ടൊവിനോ ഔദ്യോഗിക ‘സ്നേക്ക് റെസ്ക്യൂവർ’: മൂർഖൻ പാമ്പിനെ പേടിയില്ലാതെ വലയിലാക്കി നടൻ

Mail This Article
പാമ്പും ഡ്യൂപ്പല്ല, നായകനും ഡ്യൂപ്പല്ല. മൂർഖൻ പാമ്പിനെ പേടിയില്ലാതെ വലയിലാക്കി നടൻ ടൊവിനോ തോമസ്. ജനവാസകേന്ദ്രങ്ങളിൽ നിന്നു വിഷപ്പാമ്പുകളെ സുരക്ഷിതമായി പിടികൂടി നീക്കം ചെയ്യുന്ന വനംവകുപ്പിന്റെ ‘സർപ്പ’ പദ്ധതിയുടെ അംബാസഡർ എന്ന നിലയിലാണു ടൊവിനോ പാമ്പുപിടിക്കാൻ പരിശീലനം നേടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ച്, സുരക്ഷാ ഉപകരണങ്ങളുമായാണു പാമ്പിനെ പിടികൂടിയത്.
ഇതോടെ ടൊവിനോ ഔദ്യോഗിക ‘സ്നേക്ക് റെസ്ക്യൂവർ’ ആയി. വനംവകുപ്പിന്റെ വിവിധ പദ്ധതികളുടെ പ്രചാരണത്തിനായി ഇനി ടൊവിനോ സംസ്ഥാനത്തെ കാടുകൾ സന്ദർശിക്കും. സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്റർ പി.എം.പ്രഭുവാണു പ്രചാരണ വിഡിയോ സംവിധാനം ചെയ്തത്.
‘കേരളത്തിൽ നാല് വർഷത്തിനിടെ പാമ്പുകടിയേറ്റുള്ള മരണം നാലിലൊന്നായി കുറഞ്ഞിരിക്കുകയാണ്. അതിനൊരു കാരണമുണ്ട്. കേരളത്തിൽ വനംവകുപ്പിന്റെ പരിശീലനം നേടിയ 3000ത്തോളം പാമ്പുപിടിത്തക്കാർ ഉണ്ട്. അവർ സുരക്ഷിതമായി പാമ്പിനെ പിടികൂടി നീക്കം ചെയ്യും. രക്ഷാപ്രവർത്തനത്തിനായി നിങ്ങൾക്ക് ഇവരെ സമീപിക്കാം. വനംവകുപ്പിന്റെ സർപ്പ ആപ്പിലൂടെ ഇവരുടെ സേവനം ഏതുസമയത്തും ഉപയോഗപ്പെടുത്താം.’– ടൊവിനോ പറഞ്ഞു.