വില കുറയുമോ? ടെസ്‌ലയുമായി കൈകോർത്ത് ടാറ്റ; ഇനി വരുന്നത് ഇ കാറുകളുടെ പുതുയുഗം

Mail This Article
ടെസ്‌ലയുമായി സഹകരണം ശക്തമാക്കാൻ ടാറ്റ ഗ്രൂപ്പ്. വൈദ്യുത വാഹന നിർമാണ രംഗത്തെ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ടെസ്‌ലയുമായി കൂടുതൽ സഹകരണത്തിനാണ് ടാറ്റ ഒരുങ്ങുന്നത്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ ഓട്ടോകോമ്പ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടാറ്റ ടെക്നോളജീസ്, ടാറ്റ ഇലക്ട്രോണിക്സ് എന്നീ കമ്പനികൾ ടെസ്‌ലയുടെ ഗ്ലോബൽ സപ്ലൈ ചെയിനിന്റെ ഭാഗമായിമാറുന്നത്.
നിലവിൽ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികള്‍ അടക്കം പല ഇന്ത്യൻ കമ്പനികളും ടെസ്‌ലയ്ക്ക് ഘടകങ്ങൾ നിർമിച്ചു നൽകുന്നുണ്ട്. 2024 സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 2 ബില്യൺ ഡോളർ മൂല്യം വരുന്ന ഘടകങ്ങൾ ഇന്ത്യൻ കമ്പനികൾ ടെസ്‌ലയ്ക്ക് നൽകിയിട്ടുണ്ട്. ചൈനയുടെ സ്വാധീനം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് നിരവധി കമ്പനികളെ ഘടക നിർമാതാക്കളായ ടെസ്‌ല കൂടെകൂട്ടുന്നത്. കോവിഡ് സമയത്ത് സംഭവിച്ച സപ്ലൈ ചെയിൻ പ്രതിസന്ധിയും ടെസ്‍ലയെ മാറ്റിചിന്തിപ്പിച്ചിട്ടുണ്ട്.
വയറിങ് ഹാർനെസുകൾ, ഗിയർബോക്സ്, ഷീറ്റ് മെറ്റൽ, കാസ്റ്റിങ്ങുകൾ, ഫോർജിങ്ങുകൾ, ഇലക്ട്രോണിക്സ്, ഫാബ്രിക്കേഷൻ ഘടകങ്ങൾ, സസ്പെൻഷൻ സിസ്റ്റം, ഇലക്ട്രിക് പവർട്രെയിനുകള്‍ എന്നിവയിൽ ചിലതായിരിക്കും ടാറ്റ ഗ്രൂപ്പ് ടെസ്‍ലയ്ക്ക് നിർമിച്ചു നൽകുക. ടെസ്‌ലയുടെ ഇന്ത്യയിലെ നിർമാണ യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ ഈ സഹകരണം വർധിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിൽ പ്രവേശിക്കുന്നതിന്റെയും പ്ലാന്റ് ആരംഭിക്കുന്നതിന്റെയും മുന്നോടിയായി സർക്കാർ ഇൻസെന്റീവുകൾ, നികുതി ആനുകൂല്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ ടെസ്‌ല നിരീക്ഷിച്ചു വരികയാണ്. മഹാരാഷ്ട്ര ആസ്ഥാനമായിട്ടാവും ടെസ്‌ല പ്രവര്‍ത്തിക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇലോണ്‍ മസ്‌കുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച്ച നടന്നതിനു പിന്നാലെയാണ് ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനത്തിന്റെ വേഗം കൂടിയത്.
2023ല്‍ ടെസ്‌ലയുടെ ആദ്യ വരവിൽ ഓഫീസ് ആരംഭിച്ചതും പുണെയിലെ പഞ്ച്ശീല്‍ ബിസിനസ് പാര്‍ക്കിലായിരുന്നു. ടെസ്‌ല ഇന്ത്യയിലേക്ക് വരുമെന്നത് അഭ്യൂഹങ്ങള്‍ക്കും അപ്പുറത്തെ യാഥാര്‍ഥ്യമാണെന്ന് അറിയിച്ചത് ലിങ്ക്ഡ്ഇന്നില്‍ അവര്‍ പങ്കുവച്ച ഒരു പോസ്റ്റായിരുന്നു. ഇന്ത്യയിലെ 13 തൊഴിലവസരങ്ങളെക്കുറിച്ചുള്ള പോസ്റ്റായിരുന്നു അത്. ഇതോടെയാണ് ടെസ്‌ലയുടെ വരവ് യാഥാര്‍ഥ്യമാവുന്നുവെന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയത്.