ADVERTISEMENT

കൂട്ടത്തിലുള്ളവർക്ക് ഒരു ആപത്ത് വരുമെന്നു കണ്ടാൽ സ്വന്തം ജീവൻ പോലും നൽകി സംരക്ഷിക്കാൻ മനസ്സുള്ളവർ മനുഷ്യർക്കിടയിൽ മാത്രമല്ല മറ്റു ജീവജാലങ്ങളിലുമുണ്ട്. അക്കൂട്ടത്തിൽപ്പെട്ടവരാണ് ബോർണിയയിലെ കാടുകൾക്കുള്ളിൽ കാണപ്പെടുന്ന ഒരിനം ഉറുമ്പുകൾ. കൊളോബോപ്സിസ് എക്സ്പ്ലോഡൻസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഉറുമ്പുകൾ സ്വന്തം കോളനിക്ക് ആപത്ത് വരുമെന്ന് കണ്ടാൽ ശത്രുക്കളെ തോൽപ്പിക്കാനായി സ്വയം പൊട്ടിത്തെറിക്കും  പ്രധാനമായും ബോർണിയോ , തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലുള്ള ഉഷ്ണമേഖല മഴക്കാടുകളിലെ മരങ്ങളിലാണ് ഇവ താമസമാക്കുന്നത്.

സ്വയം ജീവത്യാഗം ചെയ്യുന്ന സ്വഭാവമുള്ള കമികസെ ഉറുമ്പ് വിഭാഗത്തിൽപ്പെട്ടവയാണ് ഇവയും. രണ്ടാം ലോകമഹായുദ്ധത്തിൽ ദൗത്യം നിറവേറ്റുന്നതിനായി മരിക്കാൻ തയ്യാറായ കമികസെ പൈലറ്റുമാരിൽ നിന്നുമാണ് ഈ വിഭാഗത്തിന് പേര് ലഭിച്ചത്. കോളനിക്ക് നേരെ ഭീഷണി ഉയർത്തിക്കൊണ്ട് അക്രമി എത്തിയാൽ അവ ശരീരത്തിന്റെ പിൻഭാഗം  ഉയർത്തിവച്ച് മുന്നറിയിപ്പ് നൽകും. ഇത് ശത്രുക്കൾ മനസ്സിലാക്കാതെ വീണ്ടും ആക്രമിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ശരീരം പരമാവധി വളച്ച് വയറിനുള്ളിലെ മസിലിൽ അമിത സമ്മർദ്ദം നൽകും. ഇതോടെ വിഷദ്രാവകം ഉൾക്കൊള്ളുന്ന വയറിനുള്ളിലെ ഗ്രന്ഥി വീർത്ത് ബലൂൺ പോലെയാവുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. ശത്രുക്കൾ തൊട്ടരികിൽ എത്തുമ്പോഴാണ് ഈ തന്ത്രം പ്രയോഗിക്കുന്നത്. ഉറുമ്പിന് ജീവൻ നഷ്ടപ്പെടുമെങ്കിലും ശത്രുക്കളുടെ ശരീരത്തിലേക്ക് മഞ്ഞനിറത്തിൽ പശിമയുള്ള വിഷ ജെൽ ചീറ്റിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഈ വിഷദ്രാവകം ശത്രുവിന്റെ ശരീരത്തിനുള്ളിൽ എത്തുകയും ജീവനെടുക്കയും ചെയ്യുന്നു.

(Photo:X/@Curiotweet1)
(Photo:X/@Curiotweet1)

വിഷം ശത്രുവിന് മേൽ കൃത്യമായി ഫലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പലപ്പോഴും എതിരാളിയുടെ മേൽ കയറി നിന്നുകൊണ്ടാണ് കൊളോബോപ്സിസ് എക്സ്പ്ലോഡൻസ് പൊട്ടിത്തെറിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ എതിരാളിയെ കൊല്ലത്തക്ക ശക്തിയുള്ള ഈ ദ്രാവകത്തിൽ അടങ്ങിയിരിക്കുന്നത് എന്തൊക്കെയാണെന്ന് സംബന്ധിച്ച് ഇപ്പോഴും കൃത്യമായി ഗവേഷകർക്ക് അറിയില്ല. എങ്കിലും ചില ആന്റി ബാക്ടീരിയൽ ഘടകങ്ങളും ഒന്നിലധികം വിഷ വസ്തുക്കളും ഇതിൽ അടങ്ങിയിട്ടുണ്ടെന്നാണ് അനുമാനം.

കൊളോബോപ്സിസ് എക്സ്പ്ലോഡൻസ് വിഭാഗത്തിലെ എല്ലാ ഉറുമ്പുകളും പൊട്ടിത്തെറിക്കില്ല. കൂട്ടത്തിലെ ഏറ്റവും ചെറിയ തൊഴിലാളി ഉറുമ്പുകളാണ് ചാവേറുകളാവുന്നത്. വലിയ തൊഴിലാളി ഉറുമ്പുകളാവട്ടെ തങ്ങളുടെ വലിപ്പമുള്ള തല ഉപയോഗിച്ച് ബാരിക്കേഡുകൾ തീർത്ത് കോളനിയെ സംരക്ഷിക്കും. പൊട്ടിത്തെറിക്കുന്ന കുഞ്ഞൻ തൊഴിലാളി ഉറുമ്പുകൾക്ക് പ്രത്യുൽപാദനശേഷിയില്ല എന്നതാണ് മറ്റൊരു കാര്യം. അതായത് സ്വന്തം വർഗത്തിന്റെ നിലനിൽപ്പിന് തങ്ങൾ ജീവനോടെ ഇരിക്കേണ്ടത് അനിവാര്യമല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവ ആത്മത്യാഗം ചെയ്ത് ശത്രുവിനെ തോൽപ്പിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത്.

English Summary:

The Exploding Ants of Borneo: A Kamikaze Defense Mechanism

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com