ADVERTISEMENT

2025-2026 സാമ്പത്തിക വർഷത്തേക്കുള്ള കർണാടക സംസ്ഥാന ബജറ്റ് മാർച്ച് 7ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ മുസ്ലിം സമുദായത്തിൽപ്പെട്ട പെൺകുട്ടികൾക്ക് മാത്രമായി സ്വയം പ്രതിരോധ ക്ലാസുകൾക്ക് ധനസഹായം നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചതായി ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇത് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.

∙ അന്വേഷണം

ഫേയ്‌സ്‌ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റിലുള്ള ചിത്രത്തിലെ വാചകം ഇപ്രകാരമാണ്, “Hindu girl Swati brutally mu*rdered in Karnataka… One culprit Nayaz arrested by police… Irony is, in his budget, Karnataka CM Siddaramaiah has announced to give self-defence training only to girls from the Muslim community!!” മാർച്ച് 14നാണ് ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്.

ഹിന്ദു പെൺകുട്ടിയായ സ്വാതിയുടെ മരണത്തെക്കുറിച്ച് പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ചിട്ടുള്ള റിപ്പോർട്ട് അനുസരിച്ച്, 22കാരിയായ സ്വാതിയെ 2025 മാർച്ച് 6ന് കർണാടകയിലെ ഹാവേരി ജില്ലയിലെ തുങ്ങഭദ്ര നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. റിപ്പോർട്ടിൽ പറയുന്നത് പ്രകാരം, മാർച്ച് 13ന് ജില്ലയിലെ ഹിരെക്കെരൂർ പട്ടണത്തിൽ നിന്ന് 28കാരനായ നയാസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നയാസ് കുറ്റകൃത്യം സമ്മതിക്കുകയും ദുർഗ ചാരി ബാഡിഗർ, വിനായക് പൂജാർ എന്നിവർ തന്നെ സഹായിച്ചതായും അയാൾ വെളിപ്പെടുത്തി.

ശേഷം, പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ ക്ലാസുകളെക്കുറിച്ചുള്ള സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തെ കുറിച്ച് അറിയാൻ കീവേർഡ് സെർച്ച് ചെയ്തു. 2025 മാർച്ച് 8ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് കണ്ടെത്തി. ‘Train ’em young: Self-defence for 25k girls in 169 educational institutes in Karnataka.’ എന്നതായിരുന്നു റിപ്പോർട്ടിന്റെ തലക്കെട്ട്. ന്യൂനപക്ഷ ഡയറക്ടറേറ്റ് സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തുമെന്ന് ഇതിൽ പറഞ്ഞിട്ടുണ്ട്. “ന്യൂനപക്ഷ ഡയറക്ടറേറ്റ് നടത്തുന്ന 169 റെസിഡൻഷ്യൽ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന 25,000 വിദ്യാർഥിനികൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റിൽ പ്രഖ്യാപിച്ചു,” റിപ്പോർട്ടിൽ പറയുന്നു. 2025 മാർച്ച് 7ലെ ഇക്കണോമിക് ടൈംസ് റിപ്പോർട്ടും ന്യൂനപക്ഷ ഡയറക്ടറേറ്റ് നടത്തുന്ന 169 റെസിഡൻഷ്യൽ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർഥിനികൾക്ക് സ്വയം പ്രതിരോധ പരിപാടി നൽകുമെന്ന് വിശദീകരിക്കുന്നു.

2025-2026ലെ കർണാടക സംസ്ഥാന ബജറ്റിനെക്കുറിച്ചുള്ള രേഖയിലും ഇതേ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിന്റെ കീഴിലുള്ള 221ാം വകുപ്പിൽ ഇപ്രകാരം പറയുന്നുണ്ട്: “ന്യൂനപക്ഷ ഡയറക്ടറേറ്റ് നടത്തുന്ന 169 റെസിഡൻഷ്യൽ സ്കൂളുകളിലും/കോളേജുകളിലും പഠിക്കുന്ന 25,000 വിദ്യാർഥിനികൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകും.”

കർണാടകയിലെ ന്യൂനപക്ഷ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റ് അനുസരിച്ച്, മുസ്ലിം, ക്രിസ്ത്യൻ, ജൈന്‍, ബുദ്ധമത, സിഖ്, പാഴ്സി സമുദായങ്ങളാണ് ന്യൂനപക്ഷങ്ങളുടെ പരിധിയിൽ വരുന്നത്. പിന്നോക്ക ജാതി ഡയറക്ടറേറ്റിൽ നിന്ന് വേർതിരിച്ച് 1999-2000 വർഷങ്ങളിലാണ് ന്യൂനപക്ഷ ഡയറക്ടറേറ്റ് രൂപീകരിച്ചത്. ന്യൂനപക്ഷ സമുദായങ്ങളായി ഉള്‍പ്പെടുത്തിയിട്ടുള്ള വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായിരുന്നു ഇത്. ഇതിൽ നിന്ന്, കർണാടക ബജറ്റിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ച സ്വയം പ്രതിരോധ പരിശീലനം മുസ്ലിംകൾക്ക് മാത്രമല്ല, വിവിധ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട പെൺകുട്ടികൾക്കുമാണ് ഉദ്ദേശിക്കുന്നതെന്ന് സ്ഥിരീകരിച്ചു.

∙ വാസ്തവം

കർണാടക മുഖ്യമന്ത്രി സംസ്ഥാന ബജറ്റിൽ മുസ്ലിം പെൺകുട്ടികൾക്ക് മാത്രമായി സ്വയം പ്രതിരോധ പരിശീലനം പ്രഖ്യാപിച്ചുവെന്ന പ്രചാരണം തെറ്റാണ്. അദ്ദേഹം പ്രഖ്യാപിച്ച സ്വയം പ്രതിരോധ പരിശീലനം മുസ്ലിം പെൺകുട്ടികൾക്ക് മാത്രമല്ല, വിവിധ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട പെൺകുട്ടികൾക്കുമാണ്.

(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

The claim that Karnataka state budget allocates self-defense training only to Muslim girls is misleading.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com