ADVERTISEMENT

ചരിത്രത്തിലാദ്യമായി രാജ്യാന്തര സ്വർണവില ഔൺസിന് 3,000 ഡോളർ ഭേദിച്ചു. ഇന്നു ഇന്ത്യൻ സമയം ഉച്ചയ്ക്കുശേഷമാണ് വില 3,004.34 ഡോളർ വരെ എത്തിയത്. ഇന്നലെ കുറിച്ച 2,990.47 ഡോളർ എന്ന റെക്കോർഡ് ഇന്നു തകർന്നു. പല രാജ്യങ്ങളിൽ നിന്നുമുള്ള ഉൽപന്നങ്ങൾക്കുമേൽ കനത്ത ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ‍‍ഡോണൾഡ് ട്രംപിന്റെ നടപടിയെ ആ രാജ്യങ്ങൾ അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ, ആഗോള വ്യാപാരയുദ്ധം കലുഷിതമായതാണ് സ്വർണവിലയുടെ കുതിപ്പിന് പിന്നിൽ.

gold-business-main-sack-1

ട്രംപ് തുടക്കമിട്ട വ്യാപാരയുദ്ധം മൂലം രാജ്യങ്ങൾക്കിടയിലെ വ്യാപാര, നയതന്ത്ര ബന്ധങ്ങൾ മോശമായത് ഓഹരി വിപണികളെ തളർത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ, സേഫ്-ഹാവൻ അഥവാ പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം എന്ന പെരുമ കിട്ടുന്നതാണ് സ്വർണവിലയെ ഉയർത്തുന്നത്. ഓഹരികളെ കൈവിട്ട് ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപ പദ്ധതികളിലേക്ക് തിരിഞ്ഞിരിക്കുകയാണ് നിക്ഷേപകർ. ലോകത്തെ ഏറ്റവും വലിയ ഗോൾഡ് ഇടിഎഫ് ആയ എസ്പിഡിആർ ഗോൾഡ് ട്രസ്റ്റിലെ സ്വർണനിക്ഷേപം 905.81 മെട്രിക് ടൺ ആയിട്ടുണ്ട്. 2023 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയരമാണിത്.

Image: Shutterstock/R Photography Background
Image: Shutterstock/R Photography Background

യൂറോപ്പ്യൻ രാഷ്ട്രങ്ങളും യുഎസും തമ്മിലാണ് ഇപ്പോൾ താരിഫ് പോര് കൂടുതൽ മുറുകുന്നത്. യൂറോപ്പിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് ട്രംപ് 25% ഇറക്കുമതി തീരുവ ഈടാക്കുമെന്ന് അറിയിച്ചിരുന്നു. അമേരിക്കൻ വിസ്കിക്കുമേൽ 50% ഇറക്കുമതി തീരുവ ചുമത്തിക്കൊണ്ടാണ് യൂറോപ് ഇതിനെ തിരിച്ചടിച്ചത്. ഈ തീരുമാനം പിൻവലിച്ചില്ലെങ്കിൽ യൂറോപ്പിന്റെ വൈനിനും സ്പിരിറ്റിനും 200% തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണമുഴക്കിയിട്ടുണ്ട്.

Image: Shutterstock/Africa Studio
Image: Shutterstock/Africa Studio

യുഎസിൽ റീട്ടെയ്ൽ പണപ്പെരുപ്പം നിരീക്ഷകർ പ്രവചിച്ചതിനേക്കാൾ കുറഞ്ഞതും സ്വർണത്തിനാണ് അനുകൂലം. പണപ്പെരുപ്പം ഇനിയും കുറയുകയാണെങ്കിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവ് നിർബന്ധിതരാകും. പലിശനിരക്ക് കുറയുന്നത് ഡോളറിന്റെ മൂല്യം, യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്), ബാങ്ക് നിക്ഷേപ പലിശ എന്നിവയും കുറയാനിടയാക്കും. ഇതും സ്വർണനിക്ഷേപങ്ങളെ ആകർഷകമാക്കും; വില ഉയരും.

1185922058

നിലവിൽ രാജ്യാന്തരവില ഔൺസിന് 2,998 നിലവാരത്തിലേക്ക് താഴ്ന്നിട്ടുണ്ട്. വില റെക്കോർഡ് തകർത്തതു മുതലെടുത്ത് ഗോൾഡ് ഇടിഎഫിൽ ലാഭമെടുപ്പ് തകൃതിയാകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ വരുംദിവസങ്ങളിൽ രാജ്യാന്തര വിലയും ആനുപാതികമായി കേരളത്തിലെ വിലയും കുറയാം. മറിച്ചാണെങ്കിൽ വില പുതിയ റെക്കോർഡിലേക്കും നീങ്ങും. കേരളത്തിൽ വില ചരിത്രത്തിലാദ്യമായി പവന് 65,000 രൂപയും ഗ്രാമിന് 8,200 രൂപയും ഇന്നു ഭേദിച്ചു. വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം (Read Details). നാളെയും വില കൂടിയേക്കാമെന്ന സൂചനയാണ് ഇപ്പോൾ രാജ്യാന്തര വില നൽകുന്നത്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Safe-haven demand: gold crosses $3,000 for the first time

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com