്നാണ് ഇവരുടെ അവകാശവാദം. എന്നാൽ, ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് പ്രചാരണമെന്നും അന്വേഷണത്തില്‍ കണ്ടെത്തി. വാസ്തവമറിയാം.
∙ അന്വേഷണം
പ്രചരിക്കുന്ന സന്ദേശം പങ്കുവെച്ചിരിക്കുന്ന പേജാണ് ആദ്യം പരിശോധിച്ചത്. Phone Mal എന്ന പേരിലുള്ള ഈ പേജിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചതോടെ ഈ സന്ദേശം പങ്കുവെച്ച 2025 മാര്‍ച്ച് 16ന് മാത്രമാണ് പേജ് തയ്യാറാക്കിയിരിക്കുന്നതെന്ന് കണ്ടെത്തി. ഇതോടെ തട്ടിപ്പിനായി തയ്യാറാക്കിയ പേജായിരിക്കാം ഇതെന്ന സൂചന ലഭിച്ചു.
.jpeg)
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പോസ്റ്റിന് താഴെ ശരിയുത്തരം കമന്റായി രേഖപ്പെടുത്തിയവര്‍ക്ക് മെസഞ്ചറില്‍ സന്ദേശം നല്‍കിയിട്ടുണ്ടെന്ന് പേജിന്റെ അക്കൗണ്ടില്‍നിന്ന് മറുപടി നല്‍കിയതായി കണ്ടെത്തി. ഇതോടെ മറ്റൊരു അക്കൗണ്ട് ഉപയോഗിച്ച് ഇത്തരത്തില്‍ കമന്റ് രേഖപ്പെടുത്തുകയും മെസഞ്ചറില്‍ ബന്ധപ്പെടുകയും ചെയ്തു.
മെസഞ്ചറില്‍ അയക്കുന്ന സന്ദേശങ്ങളെല്ലാം ഗൂഗിൾ ട്രാന്‍സ്‌ലേറ്റ് ഉപയോഗിച്ച് മുന്‍കൂട്ടി തയ്യാറാക്കിയവയാണെന്ന് വ്യക്തമായി. സമ്മാനത്തിന് അര്‍ഹനാണെന്നും ബന്ധപ്പെടാനായി ഫോണ്‍ നമ്പര്‍ പങ്കുവയ്ക്കണമെന്നുമാണ് തുടര്‍ന്നുള്ള സന്ദേശം. പിന്നീട് ഫോണില്‍ ബന്ധപ്പെടാനാവുന്നില്ലെന്ന് വിശ്വസിപ്പിച്ച് ഗിഫ്റ്റ് കോഡ് എന്ന പേരില്‍ ഫോണില്‍ ലഭിക്കുന്ന ഒടിപി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നേടിയെടുക്കുകയാണ് തട്ടിപ്പിന്റെ രീതി.
ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ഒപ്പോ ഉള്‍പ്പെടെ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ നേരത്തെ തന്നെ രംഗത്തെത്തിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ സമാന പ്രചാരണമുണ്ടായ സമയത്ത് ഒപ്പോ എക്സില്‍ പങ്കുവെച്ച വിശദീകരണം ലഭ്യമായി.
.jpeg)
ഇത്തരം മത്സരങ്ങള്‍ ഔദ്യോഗികമായി നടത്തുന്നുണ്ടെങ്കില്‍ അത് വെരിഫൈ ചെയ്ത ഒപ്പോയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ മാത്രമായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. നിലവില്‍ പ്രചരിക്കുന്ന തരത്തില്‍ യാതൊരു മത്സരപദ്ധതികളും ഈ പേജില്‍ പങ്കുവച്ചിട്ടില്ലെന്നും സ്ഥിരീകരിച്ചു.
നേരത്തെ ഇത്തരം തട്ടിപ്പുകള്‍ സജീവമായ സമയത്ത് കേരള പൊലീസും മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. 2023 ഏപ്രിലില്‍ കേരള പൊലീസ് നല്‍കിയ ഇത്തരമൊരു മുന്നറിയിപ്പ് സന്ദേശത്തിലും ഈ തട്ടിപ്പുരീതികള്‍ വിശദീകരിക്കുന്നുണ്ട്.
.jpeg)
∙ വാസ്തവം
ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന നമ്പര്‍ കണ്ടെത്തിയാൽ ഒപ്പോയുടെ സ്മാര്‍ട്ട്ഫോണ്‍ സമ്മാനം നേടാമെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. ഉപയോക്താക്കളെ കബളിപ്പിച്ച് വ്യക്തിഗത വിവരങ്ങള്‍ തട്ടിയെടുക്കാനും അതുവഴി സാമ്പത്തിക തട്ടിപ്പുകള്‍ നടത്താനും ലക്ഷ്യമിട്ടാണ് ഇത്തരം പ്രചാരണം.
(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)