മാതാപിതാക്കൾ കാരണം സഹോദരനും ഞാനും തമ്മിൽ അകന്നു, കുടുംബവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു: അമാൽ മാലിക്

Mail This Article
കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും ഔദ്യോഗികമായി അവസാനിപ്പിച്ചുവെന്ന് വെളിപ്പെടുത്തി ബോളിവുഡ് ഗായകൻ അമാൽ മാലിക്. മാതാപിതാക്കളുമായി ഇനി തൊഴിൽപരമായ കാര്യങ്ങൾ മാത്രമേ ചർച്ച ചെയ്യുകയുള്ളുവെന്നും ഈ തീരുമാനം വൈകാരികമല്ലെന്നും അദ്ദേഹം പറഞ്ഞു. സഹോദരനും ഗായകനുമായ അർമാൻ മാലിക്കുമായുള്ള ബന്ധം വഷളാകാൻ കാരണം തന്റെ മാതാപിതാക്കളാണെന്നും അമാൽ ആരോപിച്ചു.
‘ഞാൻ സഹിച്ച വേദനയെക്കുറിച്ച് ഇനിയും മൗനം പാലിക്കാൻ കഴിയില്ല. വർഷങ്ങളായി അവർക്ക് സുരക്ഷിതമായ ജീവിതം നയിക്കാൻ പകലുകളും രാത്രികളും ചെലവഴിച്ചിട്ടും എനിക്ക് എന്തൊക്കെയോ കുറവുകളുണ്ടെന്ന് അനുഭവപ്പെട്ടു. അവർക്കു വേണ്ടി എന്റെ പല സ്വപ്നങ്ങളും ഞാൻ വേണ്ടെന്നു വച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ പുറത്തിറങ്ങിയ 126 മെലഡികളില്‍ ഓരോന്നുമുണ്ടാക്കാന്‍ ഞാന്‍ എന്റെ രക്തവും വിയര്‍പ്പും കണ്ണീരും ഒഴുക്കിയിട്ടുണ്ട്.
എന്റെ മാതാപിതാക്കളുടെ പ്രവൃത്തികള്‍ കാരണമാണ് സഹോദരൻ അർമാൻ മാലിക്കും ഞാനും തമ്മിൽ അകന്നത്. ഞാൻ ഇപ്പോൾ കടുത്ത വിഷാദാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. എന്റെ എല്ലാ സമാധാനവും ഇല്ലാതായിരിക്കുന്നു. മാനസികമായും സാമ്പത്തികമായും ഞാൻ തകർന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി എന്നെ വലിയ രീതിയിൽ ബാധിക്കുന്ന കാര്യമല്ല. സമാധാനമാണ് വലുത്.
എന്റെ സന്തോഷങ്ങൾ ഇല്ലാതാക്കിയ പ്രിയപ്പെട്ടവരുടെ പ്രവൃത്തികളാൽ ആത്മവിശ്വാസം വല്ലാതെ കുറഞ്ഞുപോയിരിക്കുന്നു. അതുകൊണ്ടുതന്നെ കുടുംബവുമായുള്ള സകല ബന്ധങ്ങളും ഞാൻ വിച്ഛേദിക്കുകയാണ്. ഇനി തൊഴിൽപരമായ കാര്യങ്ങൾ മാത്രമേ അവരുമായി ചർച്ച ചെയ്യൂ. ഇത് ദേഷ്യത്തിന്റെ പേരിൽ പെട്ടെന്നെടുത്ത തീരുമാനമല്ല. മറിച്ച്, എന്റെ ജീവിതം സുഖപ്പെടുത്താനും വീണ്ടെടുക്കാനും വേണ്ടിയുള്ള ആലോചനയിൽ നിന്നും വന്നുചേർന്ന തീരുമാനമാണ്. ഭൂതകാലം ഇനി എന്റെ ഭാവിയെ കവർന്നെടുക്കാൻ ഞാൻ അനുവദിക്കില്ല. സത്യസന്ധതയോടും ആത്മധൈര്യത്തോടും കൂടി ജീവിതം പുനർനിർമിക്കാൻ ഞാൻ ദൃഢപ്രതിജ്ഞ എടുത്തിരിക്കുന്നു’, അമാൽ മാലിക് പറഞ്ഞു.