വിഡിയോ കണ്ട് ഭക്ഷണം: കുട്ടികൾക്കുണ്ടാകും ദഹനക്കേട് മുതൽ പെരുമാറ്റ വൈകല്യം വരെ

Mail This Article
മൊബൈൽ ഫോണും ടിവിയും കാണിച്ചു കുഞ്ഞുങ്ങൾക്കു ഭക്ഷണം നൽകുന്ന ശീലം പ്രോത്സാഹിപ്പിക്കരുത്. ഇത് കുട്ടികളിൽ ദഹനക്കേട് പോലെയുള്ള ശാരീരിക പ്രശ്നങ്ങളും പെരുമാറ്റ വൈകല്യം പോലുള്ള മാനസിക പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് ശിശുരോഗ വിദഗ്ധ ഡോ.പി.ബിജ്‍ലി. മലയാള മനോരമയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പാലക്കാട് ജില്ലാ ഘടകവും ചേർന്നു നടത്തുന്ന ‘ഡോക്ടർ ഇൻ’ ഫോൺ ഇൻ പരിപാടിയിൽ മറുപടി നൽകുകയായിരുന്നു.
ഡിജിറ്റൽ ഉപകരണങ്ങളുമായി കൂടുതൽ കൂട്ടുകൂടുന്ന കുട്ടികൾ സംസാരിക്കാൻ വൈകുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കൂട്ടുകാരുമായി കളിക്കാൻ പോകില്ല. ഇതു വിശപ്പില്ലായ്മയ്ക്കും ഭക്ഷണത്തോടുള്ള ഇഷ്ടക്കുറവിനും കാരണമായി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.
6 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്കു മുലപ്പാൽ മാത്രം നൽകിയാൽ മതി. ചൂട് കാലമല്ലേ എന്നു കരുതി വെള്ളം, ജ്യൂസ് എന്നിവ നൽകരുത്. തേൻ, വയമ്പ്, ചന്ദനം, സ്വർണം എന്നിവയൊക്കെ അരച്ചു കുഞ്ഞുങ്ങൾക്കു നൽകുന്നതു കണ്ടിട്ടുണ്ട്. അതു വേണ്ട. കുഞ്ഞിന്റെ മൂക്കിലും ചെവിയിലും എണ്ണ ഇറ്റിക്കുക, മൂക്ക് ശുചിയാക്കാനായി തിരിയിടുക തുടങ്ങിയവ അണുബാധയും അതുവഴി ഗുരുതര പ്രശ്നങ്ങളുമുണ്ടാക്കും. മൂക്കിനും തലയ്ക്കും ആകൃതിയുണ്ടാകാൻ വേണ്ടി അവിടെ അമർത്തി തിരുമ്മുന്നവരുണ്ട്. ഇതു പാടില്ല. കുഞ്ഞിനെ കുളിപ്പിക്കുന്ന സമയത്തു ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ചു ചെറിയ രീതിയിൽ മസാജ് ചെയ്യാം. കുഞ്ഞുങ്ങളുടെ മുലക്കണ്ണ് തടിച്ചിരിക്കുന്നതു സാധാരണമാണ്. പതിയെ ശരിയാകും. അത് അമർത്തി അകത്തുള്ള ദ്രവം പുറത്തെടുക്കുന്നത് അണുബാധയുണ്ടാക്കും.

ചോദ്യങ്ങളും മറുപടിയും
Q മൂന്നുവയസ്സുള്ള കുട്ടിയാണ്. കുഞ്ഞിന്റെ തൊണ്ടയിൽ ടോൺസിൽസ് വീങ്ങിയതായി കാണുന്നു. ജലദോഷവും വായ തുറന്നു ശ്വാസമെടുക്കുന്നുമുണ്ട്.
A മൂന്നുവയസ്സു മുതൽ ടോൺസിൽസ്, ലിംഫോയ്ഡ് ടിഷ്യൂസ് (കഴലകൾ), മൂക്കിനു പിൻവശത്തുള്ള അഡിനോയ്ഡ് ദശ എന്നിവ വളരുന്ന കാലഘട്ടമാണ്. അതിനാൽ വീങ്ങിയതായി തോന്നും. വല്ലാതെ വീങ്ങുകയോ ചുവന്നു തടിക്കുകയോ ചെയ്താൽ വിട്ടുമാറാത്ത ജലദോഷം, തൊണ്ടവേദന, പനി, മുഖ രൂപത്തിൽ ചെറിയ വ്യത്യാസം, കൂർക്കംവലി എന്നിവ കാണാം. ഇതിനെ അഡിനോയ്ഡ് ഹൈപ്പർട്രോഫി എന്നാണു പറയുക. എൻഡോസ്കോപ്പി അല്ലെങ്കിൽ എക്സ്റേയിലൂടെ കണ്ടെത്താം. മൂക്കിൽ മരുന്നു ചീറ്റിച്ചു ചുരുക്കാനാകും. വലിയ തോതിൽ ശ്വാസതടസ്സമുണ്ടെങ്കിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
Q ഒരു വയസ്സും രണ്ടു മാസവും പ്രായമുള്ള കുഞ്ഞാണ്. 7 കിലോഗ്രാം മാത്രമാണു ഭാരം. ഭക്ഷണവും കഴിക്കുന്നില്ല. പ്രസവ സമയത്ത് 2.9 കിലോഗ്രാമും ആറുമാസമായപ്പോൾ 6 കിലോഗ്രാമും ഉണ്ടായിരുന്നു.
A ഒരു വയസ്സു കഴിഞ്ഞാൽ ഒപ്പമിരുത്തി ഭക്ഷണം കഴിക്കാൻ കുഞ്ഞിനെ ശീലിപ്പിക്കണം. നിർബന്ധിച്ചു ഭക്ഷണം കൊടുക്കരുത്. ഭക്ഷണം കൂടുതൽ തവണകൾ ആയി നൽകാം. രണ്ടു വയസ്സുവരെ മുലപ്പാൽ ഉറപ്പായും നൽകണം. കാലറി കൂട്ടാനായി കുറച്ചു നെയ്യ് ഭക്ഷണത്തിൽ ചേർത്തു നൽകാം. പാൽ, മുട്ട, പഴം, ഇലക്കറികൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പാട്ടുപാടിയും മറ്റു വിനോദ പരിപാടികളിലൂടെയും ഭക്ഷണം നൽകാം. കുട്ടികളെ കളിക്കാൻ വിടുന്നതു വിശപ്പ് കൂട്ടും. ബേക്കറി, ജങ്ക് ഫുഡ് എന്നിവ വിശപ്പ് കുറയ്ക്കും.
ശിശുരോഗ വിദഗ്ധന്റെ സഹായത്തോടെ കുട്ടിയുടെ വളർച്ചാ ചാർട്ട് തയാറാക്കുന്നതു നല്ലതാണ്. ആറു മാസം കൂടുമ്പോൾ കുട്ടിയുടെ ഉയരം, ഭാരം എന്നിവ രേഖപ്പെടുത്തി സൂക്ഷിച്ച് വളർച്ച നിരീക്ഷിക്കണം. അയേൺ കുറവു മൂലം ഉണ്ടാകുന്ന അനീമിയ മൂലവും വിശപ്പ് കുറയാം.
Q രണ്ടരവയസ്സുള്ള കുട്ടി എഴുന്നേറ്റു നിൽക്കുക മാത്രം ചെയ്യും. നടക്കില്ല. ഒന്നോ രണ്ടോ വാക്ക് സംസാരിക്കും. പ്രസവ സമയത്തു ശ്വാസംമുട്ടലുണ്ടായിരുന്നു. പിന്നീട് ഇരിക്കാനും നടക്കാനുമൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്താണു കാരണം ?
A സെറിബ്രൽ പാൾസി പോലുള്ള പ്രശ്നങ്ങളുണ്ടോയെന്നു പരിശോധിക്കണം. ജനന സമയത്തു കുട്ടി കരയുക, പിന്നീട് തല ഉറയ്ക്കുക, കമഴ്ന്നു കിടക്കുക, ഇരിക്കുക, നടക്കുക തുടങ്ങിയ കാര്യങ്ങൾ അതതു പ്രായത്തിൽ കുട്ടി ചെയ്യുന്നുണ്ടെന്ന് ഡോക്ടറെ കണ്ട് ഉറപ്പാക്കണം. പിന്നീട് വളർച്ചയുടെ ഓരോ ഘട്ടത്തിലും കുട്ടി പെൻസിൽ പിടിക്കുക പോലുള്ള വിരലുകൾ കൊണ്ടുള്ള ചെറിയ കാര്യങ്ങളും ചെയ്തു തുടങ്ങും. കുട്ടി ചിരിക്കുന്നുണ്ടോ, സംസാരിക്കാൻ ശ്രമിക്കുന്നുണ്ടോ, കണ്ണുകളിലേക്കു നോക്കുന്നുണ്ടോ, അപരിചിതരെ കണ്ടാൽ പരിഭവം കാണിക്കുന്നുണ്ടോ എന്നിവയും ഉറപ്പാക്കണം. കുട്ടിയുടെ കാഴ്ച, കേൾവി എന്നിവയും പരിശോധിച്ച് ഉറപ്പാക്കണം. ഇവ വൈകുന്നുണ്ടെങ്കിൽ പരിശോധിച്ച് കാരണം കണ്ടെത്തണം. ചിലപ്പോൾ ഫിസിയോതെറപ്പി, ഒക്യുപേഷനൽ തെറപ്പി തുടങ്ങിയവ ആവശ്യമായിവരാം. ജനിതക രോഗങ്ങളുണ്ടോയെന്നു പരിശോധിക്കാം. ഫിസിയോതെറപ്പി, സ്പീച്ച് തെറപ്പി എന്നിവയും ചെയ്യാം.
Q 45 ദിവസം പ്രായമുള്ള കുട്ടിയാണ്. രാത്രി വല്ലാതെ കരയുന്നു. ഗ്രൈപ്പ് വാട്ടർ കൊടുക്കുന്നകൊണ്ടു പ്രശ്നമുണ്ടോ ?
ചെറിയ കുഞ്ഞുങ്ങൾ കരയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാകും. ഗ്യാസ്ട്രബിൾ, വിശപ്പ്, ദാഹം, ചൂട്, കൊതുകുകടി, തണുപ്പ്, ഡയപ്പർ നനഞ്ഞാൽ, ശ്വാസതടസ്സം എന്നിവയൊക്കെയാകാം. അമ്മ നെഞ്ചോടു ചേർത്തു പിടിക്കാൻ വേണ്ടിയും കുഞ്ഞ് കരയാം. സാധാരണ 6 ആഴ്ച പ്രായമെത്തുമ്പോൾ ചിലപ്പോൾ പ്രത്യേകിച്ച് കാരണമില്ലാതെ കുഞ്ഞുങ്ങൾ തുടർച്ചയായി കരയാറുണ്ട്. നന്നായി തോളത്തുകിടത്തി തട്ടി ഗ്യാസ് കളയണം. പരിഭ്രമിക്കാതെ എടുത്തു നടന്നു സമാധാനിപ്പിച്ചു മുലയൂട്ടാം. ഛർദി, മയക്കം, പനി, മുലപ്പാൽ കുടിക്കാതിരിക്കുക, ശരീരത്തിൽ നീല നിറം, ശ്വാസംമുട്ടൽ തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിൽ ശിശുരോഗ വിദഗ്ധനെ കാണണം.